Latest NewsKeralaNews

അവധിക്കാലത്ത് കുട്ടികളെ ബന്ധുക്കളുടെ വീട്ടിൽ കൊണ്ടുവിടുന്ന മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ഒരു ഡോക്ടറുടെ കുറിപ്പ്

അവധിക്കാലം എത്തിയതോടുകൂടി കുട്ടികളെ അടുത്ത വീടുകളിൽ കൊണ്ടുവിടുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ഡോ. ഷിനു ശ്യാമളൻ.ഫേസ്ബുക്കിലൂടെയാണ് ഷിനു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ ഭാഗങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കുക. അങ്ങനെ തൊടുകയോ, ഉമ്മവെക്കുകയോ, ചെയ്യുകയാണെങ്കിൽ അമ്മയോടൊ, അച്ഛനോടോ പറയണം എന്ന് പറയണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സ്വകാര്യ ഭാഗങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കുക. അങ്ങനെ തൊടുകയോ, ഉമ്മവെക്കുകയോ, ചെയ്യുകയാണെങ്കിൽ അമ്മയോടൊ, അച്ഛനോടോ പറയണം എന്ന് പറയുക. ഇത് പല രക്ഷകർത്താക്കളും കുട്ടികളോട് പറയാൻ മടിക്കുന്നു. മടിക്കേണ്ട കാര്യം ഒന്നും തന്നെയില്ല, നിങ്ങൾ തീർച്ചയായും കുട്ടികളോട് ഇത്‌ പറയണം.

“No” അല്ലെങ്കിൽ “അരുത്” എന്ന് പറയുവാൻ കുട്ടികളെ പഠിപ്പിക്കുക.അങ്കിൾ ആണല്ലോ നോ പറയണോ എന്ന് ചിന്തിക്കാതെ, ആരായാലും നോ പറയേണ്ട സാഹചര്യം ആണെങ്കിൽ പറയുക എന്ന് പഠിപ്പിക്കുക.

എന്തും മക്കൾക്ക് തുറന്ന് രക്ഷകർത്താകളോട് പറയുവാനുള്ള സ്വാതന്ത്ര്യം കൊടുക്കുക. എന്തിനും ഏതിനും വഴക്കു പറഞ്ഞു അവരിൽ നിങ്ങളോട് അകാരണമായ ഭയം ഉണ്ടാക്കാതെയിരിക്കുക.

വേദനയോടെ തന്നെ കുറിക്കട്ടെ കൂടുതലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർ അധികവും അടുത്ത ബന്ധുക്കളോ, അവരെ അടുത്ത് അറിയാവുന്നവരോ ആകാം. നമ്മൾ കുട്ടികളെ മുതിർന്നവരെ അനുസരിക്കുവാൻ പഠിപ്പിക്കുന്നു. പക്ഷെ കുട്ടികളോട് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ തൊട്ടാൽ അവരെ അനുസരിക്കേണ്ടതില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്നുണ്ടോ? അതു കൂടി കുട്ടികളോട് പറയുക.

കുട്ടികളെ അടുത്ത വീടുകളിലോ ബന്ധുക്കളുടെ വീട്ടിലോ ആക്കി ജോലിയ്ക്ക് പോകുന്നവർ ഒരു വ്യക്തിമാത്രമുള്ള വീടുകൾ അല്ലാതെയുള്ള വീടുകളിൽ ആക്കുന്നതാവും നല്ലത്.

രാത്രി കുട്ടികളെ കഴിവതും ഉറങ്ങുവാൻ നേരമാകുമ്പോൾ തിരികെ വീട്ടിൽ കൊണ്ടുവരാൻ സാധിക്കുമെങ്കിൽ അതാകും നല്ലത്. പല കുട്ടികളും രാത്രികളിൽ ബന്ധുക്കൾ പോലും അവരെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാം.

“മോനെ,അല്ലെങ്കിൽ മോളെ നമുക്കു ഒരു കളി കളിക്കാം. മോന്റെ അവിടെ ചേട്ടൻ തൊടാം. മോൻ ചേട്ടന്റെ അവിടെയും തൊടണം, എന്ന രീതിയിൽ ഒരു ഗെയിം അല്ലെങ്കിൽ ഇതൊരു കളിയായി അവതരിപ്പിക്കുന്നു. അതുകൊണ്ട് കുട്ടികളോട് രക്ഷകർത്താക്കൾ പറയുക ഒരു രീതിയിലും സ്വകാര്യ ഭാഗങ്ങളിൽ തൊടുന്നത് കളിയല്ലെന്നും, ആരെങ്കിലും നിർബന്ധിച്ചാൽ വന്നു പറയുവാനും പഠിപ്പിക്കുക.

“നീ വീട്ടിൽ പറഞ്ഞാൽ നിനക്ക് തന്നെയാ നാണക്കേട് ” അല്ലെങ്കിൽ ” നീ വീട്ടിൽ പറഞ്ഞാൽ രക്ഷകർത്താക്കൾ വിഷമിക്കും, നിന്നെ അവർ അടിക്കും” എന്നോക്കെ പറഞ്ഞു കുട്ടികളെ അവർ ഭയപ്പെടുത്താം. കുട്ടികളോട് നിങ്ങൾ പറയണം നിങ്ങൾക്ക് എന്ത് വിഷമം വന്നാലും എന്നോട് പറയണം, സ്വകാര്യ ഭാഗങ്ങളിൽ തോട്ട് ഉപദ്രവിച്ചാൽ തീർച്ചയായും പറയണം. അമ്മയ്ക്ക് ദേഷ്യം വരില്ല കേട്ടോ. തുറന്ന് പറയണം എന്ന് പഠിപ്പിക്കുക.

ഇതൊക്കെ ആണെങ്കിലും ചിലപ്പോൾ അവർ നിങ്ങളിൽ നിന്ന് മോശം അനുഭവങ്ങൾ പല കാരണകൾ കൊണ്ട് മറച്ചു വെക്കാം. പീഡിപ്പിക്കപ്പെടുന്ന 10 കുട്ടികളിൽ ഒരു കുട്ടി മാത്രമേ ഇതിനെകിരിച്ചു രക്ഷകർത്താക്കളോട് തുറന്നു പറയാറുള്ളൂ. അതുകൊണ്ട് കുട്ടികളിൽ പതിവില്ലാത്ത മാറ്റം പെരുമാറ്റത്തിലോ, സംസാരത്തിലോ, പഠനത്തിലോ ഉണ്ടായാൽ ശ്രദ്ധിക്കുക. വിഷമിക്കാതെ അവരോട് തുറന്ന് സംസാരിക്കുക. അച്ഛനോ, അമ്മയ്ക്കോ ആകാം. എന്നിട്ടും ഫലം കണ്ടില്ലെങ്കിൽ ഒരു സൈക്കളോജിസ്റ്റിനെ കുട്ടിയെ കാണിക്കുക.

ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും അവരെ സസൂക്ഷ്മം ശ്രദ്ധിക്കുക. തിരക്കു പിടിച്ച ജീവിതത്തിൽ അവരെ ശ്രദ്ധിക്കുവാൻ പ്രത്യേകം ശ്രമിക്കണം. വിടർന്നു വരുന്ന പനിനീർപ്പൂക്കളാണ് അവർ. അതിൽ ഒരു കൃമിയും കടന്നു കൂടി അതിന്റെ ഇതളുകൾ പോലും കേടു വരരുത്. അനുവദിക്കരുത്.

ഡോ.ഷിനു ശ്യാമളൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button