പാലക്കാട്: വാഹനത്തില്‍ മുട്ടിയെന്നാരോപിച്ചു മൂന്നംഗസംഘം കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ തല്ലിച്ചതച്ചു. മൂന്നുപേരും അറസ്‌റ്റിലായി. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിക്കാണു സംഭവം. വാനിൽ ബസ് ഉരസിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പാലക്കാടുനിന്നു കോഴിക്കോട്ടേക്കുപോയ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍ മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബൂബക്കറിനാണ് (43) മര്‍ദനമേറ്റത്. തലയ്‌ക്കും, മൂക്കിനും കണ്ണിനും സാരമായി പരുക്കേറ്റ അബൂബക്കര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളായ എലപ്പുള്ളി തേനാരി കാക്കത്തോട് ദിലീപ്(24), അനീഷ്കുമാർ (29), ദിനേശ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ടാറ്റാ സുമോയില്‍ മുട്ടിക്കുളങ്ങര ഭാഗത്തുവെച്ച് ബസ് തട്ടിയെന്ന് ആരോപിച്ചാണ് അക്രമിസംഘം പിന്നാലെയെത്തിയത്. ദേശീയപാതയില്‍ പന്നിയംപാടത്തുവച്ചു ടാറ്റാ സുമോ മുന്നില്‍ കയറ്റി നിര്‍ത്തി ബസ് തടഞ്ഞ് ഡ്രൈവറുടെ കാബിനില്‍ വലിഞ്ഞു കയറിയായിരുന്നു മര്‍ദനം. കണ്ടക്‌ടര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ബസ് യാത്രക്കാരിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വന്‍പ്രതിഷേധമാണുയര്‍ന്നത്. മര്‍ദനത്തില്‍ മൂക്ക് തകര്‍ന്ന് അബൂബക്കര്‍ ചോരയൊലിക്കുമ്പോഴും അക്രമം തുടരുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്‌തമാണ്. എന്നാൽ ടാറ്റാ സുമോയില്‍ ബസ് തട്ടിയിട്ടില്ലെന്നും വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നു പറഞ്ഞായിരുന്നു മര്‍ദനമെന്നും ഡ്രൈവര്‍ മൊഴി നല്‍കി.
മുട്ടിക്കുളങ്ങര ക്യാംപ് കഴിഞ്ഞപ്പോള്‍ ഒരു ടിപ്പര്‍ ലോറി പുക പറത്തി കടന്നുപോയി. റോഡ് കാണാതായപ്പോള്‍ ഞാന്‍ വണ്ടി പതിയെ നിര്‍ത്തി. അപ്പോള്‍ ഇവരുടെ സുമോയില്‍ തട്ടി എന്ന് പറഞ്ഞായിരുന്നു മുന്നില്‍ ബ്ലോക്കിട്ടുവന്ന് പൊതിരെ തല്ലിയത്– അബൂബക്കര്‍ പറഞ്ഞു. ബസ് തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്നതു കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
Post Your Comments