ചെറുപുഴ : കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ സിപിഐ എമ്മിലേയ്ക്ക്. നേതൃത്വത്തിന്റെ അഴിമതിയിലും ഏകാധിപത്യ പ്രവണതയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് മലയോരമേഖലയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സിപിഐ എമ്മില്‍ ചേരാനൊരുങ്ങുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് തോമസ് കുഴിമറ്റം, ഐ എന്‍ടിയുസി നേതാവും കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പി ആര്‍ വിജയന്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും യോഗാചാര്യനുമായ കെ ദാമോദരന്‍ എന്നിവരാണ് സിപിഐ എമ്മുമായി സഹകരിച്ച‌് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
നേതൃത്വത്തിന്റെ അഴിമതിയിലും സമുദായവഞ്ചനയിലും പ്രതിഷേധിച്ച് മുസ്ലീംലീഗ് പെടേന ശാഖ മുന്‍ പ്രസിഡന്റുമാരായ എം സിദ്ദിഖ്, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ കഴിഞ്ഞദിവസം സിപിഐ എമ്മുമായി സഹകരിച്ച‌് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. രാജിച്ചവര്‍ക്ക് ശനിയാഴ്ച ചെറുപുഴയില്‍ സ്വീകരണം നല്‍കും. വൈകിട്ട് നാലിന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. അടുത്തിടെ നിരവധി പേരാണ് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ചെറുപുഴയിലെ കോണ്‍ഗ്രസ് അഴിമതിക്കാരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് രാജിച്ചവര്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടിവിരുദ്ധ നടപടികള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഭീഷണി നിലനില്‍ക്കുന്നതായും ഇവര്‍ പറഞ്ഞു.
Post Your Comments