അൽഹസ്സ•ഏറ്റെടുക്കാൻ ബന്ധു തയ്യാറാകാതെ മുങ്ങിയതിനാൽ അനാഥമായ പ്രവാസി തൊഴിലാളിയുടെ മൃതദേഹം, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം ഏറ്റെടുത്ത് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.
തമിഴ്‌നാട് കന്യാകുമാരി തിക്കണംകോട് സ്വദേശി മരിയ രാജേന്ദ്രൻ (50 വയസ്സ്) എന്ന പ്രവാസി തൊഴിലാളിയ്ക്കാണ് ഈ ദുർവിധി നേരിടേണ്ടി വന്നത്. ഏഴു വർഷം മുൻപാണ് രാജേന്ദ്രൻ സൗദിയിലെ റിയാദിൽ ഒരു കമ്പനിയിൽ ജോലിക്കാരനായി എത്തിയത്. കമ്പനിയിലെ ജോലിസാഹചര്യങ്ങളിൽ അസന്തുഷ്ടനായ രാജേന്ദ്രൻ, എട്ടു മാസങ്ങൾക്ക് മുൻപ്, അവിടെ നിന്ന് ഒളിച്ചോടി അൽഹസ്സയിൽ എത്തി, അവിടെയുണ്ടായിരുന്ന ഭാര്യാസഹോദരനായ ക്ളീറ്റസിനൊപ്പം മേസ്തിരിപ്പണി ചെയ്തു വരികയായിരുന്നു. ആദ്യമൊക്കെ കുഴപ്പം ഇല്ലായിരുന്നെകിലും, നിതാഖാത്ത് മൂലമുള്ള പോലീസ് പരിശോധനയൊക്കെ കർശനമായതോടെ, ഇക്കാമയോ, പാസ്സ്പോർട്ടോ, നിയമപരമായ രേഖകളോ ഇല്ലാത്ത രാജേന്ദ്രന്റെ ജീവിതം ഏറെ ബുദ്ധിമുട്ടിലായി. നാട്ടിലെ സാമ്പത്തികഅവസ്ഥയും കുടുംബപ്രശ്‌നങ്ങളും കാരണം ഏറെ മാനസികസമ്മർദ്ദത്തിലായ രാജേന്ദ്രൻ, 2018 ഫെബ്രുവരി മാസം എട്ടാം തീയതി താമസസ്ഥലത്ത് തൂങ്ങി മരിയ്ക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തകനായ ഹുസ്സൈൻ കുന്നിക്കോട്, രാജേന്ദ്രന്റെ ഭാര്യാസഹോദരനായ ക്ളീറ്റസിനെ നേരിട്ട് ബന്ധപ്പെട്ട് സംസാരിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ നിയമനടപടികൾക്കായി ക്ളീറ്റസിന്റെ പേരിൽ അനുമതിപത്രം നാട്ടിൽ നിന്നും വരുത്താൻ ശ്രമം തുടങ്ങി. എന്നാൽ തനിയ്ക്ക് എന്തെങ്കിലും നിയമനടപടികൾ നേരിടേണ്ടി വരുമോ എന്ന് ഭയന്ന്, മൃതദേഹത്തിന്റെ കാര്യം ഉപേക്ഷിച്ച്, ക്ളീറ്റസ് ആരുമറിയാതെ ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് മുങ്ങുകയായിരുന്നു. രാജേന്ദ്രന്റെ നാട്ടിലെ കുടുംബത്തിന്റെ അഡ്രെസ്സ്, ഫോൺ നമ്പർ എന്നിങ്ങനെ ഒരു വിവരവും ഇല്ലാത്തതിനാൽ, മൃതദേഹം നാട്ടിലേയ്ക്ക് എങ്ങനെ അയയ്ക്കും എന്നത് ഒരു ചോദ്യചിഹ്നമായി.
ഹുസ്സൈൻ കുന്നിക്കോട് പോലീസിന്റെ സഹായത്തോടെ, രാജേന്ദ്രൻ ജോലി ചെയ്തിരുന്ന റിയാദിലെ കമ്പനിയുടെ അഡ്രെസ്സ് തപ്പിയെടുത്ത് അവരെ വിളിച്ചു സംസാരിച്ചു. സ്പോൺസർ വഴി രാജേന്ദ്രന്റെ നാട്ടിലെ അഡ്രസ്സും, കുടുംബത്തിന്റെ ഫോൺ നമ്പറും കിട്ടി.
ഭാര്യ കലയും, രണ്ട് ആൺമക്കളും ചേർന്നതായിരുന്നു രാജേന്ദ്രന്റെ കുടുംബം. അവരുമായി ഫോണിൽ ബന്ധപ്പെട്ട് ഹുസ്സൈൻ കുന്നിക്കോടിന്റെ പേരിൽ അനുമതിപത്രം നാട്ടിൽ നിന്നും വരുത്തി. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ശക്തമായ ശ്രമഫലമായി, ഇന്ത്യൻ എംബസ്സിയുമായും വിവിധ സൗദി വകുപ്പുകളുമായും ഏകോപിപ്പിച്ചു നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി, മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാൻ കഴിഞ്ഞു. സാമൂഹ്യപ്രവർത്തകൻ മണി മാർത്താണ്ഡവും ഈ കേസിൽ ഹുസ്സൈനെ സഹായിച്ചു.
Post Your Comments