Latest NewsArticleKeralaNews

കര്‍ണാടകം കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആവുമോ? കാര്യങ്ങള്‍ രാഹുലിനും സിദ്ധരാമയ്യക്കും അനുകൂലമല്ല ബിജെപിയുടെ കരുനീക്കങ്ങള്‍ ശ്രദ്ധേയമാവും, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് വിശകലനം ചെയ്യുന്നു

കർണാടകം വീണ്ടും കോൺഗ്രസിന്റെ വാട്ടർലൂ ആവുമോ?. അതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നാണ് പ്രഥമ ദൃഷ്ട്യാ ആർക്കും ബോധ്യമാവുക. കോൺഗ്രസിന് പൊതുവെ നല്ല ശക്തിയുള്ള ഒരു സംസ്ഥാനത്ത് എല്ലാം കൈമോശം വരാതിരിക്കാനുള്ള ശ്രമങ്ങളാണ് നേതാക്കൾ നടത്തുന്നത്. ഏത് വിധേനയും അവിടെ അധികാരം നിലനിർത്തുക എന്നത് രാഹുൽ ഗാന്ധിയുടെ ആവശ്യമാണ്. അവിടെക്കൂടി പരാജയപ്പെട്ടാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുലിനും കോൺഗ്രസിനും ഒരു സ്ഥാനവുമില്ലാതാവും എന്നത് തിരിച്ചറിയുന്നു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല അതിനുമുൻപ് നടക്കാനിരിക്കുന്ന മധ്യപ്രദേശത്തെ ഛത്തിസ്‌ഗഢ് , രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലും അത് ബാധിക്കും. അതുകൊണ്ട് കോൺഗ്രസിന് രാഷ്ട്രീയരംഗത്ത് പിടിച്ചുനിൽക്കാൻ ആവുന്നുണ്ടോ എന്നതാണ് കർണാടകത്തിൽ നിന്ന് തിരിച്ചറിയുക. അതുകൊണ്ടൊക്കെത്തന്നെ ഏത് ഹീന മാർഗവും ഈ തിരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ കോൺഗ്രസും രാഹുൽ ഗാന്ധിയും തയ്യാറാവുന്നു. എന്നാൽ ഓരോ ദിവസം ചെല്ലുന്തോറും കാര്യങ്ങൾ അവർക്ക് വിഷമകരമാവുകയാണ്. ‘ബാലിശ’മായ പല രാഷ്ട്രീയ നീക്കങ്ങളും തിരിച്ചടിക്കുന്നു എന്നവർ ഇപ്പോൾ മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്. അതുതന്നെയാണ് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. ഇന്നത്തെ നിലക്ക് കോൺഗ്രസിന് അധികാരം നിലനിർത്താൻ പ്രയാസമാകും. എന്നാൽ ദിവസങ്ങൾ ഇനിയുമുണ്ട്. വിധിയെഴുത്തിന് .

സംഘടന ഒറ്റക്കെട്ടാണ് എന്നൊക്കെ പുറമെ പറഞ്ഞുനടക്കുമ്പോഴും സ്ഥാനാർഥി നിർണ്ണയം കോൺഗ്രസിന് വലിയ തലവേദന തന്നെയായിരുന്നു ; ഗ്രൂപ്പില്ല എന്നൊക്കെ അവകാശപ്പെടുമ്പോഴും വിഭാഗീയത അതിന്റെ മേൽത്തട്ടിൽ എത്തിനിൽക്കുന്നു. ഓരോ നേതാക്കളും തങ്ങളുടെ അനുയായികൾക്കായി സീറ്റ് ചോദിക്കുന്നു. ‘വിമതൻ’ ആയിട്ടാണെങ്കിലും മത്സരിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കൾ കുപ്പായമിട്ട് എന്തിനും തയ്യാറായി നിൽക്കുന്നു. ജാതി-മത ശക്തികളെ താലോലിച്ചതിന്റെ ഫലമായി അവരുടെ നേതാക്കളും സീറ്റുകൾക്കായി അവകാശവാദവുമായി മുന്നിലുണ്ട്. മതമൗലിക വാദികൾ, തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടവർ എന്നിവരൊക്കെ സീറ്റ് മോഹിച്ചുകൊണ്ട് കോൺഗ്രസ് ആസ്ഥാനത്തും മറ്റും കറങ്ങിനടക്കുന്നുണ്ട്. ഇതിനൊക്കെയിടയിലാണ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് സംസ്ഥാന സർക്കാർ ചെയ്തുകൂട്ടിയ നടപടികൾ ഒന്നൊന്നായി തിരിച്ചടിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും അവകാശപ്പെടുന്നത് പോലെ കാര്യങ്ങൾ അവർക്ക് തീരെ അനുകൂലമല്ല എന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തം. ബിജെപി അതിന്റെ അണിയറയിലെ രഹസ്യായുധങ്ങൾ പുറത്തെടുത്തിട്ടില്ല. അതുകൂടി പുറത്തുവന്നാൽ കാര്യങ്ങൾ വ്യക്തമാവും. അമിത്ഷാ ഓരോ നീക്കവും സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട് ; നരേന്ദ്ര മോഡി അടുത്തദിവസങ്ങളിൽ കർണാടകത്തിൽ എത്തുകയും ചെയ്യും.

