Latest NewsNewsInternational

അന്ന് അവളെ വെടിവെച്ചു വീഴ്ത്തി, ഇന്ന് അതേ ശരീരത്തോടെ ധീരയായി അവള്‍ സ്വന്തം നാട്ടില്‍ മടങ്ങിയെത്തി

ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താലിബാന്‍ ആക്രമണത്തിനിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി തന്റെ ജന്‍മനാടായ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലാല ജന്‍മനാട്ടില്‍ തിരിച്ചെത്തുന്നത്.

കുടുംബത്തോടൊപ്പമാണ് മലാല 2012 ല്‍ വെടിയേറ്റു വീണ സ്വാത് താഴ്വരയിലെത്തിയത്. ഹെലികോപ്റ്ററിലാണ് ഇവിടെയെത്തിയത്. താഴ്വര താലിബാന്‍ കയ്യടക്കുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുകയും ചെയ്തിരുന്നു. ഇവിടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് മലാലയ്ക്ക് സ്‌കൂള്‍ ബസില്‍ വെടിയേല്‍ക്കേണ്ടി വന്നത്. തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മലാല യു.എസിലായിരുന്നു ഇതുവരെ ചെലവഴിച്ചത്.

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. എനിക്കെന്റെ മണ്ണില്‍ കാലുകുത്താന്‍ സാധിച്ചിരിക്കുന്നു. എന്റെ ആളുകൊളോടൊപ്പം ആകാന്‍ സാധിച്ചിരിക്കുന്നു. കണ്ണുകള്‍ തുടച്ചുകൊണ്ട് മലാല പറഞ്ഞു. ഞാന്‍ എപ്പോഴും കരയാറില്ല. എനിക്കിപ്പോള്‍ 20 വയസായിരിക്കുന്നു. ഇതിനിടയില്‍ എന്റെ ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ ഞാന്‍ നേരിട്ടു. ജന്മനാട്ടിലെത്തിയ മലാലയുടെ വാക്കുകളായിരുന്നു ഇത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സ്വാത് വാലിയിലെ വീട്ടിലെത്തിയ മലാല പൊട്ടിക്കരയുകയായിരുന്നു.

പാക്കിസ്ഥാനെക്കുറിച്ചുള്ള എല്ലാം എനിക്ക് മിസ് ചെയ്യുന്നു. പുഴകള്‍, മലകള്‍, പൊടി പിടിച്ച തെരുവുകളും വീടിന് ചുറ്റുമുള്ള മാലിന്യങ്ങള്‍ പോലും മിസ് ചെയ്യുന്നു. ഒന്നിച്ചിരുന്ന് പരദൂഷണം പറഞ്ഞ സുഹൃത്തുക്കളും വഴക്കടിച്ച അയല്‍ക്കാരുമെല്ലാം…ജന്മനാട്ടിലെത്തിയ മലാല വാചാലയായിരുന്നു. ഉര്‍ദുവിലും പഷ്‌തോവിലും ഇംഗ്ലീഷിലും മാറിമാറി സസാരിച്ച മലാല പാക്കിസ്ഥാന്‍ മെച്ചപ്പെടണമെങ്കില്‍ പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണം എന്നു പറഞ്ഞു. മലാല ഫണ്ടില്‍ നിന്നും 6 മില്ല്യണ്‍ ഡോളര്‍ പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെച്ചതായി മലാല അറിയിച്ചു.

20കാരിയായ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന പ്രധാന ആഗോള വ്യക്തിത്വങ്ങളിലൊരാളാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്ന താലിബാന്‍ നിലപാടിനെതിരെ അവര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതുടര്‍ന്ന് 2012 ഒക്ടോബറിലാണ് മലാലയ്ക്ക് വെടിയേറ്റത്. ഇതിനെ തുടര്‍ന്ന് ലോകത്തെ വിദ്യാഭ്യാസം ലഭിക്കാത്ത ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ വക്താവായി മലാല മാറി. 2013ല്‍ മലാലയും അച്ഛന്‍ സിയായുദ്ധീന്‍ യൂസഫ്സായിയും ചേര്‍ന്ന് മലാല ഫണ്ടിന് രൂപം നല്‍കി. 2014 ഡിസംബറില്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞയാളായി മലാല മാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button