പെരിന്തല്‍മണ്ണ : സിനിമ കാണാനെത്തിയ യുവതിയെ പിന്നിലിരുന്നു നിരന്തരം ശല്യം ചെയ്ത യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയെ ശല്യം ചെയ്ത മൂന്നു പേരെ പെരിന്തല്‍മണ്ണ പൊലിസ് അറസ്റ്റു ചെയ്തു. കീഴാറ്റൂര്‍ ആലിക്കപ്പറമ്പ് കുന്നത്തൊടി ഷരീഫ്(42), കീഴാറ്റൂര്‍ ചൂരക്കുത്ത് ഷൗക്കത്തലി (36), കീഴാറ്റൂര്‍ പരുത്തിക്കുത്ത് ലുഖ്മാനുല്‍ ഹക്കീം (36) എന്നിവരാണ് പോലീസ് പിടിയിലായത്.
കൊളത്തൂര്‍ സ്വദേശിയായ യുവതിയും ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ സിനിമ തിയ്യേറ്ററില്‍ സിനിമ കാണുന്നതിനിടെ പിറകിലെ സീറ്റിലിരുന്നിരുന്നവര് യുവതിയെ ശല്യം ചെയ്യുകയായിരുന്നു. പിറകിലിരുന്നവരോട് മാന്യമായി ഇരിക്കാന്‍ യുവതിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ശല്യം വീണ്ടും തുടര്‍ന്നു. ശല്യം സഹിക്കാന്‍ വയ്യാതെയായതോടെ യുവതി സീറ്റ് മാറിയിരുന്നെങ്കിലും പിറകിലിരിക്കുന്നയാള്‍ തിയ്യേറ്ററില്‍ നിന്നും പുറത്തേക്കിറങ്ങി വീണ്ടും യുവതിക്ക് പിറകിലെ സീറ്റില്‍ വന്നിരിക്കുകയും ശല്യം തുടരുകയും ചെയ്തു.
തുടര്‍ന്ന് തിയേറ്റര്‍ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് സംഘം സിനിമ അവസാനിക്കുന്നതിനു മുന്‍പു തന്നെ പ്രശ്നക്കാരെ പിടികൂടുകയും ചെയ്തു. ഞായറാഴ്ച ഒമ്പതരയോടെയാണ് സംഭവം ഉണ്ടായത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു
Post Your Comments