തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ച് സൂപ്രണ്ടിനെയുള്‍പ്പെടെ സ്ഥലം മാറ്റി താന്‍ ഇട്ട ഉത്തരവ് റദ്ദാക്കിയ ആഭ്യന്തര സെക്രട്ടറിക്ക് തിരിച്ചടി നല്‍കി ഡിജിപി ടി.പി സെന്‍കുമാര്‍. സെന്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരുന്ന എ എസ് ഐയെ മാറ്റുന്നതിനെ കുറിച്ച് ചുമതലപ്പെട്ടവര്‍ മറുപടി നല്‍കിയിട്ട് ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നാണ് ഡിജിപിയുടെ നിലപാട്.
ടി ബ്രാഞ്ചിലെ സൂപ്രണ്ട് അടക്കമുള്ളവരുടെ സ്ഥലമാറ്റം റദ്ദാക്കിയ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവും സെന്‍കുമാര്‍ അംഗീകരിച്ചിട്ടില്ല. ഈ സ്ഥലമാറ്റങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കാതെ നടപ്പാക്കാനാവില്ല. അതേസമയം തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നാണ് സെന്‍കുമാര്‍ വിശ്വസിക്കുന്നതെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ചീഫ് സെക്രട്ടറിയും മറ്റ് ചില ‘വിരുദ്ധന്‍മാരും’ കൂടി ഒപ്പിച്ച പണിയാണ് പ്രോസിക്യൂഷന്‍ അനുമതിയെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
വിവരാവകാശ നിയമപ്രകാരം രേഖകള്‍ കയ്യില്‍ കിട്ടുന്ന മുറക്ക് കോടതിയില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. എന്നാല്‍ ചാര്‍ജെടുത്ത് ഇന്നുവരെ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ സന്ദര്‍ശിക്കുവാന്‍ പോലും സംസ്ഥാന പൊലീസ് മേധാവി തയ്യാറായിട്ടില്ല. നളിനി നെറ്റോ റിട്ടയര്‍ ചെയ്താല്‍ അവര്‍ക്കെതിരെ പുറ്റിങ്ങല്‍ കേസിലെ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതിന് നിയമ നടപടി സ്വീകരിക്കാനാണ് സെന്‍കുമാറിന്റെ തീരുമാനം.
Post Your Comments