ഒരു മനുഷ്യന് ഏറ്റവും ഭയപ്പെടുന്ന രോഗമാണ് ക്യാന്‍സര്‍. മനുഷ്യ ശരീരത്തെ കാര്‍ന്ന് തിന്നുന്ന രോഗവുമാണ്. ശരീരത്തിലുണ്ടാകുന്ന വേദന ഇല്ലാത്തതും വളര്‍ച്ച ഇല്ലാത്തതുമായ തടിപ്പുകള്‍, മുഴകള്‍ , സാധാരണ ചികില്‍സ കൊണ്ട് ഭേദമാകാത്ത വ്രണങ്ങള്‍, അസാധാരണ രക്തസ്രാവം, മറുക് , അരിമ്പാറ , വായിലെ വെളുത്തപാടുകള്‍, ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട്, ശബ്ദമില്ലായ്മ, വയറുവേദന, ചുമ, രക്തം തുപ്പല്, അകാരണമായ ക്ഷീണം ഇവയൊക്കെ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ മാത്രമാണ്.
ലോകത്തു അഞ്ചാമതായി ഏറ്റവുമധികം കണ്ടുവരുന്ന ക്യാന്‍സറാണ് ഗര്‍ഭാശയമുഖ ക്യാന്‍സര്‍(സര്‍വിക്കല്‍ കാന്‍സര്‍). ഇന്ത്യയില്‍ ഒരു വര്‍ഷം ഒരുലക്ഷത്തിലധികം സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നു, അറുപതിനായിരം സ്ത്രീകള്‍ ഈ കാന്‍സര്‍ കാരണം ‘കൊല്ലപ്പെടുന്നു’ എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രെസ്റ്റ് കാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറാണിത്. ലോകത്തു പ്രതിവര്‍ഷം മൂന്നു ലക്ഷം സ്ത്രീകള്‍ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. ഗര്‍ഭാശയമുഖ കാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടുപിടിക്കാനും ഭേദമാക്കാനും എളുപ്പമാണ്. പാപ്സ്മിയര്‍ പരിശോധന വഴി രോഗം കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ കാന്‍സര്‍ വരാതെ തടയാനാകും. കാന്‍സറിനു മുന്നോടിയായ പ്രീകാന്‍സര്‍ ഉള്ളവര്‍ക്ക് മറ്റു രോഗലക്ഷണം ഒന്നും കാണുകയില്ല. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും മൂന്നാമത്തെയോ, നാലാമത്തെയോ ദശയിലേക്ക് രോഗം മൂര്‍ഛിച്ചിരിക്കും. രോഗം മൂര്‍ഛിച്ചാല്‍ ചികിത്സ വിഷമമേറിയതും ചിലവേറിയതും പാര്‍ശഫലങ്ങളുള്ളതുമാകാം.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു. 70ശതമാനം സര്‍വിക്കല്‍ കാന്‍സറും HPV 16 ,HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ലൈംഗികഭാഗങ്ങള്‍ തമ്മില്‍ ഉരസുന്നത് പോലും രോഗം സംക്രമിക്കാന്‍ കാരണമാകുന്നു. അതായത്, കോണ്ടത്തിനുപോലും റോള്‍ ഇല്ലെന്നു സാരം. പുരുഷന്മാരില് തുടരെത്തുടരെയുള്ള HPV ഇന്ഫെക്ഷന് ലിംഗമൂത്രനാളികളിലെ കാന്‍സറിലേക്കു നയിക്കുന്നു.
എന്നാല്‍ സ്ത്രീകളില്‍ ഈ ഇന്ഫെക്ഷന് എത്തിയാല്‍ അത് പൂര്‍ണമായും മാറില്ല. പകരം, അത് ഗര്‍ഭാശയഗളത്തിലും ഗര്‍ഭാശയസ്തരത്തിലും യോനിയിലും ഉള്ള കോശങ്ങളെ ഇന്‍ഫെക്ട് ചെയ്തു ക്യാന്‍സറിലേക്കുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. എച്ച്.പി.വി. വൈറസുകള്‍ സര്‍വിക്കല്‍ കാന്‍സറിനു മാത്രമല്ല മലദ്വാരത്തിലും, വായിലും,തൊണ്ടയിലും, പുരുഷലിംഗത്തിലും, യോനിയിലെ ക്യാന്‍സറിനും കാരണമായേക്കാം. സാധരണ 15 മുതല്‍ 20 വര്‍ഷം വരെ എടുക്കും അണുബാധമൂലം സര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാവാന്‍. പക്ഷെ പ്രതിരോധശേഷി കുറഞ്ഞവരില്‍ അഞ്ചുമുതല്‍ 10 വര്‍ഷം കൊണ്ട് വരാം.
Post Your Comments