ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയും വരെ കാവേരി കേസിലെ വിധി നടപ്പാക്കാന്‍ കാലതാമസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം, കേന്ദ്രം ചെയ്യുന്നത് ബോധപൂര്‍വമായ അനുസരണക്കേടാണെന്ന് കാണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയലക്ഷ്യനടപടിയുമായി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
കാവേരി കര്‍ണാടകയില്‍ അതിവൈകാരിക വിഷയമാണെന്നും ക്രമസമാധാനപ്രശ്‌നമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. വിധിയില്‍ വ്യക്തത വരുത്താനെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ അപേക്ഷ.
നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കാവേരി അഡ്മിനിസ്‌ട്രേറ്റിവ് സംവിധാനമുണ്ടാക്കിയാല്‍ വന്‍ ജനരോഷത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടാനും കാരണമാകുമെന്ന് കേന്ദ്രം തുടര്‍ന്നു. ആറാഴ്ചക്കകം വിധി നടപ്പാക്കാനായിരുന്നു സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. കാവേരി ട്രൈബ്യൂണല്‍ നിര്‍ദേശിച്ചതിന് വിരുദ്ധമായ തരത്തില്‍ വെള്ളം നാല് സംസ്ഥാനങ്ങള്‍ക്കുമിടയില്‍ വിതരണം ചെയ്യാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോ എന്ന് സുപ്രീംകോടതി വ്യക്തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കാവേരി ജല പരിപാലന ബോര്‍ഡ് രൂപവത്കരിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു.
Post Your Comments