മേട്ടുപ്പാളയം : പ്രമാദമായ കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരുമായി ഊട്ടിയിൽ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന പൊലീസ് വാൻ മേട്ടുപ്പാളയത്തിനു സമീപം കൊക്കയിലേക്ക് മറിഞ്ഞു. പൊലീസുകാരുൾപ്പെടെ പതിനാലോളം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയമുണ്ട്. തീവ്രവാദ ബന്ധമുള്ളവരാണ് ജീപ്പിലുണ്ടായിരുന്ന പ്രതികളെന്ന് സൂചനയുണ്ട്.
വാനിലുണ്ടായിരുന്ന പ്രതികളെയും പൊലീസുകാരെയും വഴിയാത്രക്കാർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. കല്ലാർ ചുരത്തിലെ രണ്ടാം വളവിൽനിന്ന് 150 താഴ്ച്ചയിലേക്കാണ് വാൻ മറിഞ്ഞതെങ്കിലും,മരത്തിൽ തങ്ങിയതിനാൽ വൻ അപകടം ഒഴിവാക്കുകയായിരുന്നു. പരുക്കേറ്റവർക്കു മേട്ടുപ്പാളയം ഗവ.ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കൂടുതൽ പൊലീസുകാരെത്തി പ്രതികളെ ചെന്നൈയിലേക്ക് കൊണ്ടുപോയി.
ചെന്നൈയിൽനിന്ന് ഇൻസ്പെക്ടർ പി.എം. ജവഹറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ പൊലീസ് സംഘമാണ് ഊട്ടിയിലെത്തി പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടിയത്.പുലർച്ചയോടെയായിരുന്നു അറസ്റ്റ്.
Post Your Comments