തെറിയും തല്ലിക്കൊല്ലലും മൂക്കിടിച്ച് പപ്പടമാക്കുകയും ചെയ്തു അരങ്ങ് വാഴുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മള്‍ കാണുന്നത്. അതിനൊപ്പം വീണ്ടും ഉരുട്ടികൊലകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിര്‍മ്മിച്ച വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ജീവനെടുക്കുന്നാ കാഴ്ചകള്‍ക്കാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത്. ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കക്കയം മുതല്‍ നിരവധി ഉരുട്ടികൊലകള്‍ മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഇതിനെല്ലാം പിന്നില്‍ പോലീസിന്റെ രാഷ്ട്രീയവത്കരണവുമാണ്.
പ്രണയത്തിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ ഒരു യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിട്ട് രണ്ടു വര്‍ഷമാകുന്നതെയുള്ളൂ. ശ്രീജിവിന്റെ മരണത്തിനു ഉത്തരവാദികളായ പോലീസുകാര്‍ ഇപ്പോഴും ജോലിയില്‍ സുഖിച്ചു കഴിയുകയാണ്. അതിനെതിരെയാണ് സഹോദരന്‍ ശ്രീജിത്ത് സമരവുമായി സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിയത്. സിബിഐ അന്വേഷണം വരെ ശ്രീജിത്ത് സമരം തുടര്‍ന്നു. ഇതുപോലെ ഒന്നും രണ്ടും പ്രശ്നമല്ല ദിനം തോറും ഉണ്ടാകുന്നത്. ഇപ്പോഴിതാ പോലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ തുടരുന്നതിന്റെ തെളിവാണ് വാരാപ്പുഴയിലും നടന്നത്. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. ഈ കേസില്‍ വീട്ടില്‍ നിന്നും പിടിച്ച ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കൂടാതെ കുടിക്കാന്‍ വെള്ളം പോലും കൊടുത്തിട്ടില്ലെന്നും വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷം തന്റെ സഹോദരന് ഏല്‍ക്കേണ്ടി വന്നത് പൊലീസിന്റെ ക്രൂരമര്‍ദ്ദനമായിരുന്നുവെന്ന് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്ത് പറയുന്നു. വണ്ടിയിലും,സ്റ്റേഷനിലും വെച്ച് പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലായിട്ടും ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും രഞ്ജിത്ത് ആരോപിക്കുന്നു. അസഹ്യമായ വയറുവേദനയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ ആശുപത്രിയില്‍ എത്തിച്ച ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു.
ശ്രീജിത്തിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം പിടിച്ചുകൊണ്ടു പോകുക യായിരുന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നു. വയറിന് ഗുരുതര പരിക്കേറ്റ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവന്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല. രാവിലെ സ്റ്റേഷനില്‍ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിനോടും പൊലീസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. അതിനിടയില്‍ പോലീസിനു തിരിച്ചടിയായി ശ്രീജിത്തിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും കൈയോ കാലോ ഉപയോഗിച്ച് മര്‍ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ചെറുകുടലിലും മുറിവുണ്ട്. ഇതാണ് മരണകാരണമെന്നും റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നതോടെ പോലീസ് ഒന്നുകൂടി പ്രതിരോധത്തിലായി. ആന്തരികാവയവങ്ങളിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രിയില്‍നിന്നുള്ള ചികിത്സാരേഖയില്‍ പറയുന്നത്..
പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.പിയുടെ നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നിരവധി ഉയരുന്നത്തോടെ ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. വ്യക്തിപരമായും രാഷ്ട്രീയപരമായും ഉള്ള വൈരാഗ്യം തീര്‍ക്കാന്‍ ഉള്ള വേദിയായി പോലീസ് സ്റ്റേഷനുകള്‍ മാറുകയാണോ? പിണറായി സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് ഇങ്ങനെ അധപതിക്കുമ്പോള്‍ പാവപ്പെട്ടവനെ തല്ലിക്കൊല്ലുന്ന കേരള പോലീസ് ഇനി എന്ന് നന്നാവാന്‍!
Post Your Comments