Latest NewsNewsIndia

കുതിര സവാരി നടത്തിയതിന് ദളിത്‌ യുവാവിനെ തല്ലിക്കൊന്നു

ഗാന്ധിനഗര്‍•കുതിര സവാരി നടത്തിയതിന് 21 കാരനായ ദളിത്‌ യുവാവിനെ സവര്‍ണര്‍ തല്ലിക്കൊന്നു. വ്യാഴാഴ്ച വൈകുന്നേരം ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലാണ് സംഭവം. പ്രദീപ്‌ റാത്തോഡ് എന്നയാളാണ് കൊല്ലപ്പെട്ടത്.

നേരത്തെ, കുതിര സവാരി നടത്തിയതിന് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ റാത്തോഡിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം തന്റെ ഫാമില്‍ നിന്ന് കുതിരപ്പുറത്ത്‌ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം നടക്കുന്നത്.

പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രദീപിന്റെ മൃതദേഹം സംസ്കരിക്കാന്‍ കുടുംബം തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഊര്‍മ്മിള പോലീസ് പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും പോലീസിനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയത്.

ഫാമില്‍ പോയിവരുന്ന ആവശ്യങ്ങള്‍ക്കായി രണ്ട് മാസം മുന്‍പാണ്‌ പിതാവ് കലുഭായ് റാത്തോഡ് പ്രദീപിന് കുതിരയെ വാങ്ങി നല്‍കിയത്. 30,000 രൂപയോളം രൂപ നല്‍കി കുതിരയെ വാങ്ങിയപ്പോള്‍ നാതുഭ ദര്‍ബാര്‍ എന്നായാളും സുഹൃത്തുക്കളും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തനിക്ക് ഒരു കുതിരയെ വാങ്ങി നല്‍കാന്‍ പിതാവ് കലുഭായിയോട് ഏറെനാളായി പ്രദീപ്‌ ആവശ്യപ്പെട്ടുവരികയായിരുന്നു.

ദളിതര്‍ക്ക് കുതിരസവാരി നടത്താന്‍ അര്‍ഹതയില്ലെന്നും തിമ്പിയിലോ സമീപ ഗ്രാമത്തിലോ ഒരു ദളിതര്‍ക്കും സ്വന്തമായി കുതിരയില്ലെന്ന് ഇവര്‍ പറഞ്ഞതായും പ്രദീപിന്റെ പിതാവ് പറഞ്ഞു.

ഇന്നലെ രാത്രിയോടെ പ്രദീപിനെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ചകലെയായി കുതിരയുടെ മൃതശരീരവും കണ്ടെത്തി. കൃഷിയിടത്തില്‍ പോയി മടങ്ങിവരാമെന്ന് പറഞ്ഞാണ് പ്രദീപ് പോയത്. എന്നാല്‍ മകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്.

സംഭവത്തില്‍, തിമ്പി ഗ്രാമവാസിയായ നാതുഭ ദര്‍ബാറിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഊര്‍മ്മിള പോലീസ് സ്റ്റേഷന്‍ അറിയിച്ചു.

5,000 ജനസംഖ്യയുള്ള തിമ്പിയില്‍ ഭൂരിപക്ഷവും ദര്‍ബാര്‍മാരും ക്ഷത്രിയന്മാരുമാണ്. 40 ഓളം ദളിത്‌ കുടുംബങ്ങള്‍ മാത്രമാണ് ഗ്രാമത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button