
തിരുവനന്തപുരം: വേളി വ്യവസായ എസ്റ്റേറ്റിലെ കമ്പനിക്കുള്ളില്‍ ഉടമസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യവസായ എസ്റ്റേറ്റില്‍ മെറ്റാകെയര്‍ അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഉടമയായ ആക്കുളം മംഗലത്തുകോണം ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി സുരേഷ് ഇ.പി.(50)യെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യവസായ വകുപ്പ് ഉടമസ്ഥാവകാശം നല്കിയ സ്ഥലം പാട്ടത്തിനാക്കി മാറ്റുകയും ഇതിനു 63 ലക്ഷത്തോളം രൂപ ആവശ്യപ്പെടുകയും ചെയ്തതായി വ്യവസായികളുടെ അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സുരേഷിന് ഈ പണം നല്‍കാനുള്ള കഴിവില്ലായിരുന്നു. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യവസായവകുപ്പിന്റെ ക്രൂരതയാണ് തന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു. സ്ഥലവില ഉയര്‍ന്നെന്നും ഒരു സെന്റിന് ആറരലക്ഷം രൂപ കണക്കാക്കി പത്തു സെന്റിന് 63 ലക്ഷം വ്യവസായ വകുപ്പിന് അടയ്ക്കണമെന്നും ജില്ലാ വ്യവസായ വകുപ്പില്‍ നിന്ന് സുരേഷിനെ അറിയിച്ചു. ഇല്ലെങ്കില്‍ സ്ഥലം വിട്ടുനല്‍കാനും അറിയിപ്പുണ്ടായി.
ഇത് ഓഹരി ഉടമകളെ അറിയിക്കാന്‍ കഴിഞ്ഞദിവസം വൈകീട്ട് മൂന്നിന് കമ്പനിയില്‍ വിശദീകരണയോഗം വിളിച്ചിരുന്നു. മീറ്റിങ്ങിന് പങ്കെടുക്കാനെത്തിയവരാണ് കമ്പനിക്കുള്ളില്‍ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്റ്റേറ്റിനുള്ളിലെ പത്തു സെന്റിന്റെ ഉടമസ്ഥാവകാശവും ലഭിച്ചിരുന്നു. 2016-ല്‍ കമ്പനി വിപുലീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. കൂടുതല്‍ പേരെ സഹ ഉടമകളാക്കുകയും ചെയ്തു. മെറ്റാകെയര്‍ എന്‍ജിനീയേഴ്സ് ആന്‍ഡ് പൗഡര്‍ കോട്ടേഴ്സ് എന്ന് പേരു മാറ്റി പുതിയ കമ്പനി തുടങ്ങാന്‍ ജില്ലാവ്യവസായ വകുപ്പില്‍ അപേക്ഷ നല്കി.
ഇതിനു ഒരു വര്‍ഷമായി ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും അനുമതി ലഭിച്ചില്ലെന്നും വ്യവസായികളുടെ അസോസിയേഷന് പ്രതിനിധികള്‍ പറയുന്നു. തൃശ്ശൂര്‍ ഇടവ മുണ്ടത്തിക്കോട് സ്വദേശിയായ സുരേഷ് വര്‍ഷങ്ങളായി വിദേശത്തായിരുന്നു. തിരിച്ചെത്തിയശേഷമാണ് അനുജന് ഷാജികുമാറുമായി ചേര്‍ന്ന് വേളിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനി തുടങ്ങിയത്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തി വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ഷീന ബായി. മകന് സഞ്ജയ് എസ്. (എന്‍ജിനീയറിങ് വിദ്യാര്‍ഥി). വ്യവസായി ആത്മഹത്യചെയ്ത സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് അറിയിച്ചു.
Post Your Comments