എന്തുകൊണ്ടാണ് ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ട് എന്ന് കരുതുന്നത് ; എന്തുകൊണ്ടാണ് കോൺഗ്രസിന് വിജയിക്കുക അതീവ പ്രയാസകരമാണ് എന്ന് പറയുന്നത്. അതിലൂന്നിയാണ് ഈ ഒരു വിശകലനം . ഇത് പറയേണ്ടിവരുന്നത് കർണാടകത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് തീർച്ചയാണ് എന്ന് കോൺഗ്രസ് അനുകൂല മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിനാലാണ്. കോൺഗ്രസുകാർക്ക് അങ്ങിനെ പറഞ്ഞെ തീരൂ. അവർ തലയിലേറ്റി നടക്കുന്ന മാധ്യമങ്ങൾ അതേറ്റു ചൊല്ലുന്നു. ചില പ്രീ- പോൾ സർവേകൾ പുറത്തുവന്നത് കോൺഗ്രസ് താല്പര്യം സംരക്ഷിക്കാനാണ്. എന്നാൽ അത് ഇന്നിപ്പോൾ കോൺഗ്രസിന് തന്നെ വിനയായിരിക്കുന്നു എന്നതാണ് യാഥാർഥ്യം . ജയിക്കുമെന്നും കോൺഗ്രസ് മുഖ്യമന്ത്രി വീണ്ടും ഉണ്ടാവുമെന്നും (കോൺഗ്രസ് അനുകൂല ) പ്രീ പോൾ സർവേകൾ കാണിച്ചതോടെ കോൺഗ്രസ് നേതാക്കൾ സുരക്ഷിത മണ്ഡലം തേടാൻ തുടങ്ങി. പ്രമുഖർക്കൊക്കെ ഒന്നിലേറെ മണ്ഡലങ്ങൾ വേണം മത്സരിക്കാൻ. അതുമാത്രമല്ല, കോൺഗ്രസിലെ ഗ്രൂപ്പ് വൈരികൾ തങ്ങളുടെ എതിരാളികളുടെ പരാജയം ഉറപ്പാക്കാനുള്ള യത്നങ്ങളും തുടങ്ങിക്കഴിഞ്ഞു. വിമതന്മാരെ കുപ്പായമിടീച്ച് നിർത്തിയിരിക്കുന്നത് പ്രതിയോഗി ജയിക്കില്ലെന്ന് ഉറപ്പിക്കാനാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി പ്രസിഡന്റും രണ്ടുമണ്ഡലങ്ങളിൽ മത്സരിക്കാൻ തയ്യാറാവുന്നത് ഈ ആഭ്യന്തര ഭീഷണികൊണ്ടുതന്നെയാണ്. അതുകൊണ്ടൊക്കെയാണ് ബിജെപി അവരുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിട്ട് ദിവസങ്ങൾ ആയെങ്കിലും കോൺഗ്രസിന് അതിന് കഴിയാതെവന്നത്. ഒരു പക്ഷെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം വരെ, ഏപ്രിൽ 24 വരെ, കോൺഗ്രസുകാർ സ്ഥാനാർഥി നിർണ്ണയം വൈകിപ്പിച്ചുകൂടായ്കയുമില്ല. വേണ്ടിവന്നാൽ കോൺഗ്രസുകാരെ ചിലയിടങ്ങളിൽ പരീക്ഷിക്കാൻ തയ്യാറാണ് എന്ന സൂചനകൾ ചില ബിജെപി നേതാക്കൾ നൽകിയതും കോൺഗ്രസ് നേതൃത്വത്തിന്റെ തലവേദന വർധിപ്പിക്കുന്നതിനാണ് സഹായിച്ചത്. ആ പ്രസ്താവന ബിജെപി പ്രതീക്ഷിച്ച ഫലമുണ്ടാക്കി എന്നർത്ഥം. പകുതിസീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതൊക്കെ ദേശീയ നേതൃത്വം ഏറെക്കുറെ തീരുമാനിച്ചുകഴിഞ്ഞുവെങ്കിലും. കോൺഗ്രസിലുണ്ടാവാനിടയുള്ള ‘ആഭ്യന്തര കലാപം’ എത്രമാത്രമാവും എന്നത് കാത്തിരിക്കുകയാണ് ബിജെപി എന്ന് വ്യക്തം.

