ദമാം: സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടി മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്തതിന് ജയിലിലായ മലയാളി വീട്ടുജോലിക്കാരിക്ക് ഇനി ആശ്വസിക്കാം. ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവര്‍ നാട്ടിലേയ്ക്ക് മടങ്ങി. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് സഊദിയിലെത്തിയ എറണാകുളം സ്വദേശിനിയായ മെര്‍ലിന്‍ ജോണ്‍ ബ്രിട്ടോയാണ് ഒടുവില്‍ നാട്ടിലേക്ക് തിരിച്ചത്.
സൗദി സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയ ഇവര്‍ ജോലിസാഹചര്യങ്ങള്‍ വളരെ മോശമായതിനാല്‍ അവിടുന്ന് ഒളിച്ചോടി ചില പരിചയക്കാരുടെ സഹായത്തോടെ മറ്റു സ്ഥലങ്ങളിലെ വീടുകളില്‍ ജോലി ചെയ്തു വരികയായിരുന്നു. വാഹന യാത്രക്കിടെ പൊലിസ് നടത്തിയ പരിശോധനയില്‍ താമസ രേഖ ഇല്ലാത്തതിന് ഇവരെ പിടികൂടുകയും അനധികൃതമായി ജോലി ചെയ്തതിനും ഒളിച്ചോടിയതിനും കോടതി എട്ടുമാസത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും പാസ്സ്പോര്‍ട്ടും മറ്റു രേഖകളും ഇല്ലാത്തതിനാല്‍ മെര്‍ലിന് ജയിലില്‍ തന്നെ കഴിയേണ്ടി വന്നു.
തുടര്‍ന്ന് നവയുഗം സാമൂഹ്യ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെടുകയും എംബസിയുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങള്‍ നീക്കുകയായിരുന്നു. നാട്ടിലെ ബന്ധുക്കള്‍ വിമാനടിക്കറ്റ് അയച്ചു കൊടുത്തതിനെ തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്.
Post Your Comments