കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ സ്‌പെഷല്‍ സബ് ജയിലില്‍ സന്ദര്‍ശിച്ചത് ആരെന്ന് വെളിപ്പെടുത്തി ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ആകാശിനെ സന്ദര്‍ശിച്ചത് പ്രതിശ്രുത വധുവാണെന്നു ജയില്‍ സൂപ്രണ്ട് എം.വി.രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിധേയമായതും ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരത്തില്‍ പെട്ടതുമായ സൗകര്യങ്ങള്‍ മാത്രമാണു യുവതിക്ക് അനുവദിച്ചതെന്നും സിസി ടിവി ദൃശ്യങ്ങള്‍ ഇതിനു തെളിവാണെന്നും ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ആകാശിനെ സന്ദര്‍ശിക്കാനെത്തിയ യുവതിക്കു ചട്ടവിരുദ്ധമായി സൗകര്യങ്ങള്‍ ചെയ്തു കൊടുത്തുവെന്നു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ജയില്‍ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണു സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്.
ജയിലില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനമില്ലാത്ത സ്ഥലത്ത്, യുവതിക്ക് ഈ മാസം ഒന്‍പത്, 13, 16 തീയതികളിലായി 12 മണിക്കൂറോളം ആകാശുമായി ഇടപഴകാന്‍ അവസരം നല്‍കിയെന്നാണ് സുധാകരന്റെ പരാതി. അനുവദനീയമായ സമയത്ത്, തന്റെ ഓഫിസ് മുറിയിലാണു കൂടിക്കാഴ്ച അനുവദിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ”വിവാദമുയര്‍ത്തിയ കേസിന്റെ സാഹചര്യങ്ങളും യുവതിയുടെ പ്രത്യേക മാനസികാവസ്ഥയും പരിഗണിച്ചിരുന്നു. 12 മണിക്കൂറോളം സന്ദര്‍ശനം അനുവദിച്ചുവെന്നും ഒരു ദിവസം രണ്ടു തവണ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയെന്നുമുള്ള ആക്ഷേപങ്ങള്‍ ശരിയല്ല.
എത്ര മണിക്കു യുവതി എത്തിയെന്നും തിരിച്ചു പോയെന്നും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവ പരിശോധിക്കാവുന്നതേയുള്ളു. 16നു രണ്ടു തവണ ആകാശുമായി കൂടിക്കാഴ്ച അനുവദിച്ചിട്ടില്ല. അന്നു വീണ്ടുമെത്തിയ യുവതിയുടെ മാനസികാവസ്ഥ പരിഗണിച്ച്, അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു.” – റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.സുധാകരന്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഉത്തരമേഖലാ ജയില്‍ ഡിഐജി എസ്.സന്തോഷിനെ ജയില്‍ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments