Latest NewsKeralaNews

`ഒഎല്‍എക്‌സില്‍ കയറുന്നവര്‍ ശ്രദ്ധിയ്ക്കുക : കേരള വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി വന്‍ തട്ടിപ്പ് : നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

കോഴിക്കോട് : ഒഎല്‍എക്സ് കേരള വാട്സ് അപ്പ് ഗ്രൂപ്പിന്റെ മറവില്‍ വന്‍ തട്ടിപ്പ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിനിരയായി. നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് രൂപ. തലശേരിയിലെ ഒരു കോളജ് വിദ്യാര്‍ഥിക്ക് മാത്രം നഷ്ടപ്പെട്ടത് 1,32,000 രൂപ. പണം നഷ്ടപ്പെട്ട വിവരം വീട്ടില്‍ പറയാതിരുന്ന വിദ്യാര്‍ഥി വിവരം തന്റെ കുടുംബ സുഹൃത്തായ കൗണ്‍സിലറോട്പറഞ്ഞതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. പണം നഷ്ടപ്പെട്ട ചിറക്കര സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതി പ്രകാരം ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പണം തട്ടിയെടുത്തത് ന്യൂഡല്‍ഹിയിലെ എസ്ബിഐ ശാഖകള്‍ മുഖാന്തരമാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി തലശേരി പോലീസ് ന്യൂഡല്‍ഹിയിലേക്ക് പോകും. ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. തട്ടിപ്പിനിരയായ വിദ്യാര്‍ഥിയില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി. പകുതി വിലയില്‍ ഐ ഫോണ്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 2017 ഒക്ടോബര്‍ 24 ന് രൂപീകരിക്കപ്പെട്ട ഒഎല്‍എക്സ് കേരള എന്ന വാട്സ് അപ്പ് ഗ്രൂപ്പിന്റെ അംഗങ്ങളായവരാണ് തട്ടിപ്പിനിരയായത്. സോഷ്യല്‍ മീഡിയ വഴി ലഭിച്ച ലിങ്ക് ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പില്‍ അംഗമായത്. 8129871911 എന്ന നമ്പര്‍ ഉപയോഗിച്ചാണ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ളത്.

ഫോണ്‍, വാച്ച് എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനുള്ള കൂട്ടായ്മയായിട്ടാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നതെന്ന് തട്ടിപ്പിനിരയായ വിദ്യാര്‍ഥി തലശേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. 2018 മാര്‍ച്ച് 14 ന് വിദേശ നമ്പറില്‍ നിന്നും ഗ്രൂപ്പിലേക്ക് ഒരു പരസ്യ മെസേജ് വന്നതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. പകുതി വിലയ്ക്ക് ഐഫോണ്‍ 7 പ്ലസ് ഇതായിരുന്നു ഓഫര്‍. ആവശ്യക്കാര്‍ പേഴ്സണല്‍ മെസേജ് ചെയ്യാനുള്ള നിര്‍ദ്ദേശവും പരസ്യത്തോടൊപ്പം ഉണ്ടായിരുന്നു. പേഴ്സണല്‍ മെസേജ് അയച്ചപ്പോള്‍ അബ്ദുള്‍ ഹാഫിസ് എന്നയാള്‍ സ്വയം പരിചയപ്പെടുത്തുകയും യുഎസ്എ ആസ്ഥാനമായിട്ടുള്ള കമ്പനിയാണെന്ന് വിദ്യാര്‍ഥിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.നാട്ടില്‍ 60,000 രൂപ വിലയുള്ള ഐ ഫോണ്‍ 7 പ്ലസ് 35,000 രൂപക്ക് ലഭിക്കുമെന്നും 17,500 രൂപ അയച്ചാല്‍ ഫോണ്‍ കയ്യില്‍ എത്തിച്ച് തരുമെന്നും ബാക്കി പിന്നീട് കൊടുത്താല്‍ മതിയെന്നുമായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച വിദ്യാര്‍ഥി 17,500 രൂപ എസ്ബിഐ ഡല്‍ഹി ശാഖയിലേക്ക് തലശേരി എസ്ബിഐ ശാഖയിലെ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉപയോഗിച്ച് അയച്ചു കൊടുത്തു.പിന്നീട് മുഴുവന്‍ തുക അയക്കാനുള്ള നിര്‍ദ്ദേശം വന്നു. വീണ്ടും 17,500 രൂപ അയച്ചു കൊടുത്തു. ഈ പണം ലഭിച്ചതിനു ശേഷം ഇന്ത്യയിലേക്ക് ഒരു ഫോണ്‍ മാത്രമായി അയക്കാന്‍ സാധിക്കില്ലെന്നും മിനിമം അഞ്ച് ഫോണ്‍ അയക്കണമെന്നും ഇതില്‍ ഒരു ഫോണ്‍ സൗജന്യമാണെന്നും വിദ്യാര്‍ഥിയെ ധരിപ്പിച്ചു. ഇത് വിശ്വസിച്ച വിദ്യാര്‍ഥി സുഹൃത്തുക്കളോട് സംസാരിക്കുകയും വീണ്ടും വിവിധ ഘട്ടങ്ങളിലായി മൊത്തം 12,0000 രൂപ അയച്ചു കൊടുത്തു. ഈ വിവരം അറിഞ്ഞ പല കുട്ടികളും ഇത്തരത്തില്‍ പണമയച്ചു. പിന്നീട് ഡെലിവറി ചാര്‍ജായിട്ട് 12,000 രൂപയും അയച്ചു.

