Latest NewsNewsInternational

ടിയാന്‍ഗോങ് -1 ഭൂമിയോട് അടുക്കുന്നു : ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിലംപതിയ്ക്കും : ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബീജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശനിലയം ‘ടിയാന്‍ഗോങ് 1’ 24 മണിക്കൂറിനുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് ചൈന. മണിക്കൂറില്‍ 26,000 കിലോമീറ്ററില്‍ വേഗതയിലാണ് ബഹിരാകാശനിലയം നീങ്ങുന്നതെന്നാണ് ചൈനയിലെ ബഹിരാകാശ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്ലാവിധത്തിലും നിയന്ത്രണം നഷ്ടമായതിനാല്‍ എവിടെയാണ് നിലയം പതിക്കുകയെന്നത് വ്യക്തമല്ലെങ്കിലും ഏറ്റവും സാധ്യത കൂടിയ സ്ഥലങ്ങളില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇ.എസ്.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യക്ക് ഭീഷണിയാവില്ലെന്നും കേരളത്തെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും മനുഷ്യ ജീവന് ഭീഷണിയില്ലെന്നുമാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ ഉറപ്പു നല്‍കുന്നത്.

അതേസമയം, ഭൂമിയില്‍ പതിക്കുന്ന സമയം സംബന്ധിച്ച ഒരു വിവരവും ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.നിലയത്തിന്റെ നിയന്ത്രണം ചൈനയ്ക്ക് പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് പാശ്ചാത്യ ബഹിരാകാശ വിദഗ്ധര്‍ പറഞ്ഞിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ ചൈന ഇതുവരെ തയ്യാറായിരുന്നില്ല.

ഞായറാഴ്ച രാത്രി 8.12 നും തിങ്കള്‍ പുലര്‍ച്ചെ 4.12 നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ബഹിരാകാശ നിലയം ഭൂമിയില്‍ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉത്തര കൊറിയ നാഷനല്‍ സ്പേസ് സിറ്റുവേഷണല്‍ അവയര്‍നെസ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. 43 ഡിഗ്രി നോര്‍ത്തിനും 43 ഡിഗ്രി സൗത്തിനും, അതായത് ന്യൂസിലന്‍ഡിനും അമേരിക്കന്‍ മിഡ്വെസ്റ്റിനും ഇടയില്‍ എവിടെ വേണമെങ്കിലും ബഹിരാകാശ നിലയം പതിക്കാമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്.

ബഹിരാകാശത്ത് നിന്ന് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ നിലയം എവിടെ പതിക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളു. നിലയത്തിന്റെ ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രലോകം കണക്ക് കൂട്ടുന്നത്. അതേസമയം, വലിയ അവശിഷ്ടങ്ങള്‍ ഒന്നും ഭൂമിയില്‍ പതിക്കില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ചൈന പറയുന്നത്.

വന്‍ശക്തികളായ റഷ്യക്കും അമേരിക്കയ്ക്കും ഒപ്പം എത്താനാണ് ചൈന തങ്ങളുടെ വലിയ സ്വപ്ന പദ്ധതിയായ ടിയാന്‍ഗോങ് 1 വിക്ഷേപിച്ചത്. 1979-ല്‍ തകര്‍ന്നു വീണ നാസയുടെ സ്‌കൈലാബ് ആണ് ഇതിനുമുമ്പ് ഭൂമിയില്‍ പതിച്ച ബഹിരാകാശനിലയം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സ്‌കൈലാബിന്റെ ചില ഭാഗങ്ങള്‍ പതിച്ചിരുന്നു.

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാന്‍ ഗോങ്. ‘സ്വര്‍ഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനര്‍ഥം. ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button