ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ ഇടപെടല്‍. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കറിന്‌റെ പങ്കു ചുണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് പ്രതിഷേധിച്ചിരുന്നു. ശേഷം ഇദ്ദേഹം പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തു.എനാല്‍ മൃതദേഹം സംസ്‌കരിക്കുന്നത് അലഹബാദ് ഹൈക്കോടതി താല്‍കാലികമായി തടയുകയായിരുന്നു.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതില്‍ തന്‌റെ ഭര്‍ത്താവ് കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സകുടുംബം ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ബിജെപി എംഎല്‍എയുടെ ഭാര്യ സംഗീത സെങ്കര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. പെണ്‍കുട്ടിയെഴുതിയ കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കുട്ടിയുടെ പിതാവിന്‌റെ സംസ്‌കാരം കോടതി ഇടപെട്ട് വിലക്കിയത്. കേസിന്‌റെ തുടര്‍വാദം വ്യാഴാഴ്ച്ച കോടതി കേള്‍ക്കും. മുന്‍പ് യുപി ഡിജിപി ഒ.പി സിങ്ങുമായി ബിജെപി എംഎല്‍എയുടെ ഭാര്യ സംഗീത കൂടികാഴ്ച്ച നടത്തിയിരുന്നു. തന്‌റെ ഭര്‍ത്താവിനേയും മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയേയും നുണ പരിശോധനയ്ക്കു വിധേയരാക്കണമെന്ന ആവശ്യവുമായാണ് സംഗീത ഡിജിപിയെ കണ്ടത്. എംഎല്‍എയും സഹോദരന്മാരും ചേര്‍ന്ന് തന്നെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇതോടെ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിങ്ങും പൊലീസ് കസ്റ്റഡിയിലായി.
പെണ്‍കുട്ടി പരാതി നല്‍കിയ ശേഷം തന്‌റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മര്‍ദ്ദനത്തില്‍ വയറിനു ക്ഷതമേറ്റതിനാല്‍ പിതാവിനെ ആശുപത്രിയില്‍ എത്തിച്ചെന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തിന്‌റെ പിറ്റേന്നു തന്നെ പിതാവ് മരിച്ചു. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‌റെ വീടിനു മുന്‍പില്‍ വച്ച് ആത്മഹത്യയ്ക്കും പെണ്‍കുട്ടി ശ്രമിച്ചിരുന്നു. മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാത്രമല്ല കൃത്യവിലോപം ചുണ്ടിക്കാട്ടി ഉന്നാവ് സ്റ്റേഷനിലെ ആറുപേരെ സസ്‌പെന്‌റ് ചെയ്തു. കുടലിനു പരുക്കേറ്റതിനെ തുടര്‍ന്നുണ്ടായ അണുബാധ കടുത്തതിനാലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്‌റെ വിശദീകരണം. എന്നാല്‍ എങ്ങനെ പരുക്കു പറ്റി എന്നതിന് വ്യക്തമായ മറുപടി പൊലീസില്‍ നിന്ന് ലഭിച്ചിട്ടില്ല. പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായ സംഭവവും പിതാവിന്‌റെ കസ്റ്റഡി മരണവും അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്‌റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നാണ് സൂചന.
Post Your Comments