ലിംഗായത്ത് പ്രശ്നം തിരിച്ചടിക്കുന്നു

എന്നും ബിജെപിക്കൊപ്പം നിന്നിരുന്ന ലിംഗായത്ത് സമുദായത്തെ അവരിൽ നിന്ന് അകറ്റാനും അവരെ സ്വന്തം കുടക്കീഴിൽ അണിനിരത്താനുമാണ് സിദ്ധരാമയ്യ സർക്കാർ തയ്യാറായത്. ലിംഗായത്ത്‌ വിഭാഗത്തെ ഒരു പ്രത്യേക മതമായി പ്രഖ്യാപിച്ചു; അവർക്ക് ന്യൂനപക്ഷ പദവി നൽകി. ഇത്തരത്തിൽ തീരുമാനമെടുത്തത് വലിയ വിവാദമായിരുന്നു. എന്നാൽ അവിടെ ബിജെപി വ്യക്തമായ നിലപാടാണ് എടുത്തത്. ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിൽക്കാൻ കഴിയില്ല എന്ന നിലപാട്. മാത്രമല്ല മത- ന്യൂനപക്ഷ പദവി അവർക്ക് കൊടുക്കാനാവുമോ എന്ന ആശങ്കയും ബിജെപി പ്രകടിപ്പിച്ചുകഴിഞ്ഞു. ഇവിടെ നാം കാണേണ്ട ഒരു കാര്യം, ബിഎസ് യെദിയൂരപ്പ എന്ന ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നും ലിംഗായത് വിഭാഗത്തിന്റെ കണ്ണിലുണ്ണിയായിരുന്നു. അദ്ദേഹവും ആ സമുദായത്തിൽനിന്നുള്ളയാളാണ്. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം ലിംഗായത്തുകൾ എന്നും ബിജെപിക്ക് വോട്ടുചെയ്‌തുപോന്നു. ആ കുത്തക തകർത്താൽ ബിജെപി നശിക്കുമെന്നും കോൺഗ്രസിന് മേൽക്കൈ കിട്ടുമെന്നുമാണ് സിദ്ധരാമയ്യ – രാഹുൽ ഗാന്ധി പ്രഭൃതികൾ കണക്കുകൂട്ടിയത്. ശരിയാണ് ലിംഗായത്തുകളുടെ കുറെ ആചാര്യന്മാർ, സന്യാസിവര്യന്മാർ, അതിനൊപ്പം നിൽക്കുന്നുണ്ട്. പക്ഷെ അതൊന്നും ബിജെപിയെ അലട്ടിയിട്ടില്ല. കോൺഗ്രസ് എടുത്ത വിവാദ നിലപാട് എങ്ങിനെ തങ്ങൾക്ക് അനുകൂലമായി പ്രയോജനപ്പെടുത്താൻ കഴിയും എന്നത് സംബന്ധിച്ച് ബിജെപി നിശ്ചയിച്ചിട്ടുണ്ട് . അതാണ് നരേന്ദ്ര മോഡി- അമിത് ഷാ മാജിക്.

സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പ്രത്യേക മതമായി ലിംഗായത് സമുദായത്തെ പ്രഖ്യാപിച്ചത് കൊണ്ടോ അവർക്ക് മതന്യൂനപക്ഷ പദവി നൽകിയത് കൊണ്ടോ അവർക്കിടയിൽ ബിജെപിക്കുള്ള സ്വാധീനം വല്ലാതെ കുറഞ്ഞിട്ടില്ല എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. മറ്റൊന്ന്, ഒരുകാലത്തും ആ സമുദായം മുഴുവനായി ബിജെപിക്കൊപ്പം നിന്നിട്ടുമില്ല. ആ വിഭാഗത്തിലെ ഒരു അന്പത് ശതമാനം വോട്ട് എന്നും ബിജെപിക്ക് നേടാനായിട്ടുണ്ട്. അത് ഏറ്റവുമധികം ലഭിച്ചത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. 2013 ൽ . അന്ന് യെദിയൂരപ്പ സ്വന്തം പാർട്ടിയുമായി മത്സരിക്കുകയായിരുന്നു എന്നതോർക്കുക. കെജെപി എന്ന പാർട്ടി. ആ തിരഞ്ഞെടുപ്പിൽ യെദിയൂരപ്പക്ക് ലിംഗായത്തുമാർക്കിടയിൽ നിന്ന് നാല്പത് ശതമാനം വോട്ട് ലഭിച്ചു; ബിജെപിക്ക് കിട്ടിയത് 20 ശതമാനം. വേണമെങ്കിൽ ആ വിഭാഗത്തിലെ അറുപത് ശതമാനം വോട്ട് ഇന്നിപ്പോൾ ബിജെപിക്ക് കിട്ടണം എന്നൊക്കെ പറയാം. അന്ന് കോൺഗ്രസിന് ആ സമുദായത്തിൽ 35 ശതമാനത്തിന്റെ പിന്തുണ ലഭിച്ചിരുന്നു എന്നതും മറന്നുകൂടാ. ഇപ്പോൾ സിദ്ധരാമയ്യ സർക്കാർ സ്വീകരിച്ച നിലപാടുകൾ കൊണ്ട് ലിംഗായത്തുമാരിൽ നിന്ന് കൂടിയാൽ പത്ത് ശതമാനം വോട്ട് കൂടി കോൺഗ്രസിന് ലഭിച്ചേക്കാം. ഏറിയാൽ 45 – 48 ശതമാനം വരെ. എന്നാൽ അൻപത് ശതമാനം വോട്ട് ഇപ്പോഴും ബിജെപിക്ക് ലഭിക്കുമെന്നത് തീർച്ചയാണ്.

എന്തുകൊണ്ടാണ് ബിജെപിക്ക് ഇത്ര ആത്മവിശ്വാസം?. ലിംഗായത് സമുദായത്തിൽ ആർഎസ്എസ് -വിഎച്ച്പി- ബിജെപി തുടങ്ങിയവക്കുള്ള സ്വാധീനം അത്രയേറെയാണ്. കാലങ്ങളായി നിലനിന്നുവരുന്നതാണ് ആ ബന്ധം. അതൊരു രക്ത ബന്ധം പോലെയാണ്. സംഘസംസ്കാരം മനസിലേറ്റിയവർക്ക് രാഷ്ട്രീയക്കളികൾക്ക് മുന്നിൽ അതൊക്കെ ഉപേക്ഷിക്കാനാവില്ല എന്നത് കോൺഗ്രസ് തിരിച്ചറിയണമെങ്കിൽ ഇത്തവണത്തെ വോട്ടെണ്ണൽ കഴിയണം. ഒരു പ്രത്യേക മതമായി പ്രഖ്യാപിച്ചത് കൊണ്ടോ ന്യൂനപക്ഷ പദവി നൽകുമെന്ന് വാഗ്ദാനം ചെയ്തത് കൊണ്ടോ ബിജെപിക്കുള്ള സ്വാധീനമൊന്നും ഇല്ലാതാവാൻ പോകുന്നില്ല എന്നർത്ഥം . മാത്രമല്ല ഇത്തരം പ്രത്യേക പദവിയും മറ്റും, ഇനി ലഭിച്ചാൽ തന്നെ, ഗുണം ചെയ്യുന്നത് ചെറിയ ഒരു ന്യൂനപക്ഷത്തെയാണ് ; സ്കൂളുകൾ കോളേജുകൾ മറ്റ്‌ സ്ഥാപനങ്ങൾ എന്നിവയൊക്കെ നടത്തുന്ന ലിംഗായത്തുമാരെ. അതിലെല്ലാമുപരി, ലിംഗായത്തുകാരനായ യെദിയൂരപ്പ മുഖ്യമന്ത്രിയാവുന്നത് തടയാനാണ് ഇത്തരമൊരു തട്ടിപ്പുമായി കോൺഗ്രസ് ഇറങ്ങിയിരിക്കുന്നത് എന്നുള്ള ബിജെപി പ്രചാരണം നന്നായി അവിടെ വിലപ്പോവുന്നുമുണ്ട്. യെദിയൂരപ്പ എന്നതല്ല പ്രശ്നം അതിലുപരി ഒരു ലിംഗായത്തുകാരൻ മുഖ്യമന്ത്രിയാവുന്നത് തടയുക എന്നതാണ് ഗൂഢ പദ്ധതി എന്നത് ആ വിഭാഗത്തിൽ വേണ്ടപോലെ ഏറ്റിട്ടുണ്ട്. അതുകൊണ്ട് ലിംഗായത് കാർഡ് കളിച്ചുകൊണ്ട് ബിജെപിയെ തകർക്കാം എന്നുള്ള സങ്കൽപ്പമൊക്കെ കോൺഗ്രസിനെ നാളെ നിരാശരാക്കുകയെ ഉള്ളൂ.

