കണ്ണൂര്‍: ഒരു ദിവസംകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഒരുപാട് വൈറലായ ഒരു വീഡിയോ ആയിരുന്നു ദീപ എന്ന യുവതി തന്റെ 90 വയസ്സുള്ള അമ്മുമ്മയെ ക്രൂരമായി മര്‍ദിക്കുന്നത്. ാട്‌സാപ് ദൃശ്യങ്ങളും ചാനല്‍ വാര്‍ത്തകളും മുന്‍നിര്‍ത്തി ദീപയെ (39) മാര്‍ച്ച് 19നു പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും, ആ ജീവിതത്തിലെ ദുരിതങ്ങള്‍ തിരിച്ചറിഞ്ഞതോടെ കരുണയുടെ കരങ്ങള്‍ സഹായത്തിനെത്തുകയായിരുന്നു. മൂന്നു സെന്റിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ദീപയും അമ്മയും അമ്മൂമ്മയും, രണ്ടിലും അഞ്ചിലും പഠിക്കുന്ന രണ്ടു മക്കളും കഴിഞ്ഞിരുന്നത്.
എന്നാല്‍ ഇനി അവര്‍ക്ക് ആ ദുരിതം അനുഭവിക്കേണ്ടി വരില്ല. കാരണം കുറേ സന്മനസുകളുടെ സഹായത്തോടെ ദീപയ്ക്കും കുടുംബത്തിനും ലഭിച്ചത് ഒരു പുതിയ വീട് ആണ്. ആയിക്കര ഉപ്പാലവളപ്പിലെ ദീപയും മക്കളും ഇനി ‘പുതിയ’ വീട്ടിലേക്ക്. രണ്ടു പെണ്‍കുട്ടികളും, വയോധികരായ രണ്ട് അമ്മമാരുമൊത്ത് ആയിക്കരയിലെ ചെറിയ വീട്ടില്‍ ദുരിതങ്ങള്‍ക്കു നടുവില്‍ കഴിയുകയായിരുന്ന ദീപയ്ക്കു സുമനസ്സുകളുടെ കാരുണ്യത്തിലാണു പുതിയ തണലൊരുങ്ങുന്നത്. ആയിക്കരയിലെ പഴയ വീട് അറ്റകുറ്റപ്പണി നടത്തി നന്നാക്കുകയായിരുന്നു. ഈ മാസം 11നു വൈകിട്ടു മൂന്നിനാണു ഗൃഹപ്രവേശം. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
ദീപയും മക്കളുമാണ് ഇനി ഈ വീട്ടില്‍ കഴിയുക. അമ്മ ജാനകിയും (70) അമ്മൂമ്മ കല്യാണിയും (90) സമീപത്തെ അഗതി മന്ദിരമായ അത്താണിയില്‍ തുടരും. ഭര്‍ത്താവു നാടുവിട്ടു പോയതോടെ തയ്യല്‍ക്കടയില്‍ ജോലി ചെയ്താണു ദീപ കുടുംബം പുലര്‍ത്തിയിരുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ മകള്‍ക്കു നേരെ അതിക്രമത്തിനു ശ്രമമുണ്ടായതോടെ ജോലിക്കും പോകാതായി. റേഷന്‍ കാര്‍ഡ് എപിഎല്‍ ആയിരുന്നതിനാല്‍ വെറും രണ്ടു കിലോ അരി മാത്രമാണു മാസത്തില്‍ കിട്ടിയിരുന്നത്. ആരോടും ദേഷ്യം കാണിക്കാനില്ലാത്ത നിസ്സഹായാവസ്ഥയില്‍, കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളുടെ നിമിഷങ്ങളിലാണ് അമ്മയെ തല്ലിപ്പോയതെന്നു ദീപ പിന്നീടു പറഞ്ഞു.
തങ്ങളെ ഇക്കാലമത്രയും സംരക്ഷിച്ചു പോരുന്ന മകളോട് ഒരു വിരോധവുമില്ലെന്ന് ആ അമ്മമാരും ഏറ്റുപറഞ്ഞിരുന്നു. ദുരിതകഥ പുറത്തറിഞ്ഞതോടെ കുടുംബത്തിന്റെ സംരക്ഷണം അത്താണി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. മനോരമ വാര്‍ത്തയെ തുടര്‍ന്നു സിവില്‍ സപ്ലൈസ് മന്ത്രി നേരിട്ട് ഇടപെട്ടു റേഷന്‍ കാര്‍ഡ് ബിപിഎല്‍ വിഭാഗത്തിലേക്കു മാറ്റിയിട്ടുമുണ്ട്.
Post Your Comments