മലപ്പുറം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിക്കാഹ് ഔദ്യോഗികമാക്കാനൊരുങ്ങി ഹാദിയയും ഷെഫിനും. ഇതിനായി ഇരുവരും കഴിഞ്ഞ ദിവസം ഒതുക്കുങ്ങല്‍ പഞ്ചായത്തിലെത്തി. പഞ്ചായത്തില്‍ ഉള്‍പ്പെട്ട പുത്തൂര്‍ മഹല്ലിനു കീഴിലാണ് ഇവരുടെ നിക്കാഹ് നടന്നത്. നേരത്തേ നല്‍കിയ രജിസ്‌ട്രേഷന്‍ അപേക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയില്‍നിന്ന് അനുകൂലവിധി വന്നതോടെയാണു വീണ്ടും പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. 2016 ഡിസംബര്‍ 19 നാണ് കോട്ടയ്ക്കല്‍ പുത്തൂര്‍ ജുമാമസ്ജിദില്‍ ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും വിവാഹം നടന്നത്.
തൊട്ടടുത്ത ദിവസം ഹാദിയയും ഷെഫീനും ചേര്‍ന്ന് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്ട്രേഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കരുത് എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 2017 മെയ് 24 ന് ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് 2018 മാര്‍ച്ച് എട്ടിന് ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും വിവാഹം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പുത്തൂര്‍ മഹല്ല് ഖാദിയുടെ കാര്‍മികത്വത്തില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ട് നേതാവ് സൈനബയുടെ വീട്ടില്‍ ഹാദിയയുടെ നിക്കാഹ് നടന്നത്. ഇത് അംഗീകരിച്ച് കിട്ടാനാണ് പുതിയ നടപടി.
Post Your Comments