Latest NewsIndiaNews

ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങള്‍ : ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ രാജ്യങ്ങളുടെ നീണ്ട നിര

ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ഇത് അഭിമാന മുഹൂര്‍ത്തങ്ങളാണ്.  അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യപ്പെട്ട് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. നിലവില്‍ പതിനഞ്ചോളം രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ചിലെ, പെറു രാജ്യങ്ങളാണ് ഏറ്റവും അവസാനമായി ബ്രഹ്മോസ് മിസൈല്‍ തേടി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്. ഈ അത്യാധുനിക ക്രൂസ് മിസൈലിന്റെ നിര്‍മാണ ചിലവ് 27.3 ലക്ഷം ഡോളറാണ്. ബ്രഹ്മോസ് ഇടപാട് സംബന്ധിച്ച് ചിലെ പ്രതിരോധ വകുപ്പുമായി ചര്‍ച്ച നടന്നിരുന്നു. പെറുവില്‍ നിന്നും നിരവധി തവണ വിളി വന്നിട്ടുണ്ടെന്നാണ് ബ്രഹ്മോസ് നിര്‍മാതാക്കള്‍ പറഞ്ഞത്.

ദുബായ് എയര്‍ഷോയില്‍ ബ്രഹ്മോസ് മിസൈലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതോടെ കസാക്കിസ്ഥാന്‍, ബ്രസീല്‍, ഇന്തൊനീഷ്യ തുടങ്ങി രാജ്യങ്ങള്‍ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായതോടെ ബ്രഹ്മോസ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് മറ്റു രാജ്യങ്ങള്‍ക്കും വില്‍ക്കാന്‍ കഴിയും. കര, കടല്‍, വായു എന്നീ മൂന്നു തലങ്ങളില്‍ നിന്നും ബ്രഹ്മോസ് ഉപയോഗിക്കാന്‍ സാധിക്കും.

ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈല്‍ വ്യോമസേന പരീക്ഷണവും പൂര്‍ത്തിയാക്കി. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനം സുഖോയ്-30 എംകെഐ യില്‍ നിന്നാണ് ബ്രഹ്മോസ് പരീക്ഷിച്ചത്.

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്‌കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) പരിഷ്‌കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കും ജോലികള്‍ക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂര്‍ത്തിയായത്.

ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ. നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ കേന്ദ്രത്തിലായിരുന്നു സംയോജനം പൂര്‍ത്തിയായത്. മണിക്കൂറില്‍ 3600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാന്‍ അത്രതന്നെ കരുത്തുള്ള സൂപ്പര്‍ സോണിക് ഫൈറ്റര്‍ ജറ്റ് ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button