തിരുവനന്തപുരം : മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം എന്ന പദവി ഇനി കേരളത്തിന്. മസ്തിഷ്ക മരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയും സംശയങ്ങളും പരിഹരിക്കാൻ ഹൈക്കോടതി
നിര്‍ദ്ദേശപ്രകാരമാണ് ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയത്. ശാസ്ത്രീയ പരിശോധനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതെന്ന് ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് മന്ത്രി കെ .കെ ശൈലജ പറഞ്ഞു.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന പരിശോധനകള്‍ക്ക് മുമ്പുള്ള മുന്‍കരുതല്‍, തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തല്‍, ആപ്നിയോ ടെസ്റ്റ് എന്നീ മൂന്ന് പ്രധാന ഘട്ടത്തിലൂടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കേണ്ടത്. അന്താരാഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച് രൂപംകൊടുത്ത മസ്തിഷ്ക മരണ മാര്‍ഗരേഖ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്.
കോമയിലായ വ്യക്തി വെന്റിലേറ്ററിലാണെങ്കില്‍ മാത്രമേ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന പ്രക്രിയ ആരംഭിക്കാവൂ. മരണം സ്ഥിരീകരിക്കുന്ന നാല് ഡോക്ടര്‍മാരില്‍ ഒരാള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളയാളാകണം. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ ആറുമണിക്കൂര്‍ ഇടവിട്ട് രണ്ടു ഘട്ടമായി ആപ്നിയോ ടെസ്റ്റ് നടത്തി ജീവിതത്തിലേക്ക് തിരികെവരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടശേഷമേ മസ്തിഷ്ക മരണം സ്ഥിരീകരിക്കാവൂ. സ്ഥിരീകരണം ഫോം പത്തില്‍ (ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ റൂള്‍സ് 2014) രേഖയാക്കി മെഡിക്കല്‍ റെക്കോഡിലും ഇമെഡിക്കല്‍ റെക്കോഡിലും സൂക്ഷിക്കണം.
സ്ഥിരീകരിച്ച നാല് ഡോക്ടര്‍മാരും ഫോമില്‍ ഒപ്പുവയ്ക്കണം. രണ്ടാമത്തെ ആപ്നിയോ ടെസ്റ്റിനുശേഷം മസ്തിഷ്കമരണം സ്ഥിരീകരിച്ച് വിവിധ പരിശോധനാഫലങ്ങളെപ്പറ്റി ബന്ധുക്കളെ അറിയിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
Post Your Comments