ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവു കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയായ ഫെയ്സ്ബുക്ക് ഡാറ്റ ചോര്‍ന്ന വിഷയത്തില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ ഹലോ ആപ്ലീക്കേഷനെ സ്വീകരിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ടെക്ലോകം. ലോകത്ത് സോഷ്യല്‍ മീഡിയകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഫേസ്ബുക്ക് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ജനഹൃദയങ്ങള്‍ കീഴടക്കിയ സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഓര്‍ക്കുട്ടിന്റെ സ്ഥാപകന്‍ തന്നെയാണ് ഹലോ ആപ്പും നിര്‍മ്മിച്ചിരിക്കുന്നത്.
വിപ്ലവകരമായ മാറ്റങ്ങളാണ് സോഷ്യല്‍ മീഡിയ രംഗത്ത് ഓര്‍ക്കുട്ട് സംഭാവന ചെയ്തത്. 2004ല്‍ നിലവില്‍ വന്ന ഓര്ക്കുട്ടിന് രൂപം നല്‍കിയത് ഓര്‍ക്കുട്ട് ബുയോകോട്ടന്‍ എന്ന ടര്‍ക്കിഷ് സോഫ്റ്റ്വെയര് എന്‍ജിനിയറാണ്. ശരവേഗത്തിലാണ് ഓര്‍ക്കുട്ട് സേവനങ്ങളിലേക്ക് ആളുകള്‍ ചേക്കേറിയത്. എന്നാല്‍ ഫെയ്സ്ബുക്കും പിന്നാലെ വാട്ട്സാപ്പും സോഷ്യല്‍ മീഡിയ രംഗം കയ്യടക്കിയോടെ ഓര്‍ക്കുട്ടിനു നിലനില്‍പ്പ് ഇല്ലാതായി. എന്നാല്‍ ഡാറ്റ ചോര്‍ച്ച വിവാദങ്ങള്‍ ഫെയ്സ്ബുക്കിന്റെ നിലനില്‍പ്പിനു ഭീഷണിയുയര്‍ത്തുമ്പോഴാണ് ഹലോയുടെ വരവ്. തന്റെ പുതിയ ആപ്പിലൂടെ വന്‍ തിരിച്ചു വരവു നടത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഓര്‍ക്കുട്ട് ബുയോക്കോട്ടന്.
25 കോടിയിലധികമാണ് ഇന്ത്യയിലെ ഫെയ്സ്ബുക്ക് വരിക്കാര്‍. ഫെയ്സ്ബുക്കിനറെ സ്ഥാനത്തേക്ക് ചുറവുടപ്പിച്ച് വിപണി കീഴടക്കാന്‍ ഹലോയ്ക്ക് സാധിക്കുമോ എന്നാണ് ഐടി ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലും ബ്രസീലിലുമായിരുന്നു ഓര്‍ക്കുട്ടില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നത്. ഇതേ സ്വീകാര്യത തന്നെ ഹലോയ്ക്കും ഇന്ത്യന്‍ മനസില്‍ ലഭിക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം. ഫെയ്സ്ബുക്കിനേക്കാള്‍ സുരക്ഷ ഹലോ ഉറപ്പാക്കുന്നു എന്ന വാഗ്ദാനം തുറുപ്പുചീട്ടാക്കിയാണ് ഓര്‍ക്കുട്ട് ബുയോകോട്ടന്‍ ടെക് ലോകം കീഴടക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments