KeralaLatest NewsNews

ആഭ്യന്തര സെക്രട്ടറി പദവിയിലേക്ക് ഇനി ഈ ഉദ്യോഗസ്‌ഥരും പരിഗണനയില്‍

തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി പദവിയിലേക്ക് ഈ ഉദ്യോഗസ്‌ഥര്‍ക്കും പരിഗണന. ഐ.പി.എസ്‌ ഉദ്യോഗസ്‌ഥനെ നിയമിക്കണമെന്ന ശിപാര്‍ശ സി.പി.എം നേതൃത്വത്തിന്റെ ഗൗരവ പരിഗണനയില്‍. പോലീസ്‌ സേനയുടെ ആധുനികവല്‍ക്കരണം ഉള്‍പ്പെടെ ദൈനംദിന കാര്യങ്ങളില്‍ അതിവേഗം തീരുമാനങ്ങളെടുക്കേണ്ടതുണ്ടെന്ന്‌ ഉന്നത പോലീസുദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടുകയും ഭരണപരിചയമില്ലാത്തവരാണു വകുപ്പിലെ താക്കോല്‍സ്‌ഥാനങ്ങളിലെന്നു വിമര്‍ശനമുയരുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണിത്‌. സേനയെക്കുറിച്ചു കൃത്യമായി അറിയാവുന്ന എ.ഡി.ജി.പി തസ്‌തികയിലുള്ള ഐ.പി.എസ്‌ ഉദ്യോഗസ്‌ഥന്‍ ആഭ്യന്തര വകുപ്പിന്റെ തലപ്പത്തെത്തണമെന്നാണു പോലീസുകാര്‍ വാദിക്കുന്നത്‌.

പകരം വിജിലന്‍സ്‌, ജയില്‍, ഫയര്‍ഫോഴ്‌സ്‌ വകുപ്പുകള്‍ ഐ.എ.എസുകാര്‍ക്കു നല്‍കാം. ആഭ്യന്തരത്തിനുപകരം ഗതാഗത കമ്മിഷണര്‍ പദവി ഐ.എ.എസുകാര്‍ക്കു നല്‍കുന്നതിനു തങ്ങള്‍ എതിരല്ലെന്നും പോലീസ്‌ ഉന്നതര്‍ പറയുന്നു. ആഭ്യന്തര സെക്രട്ടറി ജില്ലാ കലക്‌ടര്‍മാര്‍ വഴി സേനയില്‍ ഇടപെടുന്നതിലെ മുറുമുറുപ്പും ഈ നിലപാടുകള്‍ക്കു പിന്നിലുണ്ട്‌. ഭരണകാര്യങ്ങളെക്കുറിച്ചു നല്ല പിടിപാടുള്ളവരെന്ന നിലയ്‌ക്ക്‌ ഒരു ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസറുടെ മികവില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഐ.എ.എസുകാര്‍ക്കാവും. ഐ.പി.എസ്‌. അസോസിയേഷനും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നാണു സൂചന.

ആഭ്യന്തര സെക്രട്ടറിപദം ഐ.പി.എസുകാര്‍ക്കു ലഭിച്ചാല്‍ ഫയര്‍ഫോഴ്‌സ്‌ മേധാവി ടോമിന്‍ തച്ചങ്കരി, സീനിയര്‍ ഐ.ജി: മനോജ്‌ ഏബ്രഹാം എന്നിവരാകും പരിഗണിക്കപ്പെടുക. ഐ.പി.എസ്‌ അടക്കമുള്ള ഇതര സര്‍വീസ്‌ ഉദ്യോഗസ്‌ഥരെ സെക്രട്ടറിമാരാക്കാന്‍ 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഐ.എ.എസുകാര്‍ക്ക്‌ സാമ്പത്തികവും ഉദ്യോഗപരവുമായി ലഭിക്കുന്ന മുന്‍ഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഇതര സര്‍വീസിലുള്ളവര്‍ ഏഴാം ശമ്പളക്കമ്മിഷനു പരാതിയും നല്‍കിയിരുന്നു.

ഐപിഎസുകാര്‍ക്ക്‌ ആഭ്യന്തര വകുപ്പില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിലുള്ളതുപോലെ സ്‌പെഷല്‍ സെക്രട്ടറിയായി ഐ.പി.എസുകാരനെ നിയമിക്കാമെന്നും അവര്‍ നിര്‍ദേശിക്കുന്നു. 2016 ഫെബ്രുവരിയില്‍ ഇത്തരത്തില്‍ മൂന്ന്‌ ഐ.പി.എസ്‌ ഓഫീസര്‍മാരെ ജോയിന്റ്‌ സെക്രട്ടറിമാരായി ആഭ്യന്തരവകുപ്പില്‍ നിയമിച്ചിരുന്നു. എന്നാല്‍, ഭരണപരിചയമുള്ള ഓഫീസര്‍ സേനയ്‌ക്കുപുറത്തുനിന്ന്‌ ആഭ്യന്തരവകുപ്പിന്റെ തലപ്പത്തു വരുന്നതാണു നല്ലതെന്ന്‌ ഐ.എ.എസുകാര്‍ പറയുന്നു. ഐ.എ.എസിനു പുറത്തുള്ളവരെ സെക്രട്ടറിമാരായി നിയമിക്കുന്ന ചരിത്രം പുതിയതല്ലെന്നാണ്‌ ഐ.പി.എസുകാരുടെയും വാദം.

shortlink

Related Articles

Post Your Comments


Back to top button