ദുബായ് : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 21 കോടി രൂപ (12 ദശലക്ഷം ദിര്‍ഹം) സ്വന്തമാക്കിയ ആ മലയാളി ഒടുവില്‍ രംഗത്തു വന്നു- ആ ജോണ്‍ വര്‍ഗീസ് ഞാന്‍ തന്നെ. ഞങ്ങള്‍ എട്ടുപേരാണ് ആ കോടികള്‍ സ്വന്തമാക്കിയത്.
ദുബായ് ജുമൈറ ലെയ്ക് ടവേഴ്സിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായ പത്തനംതിട്ട ആറന്മുള പീടികയില്‍ വീട്ടില്‍ ജോണ്‍ വര്‍ഗീസാണ് ഈ മാസം മൂന്നിന് എടുത്ത നറുക്കെടുപ്പില്‍ ജേതാവായത്. തൊട്ടടുത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ കാസര്‍കോട് ഉദുമ സ്വദേശി അനീഷ് കുമാറും മറ്റു ജീവനക്കാരുമാണ് ബാക്കിയുള്ളവര്‍. 50, 100 ദിര്‍ഹം വീതം മുടക്കിയാണ് എല്ലാവരും ചേര്‍ന്ന് ടിക്കറ്റെടുത്തത്. യഥാര്‍ഥ ഭാഗ്യവാനെ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് യുഎഇയിലുള്ള മറ്റു രണ്ടു ജോണ്‍ വര്ഗീസുമാര്ക്കു നേരെ ജേതാക്കളെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെ പേര് അഭിനന്ദനവുമായി എത്തിയിരുന്നു. ഇതേ തുടര്‍ന്ന് അബുദാബിയില്‍ ജോലി ചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍ വര്‍ഗീസിന് ഞാനല്ല ആ ഭാഗ്യവാനെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിടേണ്ടിയും വന്നു.
കഴിഞ്ഞ 12 വര്‍ഷമായി യുഎഇയിലുള്ള യഥാര്‍ഥ കോടിപതിയായ ജോണ്‍ വര്‍ഗീസ് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കൂട്ടുകാരോടൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു. എല്ലാ മാസവും തത്സമയം നറുക്കെടുപ്പ് കാണാറുണ്ട്. ഇപ്രാവശ്യം ഞങ്ങള്‍ വിജയികളാകുന്നതും കാണാനുള്ള ഭാഗ്യമുണ്ടായി. 093395 ആയിരുന്നു ടിക്കറ്റ് നമ്പര്‍. കോടിപതികളായപ്പോള്‍ ഞങ്ങളാരും മറഞ്ഞുനിന്നതോ മറ്റോ അല്ല.
മറ്റു രണ്ടു ജോണ്‍ വര്‍ഗീസുമാര്‍ ഞാന്‍ കാരണം ബുദ്ധിമുട്ടനുഭവിച്ചു എന്നറിഞ്ഞു. ഇതില്‍ ഖേദമുണ്ട്. സമ്മാനം നേടിയ ഉടനെ നാട്ടിലെ കുടുംബത്തിനെ വിളിച്ച് അറിയിച്ചു. കോടികള്‍ നേടിയതിനെ തുടര്‍ന്നു ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല. നാട്ടിലെ ഭാര്യക്കും രണ്ടു കുട്ടികളുടെ ഭാവിക്കും വേണ്ടി എന്തെങ്കിലും ചെയ്യണം. മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിനെക്കാളും മറ്റൊരു നല്ല കാര്യമില്ലെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വളരെ കഷ്ടപ്പെട്ടാണു ദുബായില്‍ പിടിച്ചുനിന്നത്. അതുകൊണ്ട് ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരെ ഒരിക്കലും മറക്കില്ല. ഈ വിജയം കൂട്ടുകാരോടൊപ്പം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എട്ടുപേരും.
Post Your Comments