മറ്റൊന്ന് കൂടി കാണേണ്ടതുണ്ട്. ലിംഗായത് സന്യാസിമാർ ആ സമുദായത്തിനുള്ളിൽ അവസാനവാക്കാണ് എന്നുമറ്റുമുള്ള പ്രസ്താവനകൾ അത്രക്കൊക്കെയെ കണക്കിലെടുക്കേണ്ടതുള്ളു. ശരിയാണ് ഈ സന്യാസിമാരെ ഹിന്ദു സമൂഹം അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു. എന്നാൽ അവർ രാഷ്ട്രീയത്തിൽ നേരിട്ട് ഇറങ്ങിയപ്പോൾ എല്ലാം വേണ്ടുന്ന പ്രതികരണം ലഭിച്ചിട്ടില്ല. ഒരു ഉദാഹരണം മാത്രം ഞാൻ തൽക്കാലം സൂചിപ്പിക്കാം. 2004- ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ലിംഗായത് വിഭാഗത്തിലെ ഒരു സന്യാസിനി, ജഗദ്‌ഗുരു മാതാ മഹാദേവി, മത്സരരംഗത്ത് വന്നിരുന്നുവല്ലോ. ധാർവാഡ് നോർത്ത് മണ്ഡലത്തിലാണ് അവർ മത്സരിച്ചത്. ബിജെപിയുടെ മുതിർന്ന നേതാവ് പ്രഹ്‌ളാദ്‌ ജോഷിയെ പരാജയപ്പെടുത്താനായിരുന്നു ആ നീക്കം. പക്ഷെ അന്ന് ബിജെപി സ്ഥാനാർഥി മാന്യമായ വിജയം കരസ്ഥമാക്കി. പ്രഹ്ലാദ് ജോഷിക്ക് 3,85,084 വോട്ടും കോൺഗ്രസിലെ ബിഎസ് പാട്ടീലിന് 3,02,006 വോട്ടും കിട്ടിയപ്പോൾ ജെഡിഎസിന് ലഭിച്ചത് 52572 വോട്ടാണ് ; നമ്മുടെ ബഹുമാനപ്പെട്ട സന്യാസിനിക്ക് കിട്ടിയത് വെറും 27,616 വോട്ട് . ജെഡിഎസിന് കിട്ടിയതിന്റെ ഏതാണ്ട് പകുതി വോട്ട് മാത്രം. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള ഒരു മണ്ഡലത്തിലാണ് ഇതെന്നതും പറയേണ്ടതുണ്ട്. അത് പൂജ്യ സ്വാമിമാരിൽ അത്യധികം വിശ്വാസമർപ്പിക്കുന്ന കോൺഗ്രസുകാർ ഓർമ്മിക്കുന്നുണ്ടോ ആവോ?. ഇതുമാത്രമല്ല, ബിജെപിക്ക് അനുകൂലമാവുന്ന വേറെ ഒട്ടനവധി ഘടകങ്ങളുണ്ട്. അതൊക്കെ അടുത്തദിവസമാവാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button