ചാത്തന്നൂർ: വ്യാജ ഡ്രൈവിങ് ലൈസൻസുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ. കല്ലമ്പലം കേന്ദ്രീകരിച്ച് ഇവർ പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. വ്യാജ ലൈസൻസുമായി ഒരാളെ മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡ് പിടികൂടിയതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത്തിന്റെ നേതൃത്വത്തിൽ കല്ലമ്പലത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ അമിത ലോഡുമായി വന്ന ടിപ്പർ ലോറിഡ്രൈവറുടെ ലൈസൻസ് പരിശോധിച്ചപ്പോഴാണ് വ്യജ ലൈസെൻസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
നെയ്യാറ്റിൻകര സബ് ആർ.ടി.ഒ ഓഫിസിൽനിന്ന് വിതരണം ചെയ്ത 20/1982/2004 എന്ന നമ്പറിലുള്ള ലൈസൻസായിരുന്നു ലോറി ഡ്രൈവർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കാണിച്ചത്. ഈ ലൈസൻസിൽ സംശയം തോന്നിയ എം.വി.ഐ ശരത് മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ കയറി ഈ ലൈസൻസ് സംബന്ധമായ രേഖകൾ പരിശോധിച്ചപ്പോൾ ഇതു മറ്റൊരാളുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. നെയ്യാറ്റിൻകര സബ് ആർ.ടി.ഒ ഓഫിസുമായി ബന്ധപ്പെടുകയും ഈ ലൈസൻസ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നെയ്യാറ്റിൻകര പുതിയതുറ സ്വദേശി ജയശങ്കറിന്റെ പേരിലുള്ളതാണ് ഈ ലൈസൻസെന്ന് കണ്ടെത്തി.
വ്യാജ ലൈസൻസുമായി ലോറി ഓടിച്ചുവന്ന കരവാരം വെള്ളല്ലൂർ സ്വദേശി ഷൈനിനെയും (34) പാറ കയറ്റിവന്ന ലോറിയും വ്യാജ ലൈസൻസും ചാത്തന്നൂർ പൊലീസിന് റിപ്പോർട്ട് സഹിതം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈമാറി. ഷൈനിനെ ചോദ്യം ചെയ്തപ്പോഴാണ് കല്ലമ്പലം കേന്ദ്രമാക്കി വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമിച്ച് നൽകുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
10 വർഷം മുമ്പ് ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെട്ടതിനെ തുടർന്നാണ് കല്ലമ്പലത്തുനിന്നും വ്യാജ ലൈസൻസ് സംഘടിപ്പിച്ചതെന്നാണ് പിടിയിലായ ഷൈൻ പൊലീസിനോട് പറഞ്ഞത്. ഇയാൾക്കെതിരെ ചാത്തന്നൂർ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ജില്ലയിൽ വ്യാപകമായി വ്യാജ ലൈസൻസുകൾ ഇവർ നിർമിച്ച് നൽകിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
Post Your Comments