KeralaLatest NewsNews

ഗായകന്‍ രാജേഷിന്റെ കൊലപാതകം : ക്വട്ടേഷൻ സംഘം ആലപ്പുഴയിൽ നിന്ന്?

കിളിമാനൂർ : മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ ഖത്തറിലെ വനിതാ സുഹൃത്ത്, അവരുടെ നാട്ടിലുള്ള ഭർത്താവ് എന്നിവരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം. ഘാതകർ ആലപ്പുഴയിൽ നിന്നുള്ള ക്വട്ടേഷൻ സംഘമെന്നു പൊലീസ് ഉന്നത കേന്ദ്രങ്ങൾ സൂചന നൽകി. ക്വട്ടേഷൻ സംഘം ഉപയോഗിച്ച കാര്‍ പോലീസ് കായംകുളത്ത് നിന്ന് കണ്ടെത്തി. സംഘത്തിലെ നാലുപേരെ തിരിച്ചറിയാനുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഖത്തറിൽ ജോലി നോക്കവെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി രാജേഷ് അടുത്തബന്ധം പുലർത്തിയിരുന്നതായാണു പൊലീസ് നൽകുന്ന വിവരം. ഇത് അവരുടെ ദാമ്പത്യജീവിതത്തെ ബാധിച്ചിരുന്നു.

തുടർന്നാണു രാജേഷ് പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നത്. നാട്ടിൽ മടങ്ങിയെത്തിയ ശേഷവും ഇവരുടെ സൗഹൃദം തുടർന്നതായാണു പൊലീസ് നൽകുന്ന സൂചന. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനായി ചെന്നൈയിൽ പോകുന്നതിന്റെ തലേദിവസമാണു രാജേഷ് കൊല്ലപ്പെടുന്നത്. രാജേഷിന്റെ സ്റ്റുഡിയോയുടെ തൊട്ടടുത്തുള്ള മടവൂർ സർവീസ് സഹകരണബാ‍‍ങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാർ കടന്നുപോകുന്നതല്ലാതെ നമ്പർ വ്യക്തമല്ല. കാറിനെക്കുറിച്ചറിയാനായി വിവിധ ആർടി ഓഫിസുകൾ, ഡീലർമാർ എന്നിവരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കണ്ടെടുത്ത രാജേഷിന്റെ ഫോൺ ഇതുവരെ പ്രവർത്തിപ്പിക്കാനാവാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

മൊബൈൽ ഫോണിലെ വിളിയുടെ വിശദാംശം ഇതുവരെ സൈബർ സെൽ കൈമാറിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ സൈബർ സെൽ താൽപര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. രാജേഷിന്റെ മൊബൈൽ ഫോണുകൾ, ഉപയോഗിച്ചിരുന്ന പല സിം കാർഡുകൾ എന്നിവ സൈബർ സെല്ലിനു കൈമാറിയിരുന്നു. രാജേഷ് വധം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും അവർക്കും മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമാണ്. നാലുപേരെപ്പറ്റി ആദ്യ സൂചനകൾ കിട്ടുമ്പോഴും സംഘത്തിൽ എത്ര പേരുണ്ടായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികൾ സംസ്ഥാനത്തിനു പുറത്തേക്കു കടന്നിട്ടുണ്ടെങ്കിൽ അന്വേഷണ ഏകോപനത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമാണ്.

അതൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് അന്വേഷണം ഇഴയുന്നതെന്നു തലസ്ഥാനത്തെ പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. ചെന്നൈയിൽ ജോലി തരപ്പെടുത്തി നൽകിയതു വനിതാ സുഹൃത്താണെന്നാണു പൊലീസിന്റെ നിഗമനം. ഇവർ ഭർത്താവുമായി അകലാൻ ഇടയാക്കിയ സംഭവങ്ങളാണോ ക്വട്ടേഷൻ കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് അന്വേഷിക്കുന്നു രാത്രി സ്റ്റുഡിയോയിൽ വനിതാ സുഹൃത്തുമായി ഫോണിൽ സംസാരിക്കവെ ആയിരുന്നു ആക്രമണം. ഇതു രാജേഷിന്റെ നീക്കങ്ങളറിയാനായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു. അതേസമയം കൊലപാതകികൾ സഞ്ചരിച്ച ചുവപ്പ് കാർ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം എങ്ങുമെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button