Latest NewsNewsIndia

ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയുടെ ലോക്കോ പൈലറ്റ് ഇറങ്ങിയോടി: കാരണം ഇതാണ്

സേലം : ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയുടെ ലോക്കോ പൈലറ്റ് ഇറങ്ങിയോടി. കാവേരി ജലപ്രശ്നവുമായി ബന്ധപ്പെട്ട് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത തമിഴ്നാട് ബന്ദിനിടെ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിക്കു നേരെയുണ്ടായ കല്ലേറാണ് കാരണം. രാവിലെ 10.10ന് ട്രെയിൻ സേലം റെയിൽവേ സ്റ്റേഷനിൽ നിർത്താനായി വേഗം കുറച്ചപ്പോഴാണ് അഞ്ഞൂറോളം വരുന്ന സമരാനുകൂലികൾ പൊലീസിന്റെ ബാരിക്കേഡ് തകർ‌ത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഇരച്ചു കയറിയത്. പിന്നീട് ട്രെയിനിനു നേരെ തുടരെ കല്ലെറിഞ്ഞു.

ഡിഎംകെ, സിപിഎം പ്രവർത്തകർ സേലം റെയിൽവേ സ്റ്റേഷനിലേക്കു നടത്തിയ മാർച്ചിനിടെയാണു കല്ലേറുണ്ടായത്. ട്രെയിനിലേക്കു കയറാനുള്ള സമരാനുകൂലികളുടെ ശ്രമം പൊലീസ് തടഞ്ഞു. ഐജി കെ.ശങ്കറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് ഇവരെ വിരട്ടിയോടിച്ചത്. 320 പേരെ അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കയറി സാധനങ്ങൾ നശിപ്പിച്ചതിനു റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. 12.20നാണു ട്രെയിൻ സേലത്തു നിന്നു പുറപ്പെട്ടത്. കല്ലേറ് ഭയന്ന് ലോക്കോ പൈലറ്റ് ഇറങ്ങിയോടി.

കോച്ചുകളുടെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നപ്പോൾ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഭയന്നു നിലവിളിച്ചു. ചിലർ ഇറങ്ങിയോടി. രണ്ടു മണിക്കൂറോളം ഇവർ ട്രെയിൻ തടഞ്ഞിട്ടു. സുരക്ഷയൊരുക്കാൻ കോയമ്പത്തൂർ വരെ കൂടുതൽ ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിൽ കയറി. ഈറോഡ് സ്റ്റേഷനിൽ ഇന്നലെ രാവിലെ 10.30ന് എത്തിയ പാലക്കാട്‌–തിരുച്ചിറപ്പള്ളി പാസഞ്ചർ സമരക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് അരമണിക്കൂർ കഴിഞ്ഞാണു ട്രെയിൻ പുറപ്പെട്ടത്. നാമക്കൽ, ധർമപുരി എന്നിവിടങ്ങളിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾക്കു നേരെയും കർണാടക റജിസ്ട്രേഷൻ വാഹനങ്ങൾക്കു നേരെയും കല്ലേറുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button