ഡല്‍ഹിയിലെ എസ്ബിഐയുടെ വിവിധ ശാഖകകളിലേക്കാണ് തുക അയച്ചു കൊടുത്തത്. പിന്നീട് ഒരു ട്രാക്കിംഗ് നമ്പറും ട്രാക്ക് ചെയ്യേണ്ട ലിങ്കും തട്ടിപ്പ് സംഘം വിദ്യാര്‍ഥിക്ക് നല്‍കി. ലിങ്കില്‍ കയറി ഷിപ്പ്മെന്റ് നമ്പര്‍ അടിച്ചു നോക്കിയപ്പോള്‍ ബന്ധപ്പെട്ട റഫറന്‍സ് നമ്പറില്‍ ഷിപ്പ് ഡീറ്റയല്‍സും ഗുഡ്സ് സഞ്ചരിച്ച യുഎസ്എ, ഐസ്‌ലന്‍ഡ്, ടര്‍ക്കി, കസാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ, കേരള, കാലിക്കറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ കാണാന്‍ സാധിച്ചതായും വിദ്യാര്‍ഥി രേഖകള്‍ സഹിതം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 2018 മാര്‍ച്ച് 16 ന് യുഎസ്എ യില്‍ നിന്നും അയച്ച സാധനങ്ങള്‍ 2018 മാര്‍ച്ച് 20 ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയതായിട്ടാണ് രേഖകള്‍ പ്രകാരം വ്യക്തമായത്. ഒടുവില്‍ ഫോണ്‍ കയ്യില്‍ കിട്ടണമെങ്കില്‍ 50,000 രൂപ ഇന്‍ഷ്വറന്‍സ് അടക്കണമെന്ന നിര്‍ദേശം വന്നു.ഈ തുക അടച്ചാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ സാധനം വീട്ടിലെത്തുമെന്നായിരുന്നു വാഗ്ദാനം. അടയ്ക്കുന്ന ഇന്‍ഷ്വറന്‍സ് തുക 24 മണിക്കൂറു കൊണ്ട് തിരികെ ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ തുക അയക്കേണ്ട രാജേഷ് ജെയിന്‍ എന്നയാളുടെ വിലാസവും വിദ്യാര്‍ഥിക്ക് ലഭിച്ചു. ഇതോടെ സംശയത്തിന്റെ നിഴലിലായ വിദ്യാര്‍ഥി പണം തിരികെ അവശ്യപ്പെട്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന് വ്യക്തമായത്. വാട്‌സ് ആപ്പ് കോളിലൂടെ മാത്രമേ വിദ്യാര്‍ഥിയും സുഹൃത്തുക്കളും ഇടപാടുകാരുമായും ഡെലിവെറി മാനുള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടിരുന്നുള്ളൂ. തട്ടിപ്പിനിരയായ വിവരം ഒഎല്‍എക്സ് കേരള അഡ്മിനെ വിളിച്ച് പറഞ്ഞപ്പോള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന വോയ്സ് മെസേജാണ് ഗ്രൂപ്പിലൂടെ ലഭിച്ചതെന്നും വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു. പ്രസ്തുത ഗ്രൂപ്പിലെ അംഗങ്ങളായ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് ആളുകള്‍ ഈ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button