Latest NewsKeralaNews

ജേക്കബ് തോമസ് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായില്ല

തിരുവനന്തപുരം : സർക്കാർ നിയോഗിച്ച അച്ചടക്ക സമിതിക്കു മുൻപാകെ ഡിജിപി ജേക്കബ് തോമസ് ഹാജരായില്ല. ഇന്നലെ മൂന്നിനു ഹാജരാകാനാണു നോട്ടിസ് നൽകിയിരുന്നത്. സസ്പെൻഷനിൽ കഴിയുന്ന ജേക്കബ് തോമസിനെതിരായ വകുപ്പുതല നടപടിയുടെ ഭാഗമായാണു നോട്ടിസ് നൽകിയത്.

ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ വിശദീകരണം നേരത്തേ സർക്കാർ തള്ളിയിരുന്നു.

അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണു സമിതിയിൽ. ഈ സമിതിക്കു മുന്നിൽ ജേക്കബ് തോമസിനു നിലപാടു വ്യക്തമാക്കാനും വാദിക്കാനും അവസരമുണ്ട്. ഇന്നലെ ഹാജരാകാത്ത സാഹചര്യത്തിൽ സമിതി ഏകപക്ഷീയമായി റിപ്പോർട്ട് നൽകുമോ, അതോ ജേക്കബ് തോമസിനു വീണ്ടും അവസരം നൽകുമോയെന്നു വ്യക്തമല്ല.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതി പരാതിയിൽ രഹസ്യാന്വേഷണം നടത്തിയ വ്യക്തി സമിതിയിൽ ഉള്ളതിനാൽ സമതിക്കു മുന്നിൽ ഹാജരാകാൻ സാധ്യത കുറവാണെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനകം തെളിവെടുപ്പു പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണു സമിതിയോടു സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ ജേക്കബ് തോമസിന്റെ വിശദീകരണം ചീഫ് സെക്രട്ടറി തള്ളിയ സാഹചര്യത്തിൽ സമിതിയിൽനിന്നു കൂടുതൽ അനുകൂല തീരുമാനം അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. മുൻപു തനിക്കെതിരെ പ്രമേയം പാസാക്കുകയും തന്നെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഐഎഎസ് അസോസിയേഷനിൽ ഉൾപ്പെട്ട സമതി അംഗങ്ങളിൽനിന്നു നീതി ലഭിക്കില്ലെന്ന നിലപാടിലാണു ജേക്കബ് തോമസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button