അമ്പനാകുളങ്ങര ബംഗ്ലാ പറമ്പില്‍ ഹാരിസ് സലീമിന്റെ വീട്ടില്‍ അപ്രതീക്ഷതമായി എത്തിയ ഡ്രോണിനെകണ്ട് വീട്ടുകാർ പരിഭ്രാന്തിയിലായി. ഇന്നലെ ഉച്ചയ്ക്ക് ഊണ് കഴിക്കുന്ന സമയത്താണ് വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തറിങ്ങിയത്. വീട്ടുമുറ്റത്ത് ഒരു ഡ്രോണ്‍ ( ഹെലിക്യാമറ ) വട്ടമിട്ടു പറക്കുന്നു. സംഭവം പിടികിട്ടാതെ വീട്ടുകാര്‍ ആശങ്കയിലായി. അല്പ നേരം പറന്ന ശേഷം ഇത് ഭിത്തിയില്‍ ഇടിച്ചു താഴെ വീണു.
ആദ്യം ഹാരിസിന്റെ മകന്‍ ഡ്രോണ്‍ എടുത്തു നോക്കി. എന്നാൽ വീട്ടുകാര്‍ ഭയന്നിരുന്നു. ഇത് ഹെലിക്യാം ആണെന്ന് തിരിച്ചറിഞ്ഞിട്ടും വീട്ടുമുറ്റത്തു അപ്രതീക്ഷതമായി പറന്നു വന്നു വീണതില്‍ ഭീതി തോന്നിയെന്നു ഹാരിസ് പറയുന്നു. പിന്നീട് ഹാരിസ് ഈ ഡ്രോണ്‍ മണ്ണഞ്ചേരി പൊലീസിനെ ഏല്‍പ്പിച്ചു.
പോലീസ് അന്വേഷണത്തിൽ ഡ്രോണ്‍ മണ്ണഞ്ചേരി നേതാജി ജങ്ഷനിൽ സ്റ്റുഡിയോ നടത്തുന്ന വ്യക്തിയുടെതാണെന്ന് കണ്ടെത്തി . പുതിയ ഡ്രോണ്‍ വാങ്ങിയ ശേഷം സ്റ്റുഡിയോയില്‍ നിന്ന് നടത്തിയ പരീക്ഷണ പറക്കലായിരുന്നു ഇത്. പക്ഷേ കഷ്ടകാലത്തിനു ഡ്രോണിന്റെ ജിപിഎസിന്റെ നിയന്ത്രണം വിട്ടു പോയി. അങ്ങനെയാണ് ഇത് ഹാരിസിന്റെ വീട്ടിലെത്തിയതെന്നു പോലീസ് പറഞ്ഞു.
Post Your Comments