
സ്വതന്ത്ര വാര്‍ത്താചാനലിന് അപ്രഖ്യാപിത വിലക്ക്. പാക്കിസ്ഥാനിലെ സ്വതന്ത്ര വാര്‍ത്താചാനലായ ജിയോ ടിവിക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ചാനല്‍ നീക്കംചെയ്യാന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്മാരുടെമേല് സൈന്യം സമ്മര്‍ദം ചെലുത്തി. രാജ്യത്തെ മിക്ക ഭാഗങ്ങളിലും ഇന്നലെ ജിയോ ടിവി ലഭിച്ചില്ല. പാക് കരസേനാധിപന് ജനറല്‍ ഖമര്‍ ജാവേദ് ബാജ്വയെ വിമര്‍ശിക്കുന്ന പല റിപ്പോര്‍ട്ടുകളും ഈയിടെ ജിയോ ടിവിയില്‍ വന്നിരുന്നു.
പാക് ഭരണത്തില്‍ എലായ്പ്പോഴും സൈന്യം സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്ത് 80 ശതമാനം സ്ഥലത്തും ജിയോ ടിവി ലഭിക്കുന്നില്ലെന്ന് ജിയോ ചീഫ് എക്സിക്യൂട്ടീവ് ഇബ്രാഹിം റഹ്മാന് പറഞ്ഞു. എന്നാല്‍ ചാനലിനു യാതൊരു ഔദ്യോഗിക വിലക്കുമില്ലെന്നു പാക്കിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി പറഞ്ഞു. ആഭ്യന്തരമന്ത്രി അഹ്സന് ഇഖ്ബാലും വിലക്കൊന്നുമില്ലെന്നാണു പറഞ്ഞത്.
ചുരുക്കം പ്രധാന മന്ത്രിമാരേ സൈന്യത്തോടു പോരടിച്ചു നിന്നിട്ടുള്ളൂ. അത്തരക്കാരെ പുറത്താക്കാന്‍ സൈന്യം ചരടുവലിക്കുന്നതും രഹസ്യമല്ല. ജിയോ ടിവിക്കെതിരേ സൈന്യം മുന്‍പും നീങ്ങിയിട്ടുണ്ട്. 2014-ല്‍ ചാനലിനു 15 ദിവസത്തേക്കു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. പാക് ചാരസംഘടന ഐഎസ്ഐ, ജിയോ ടിവിയുടെ ഒരു അവതാരകന്റെ മേലുള്ള ആക്രമണത്തിനു പിന്നിലുണ്ടായിരുന്നു എന്നു റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണത്.
Post Your Comments