KeralaLatest NewsNews

പോലീസ് ചവിട്ടിക്കൊന്നത് നിരപരാധിയെ: അനുജനെ തേടിയെത്തിയവർക്ക് കിട്ടിയത് ജ്യേഷ്ഠനെ: മർദ്ദനത്തിൽ വൻകുടൽ തകർന്നു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് മരിച്ചതിന് പിന്നില്‍ പൊലീസിന്റെ ക്രുര മര്‍ദ്ദനം തന്നെ. എറണാകുളം വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പില്‍ എസ്.ആര്‍. ശ്രീജിത്താണ് (26) കസ്റ്റഡി മരണത്തിന് ഇരയായത്. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് പ്രതി ചേർത്തതായിരുന്നു ശ്രീജിത്തിനെ. വീടാക്രമണത്തില്‍ മനംനൊന്ത് വാസുദേവന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. ഈ കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. എന്നാല്‍ വീടാക്രമണത്തില്‍ പോലും ശ്രീജിത്ത് പങ്കാളിയായിരുന്നില്ല.

ശ്രീജിത്തിന്റെ അനുജന്‍ സജിത്തായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സജിത്തിനെ പിടികൂടാനെത്തിയ പൊലീസ് വീട്ടിലുണ്ടായിരുന്ന ശ്രീജിത്തിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയ മഫ്തി പൊലീസ് ,ഉറങ്ങിക്കിടന്ന ഇരുവരെയും പിടികൂടുമ്പോള്‍ ജ്യേഷ്ഠന്‍ ശ്രീജിത്ത് പ്രതിയല്ലെന്ന് സജിത്ത് വിളിച്ചു പറഞ്ഞിരുന്നു. അത് ചെവിക്കൊള്ളാതെ ശ്രീജിത്തിനെ വലിച്ചിഴച്ച്‌ ബൂട്ടിന് ചവിട്ടിയാണ് പൊലീസുകാര്‍ വാഹനത്തില്‍ കയറ്റിയത്. വയറിന് ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടെന്ന് ഭാര്യ അഖിലയുടെ മൊഴിയുണ്ട്.

ബൂട്ടിട്ടുള്ള തൊഴിയുടെയും ചവിട്ടിന്റെയും ആഘാതത്തിൽ ശ്രീജിത്തിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു. പൊലീസിന്റെ തെറ്റിദ്ധാരണയാണ് എസ്.ആര്‍. ശ്രീജിത്തിന്റെ അറസ്റ്റിനും ക്രൂരമായ മര്‍ദ്ദനത്തിനും ഇടയാക്കിയത്. തുളസീദാസെന്ന ശ്രീജിത്തായിരുന്നു കേസിലെ മുഖ്യപ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.ഇയാൾ ആണെന്ന് ധരിച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതും മർദ്ദിച്ചതും. പ്രതിയെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറുനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന ചട്ടവും പൊലീസ് ലംഘിച്ചു.

എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനം ഏറ്റില്ലെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ കസ്റ്റഡി മരണം അല്ലെന്നു വരുത്താനാണ് ശ്രമം. വീടാക്രമണത്തിനിടെ ശ്രീജിത്തിന് മര്‍ദ്ദനമേറ്റുവെന്നും അതാണ് മരണ കാരണമെന്നും പൊലീസ് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതുവരേയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടില്ല.വയറുവേദന, മൂത്രതടസം, ഛര്‍ദ്ദില്‍ എന്നിവയാണ് കാരണങ്ങളായി പൊലീസ് നിരത്തിയത്. അത്യാഹിത വിഭാഗത്തിലെ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റെന്ന് വ്യക്തമായി.

read more :പോലീസ് മര്‍ദ്ദന കൊലപാതകം : ഇന്ന് ബിജെപി ഹര്‍ത്താല്‍

ഇതോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി ഏഴു മണിയോടെ മരണം സംഭവിച്ചു. വന്‍ കുടലിനും ചെറുകുടലിനും ഗുരുതരമായ ക്ഷതമേറ്റെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. വന്‍കുടല്‍ പൊട്ടി ഭക്ഷണപദാര്‍ത്ഥങ്ങള്‍ രക്തത്തിലേക്ക് കലര്‍ന്നു. ഇതുമൂലമുള്ള അണുബാധ കിഡ്‌നി, കരള്‍ എന്നിവയിലേക്ക് ബാധിച്ചു. ടൈല്‍ പണിക്കാരനാണ് ശ്രീജിത്ത്. അഖില ഭാര്യ. മൂന്നു വയസുള്ള ആര്യനന്ദ മകള്‍. പൊലീസ് മര്‍ദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

ആശുപത്രിയിലായപ്പോള്‍ ആരും ലോക്കപ്പ് മര്‍ദ്ദനത്തെ പറ്റി പരാതി പറഞ്ഞില്ലെന്നാണ് റൂറല്‍ എസ് പിയുടെ വാദം. എന്നാല്‍ പരാതി പറഞ്ഞിരുന്നുവെന്നും അത് ആരും ഗൗനിച്ചില്ലെന്നും ശ്രീജിത്തിന്റെ കുടുംബം പറയുന്നു. അതിനിടെ ശ്രീജിത്ത് കസ്റ്റഡിയിലായിരിക്കെ മരിച്ച സംഭവത്തോടെ കൂട്ടുപ്രതികളുടെ ബന്ധുക്കളും ആശങ്കയറിച്ച്‌ രംഗത്തെത്തി. ശ്രീജിത്തിന്റെ ഒപ്പം അറസ്റ്റിലായവര്‍ക്കും ഗുരുതരമായ മര്‍ദ്ദനം ഏറ്റതായി ബന്ധുക്കള്‍ പ്രതികരിച്ചു. മറ്റുപ്രതികൾക്ക് പരിക്കേറ്റതായി ബന്ധുക്കളും പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഇന്ന് വാരാപ്പുഴയിൽ ബിജെപി ഹർത്താൽ ആചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button