റിയാദ്: രണ്ടു മാസം മുന്‍പ് തീപിടിത്തത്തില്‍ വെന്തു മരിച്ച മലയാളിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം വെമ്പായം വെട്ടിനാട് നേടിയൂരില്‍ ഇടിക്കുംതറ രാജന്റെ മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ട് പോയത്. കിഴക്കന്‍ സൗദിയിലെ അല്‍ഖോബാര്‍ റാഖയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിലാണ് രാജന് മരിച്ചത്. ജനുവരി 19 നു രാത്രി ഉറങ്ങാന്‍ കിടക്കവേ വൈദ്യുതി ഷോര്‍ട്ട് മൂലം ഉണ്ടായ തീപിടിത്തമാണ് മരണകാരണം.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനായി നടപടിക്രമം പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പൊള്ളലേറ്റാണ് മരണണമെന്നത് വ്യക്തമാക്കി ഇന്ത്യന്‍ എംബസിയില്‍ നിന്നും എന്‍.ഒ.സിയും കൈപറ്റി. തുടര്‍ന്ന് പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നു എക്സിറ്റ് അടിക്കുകയും ചെയ്ത ശേഷമാണ് എംബാമിങ് ചെയ്ത് തിരുവനന്തപുരം- ജെറ്റ് എയര്‍വെയ്സില്‍ നാട്ടിലേക്കയക്കാന്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.
Also Read : ഉയര്‍ച്ചകള്‍ കീഴടക്കി 36 വര്‍ഷത്തിന് ശേഷം മലയാളി യുഎഇയില്‍ നിന്ന് നാട്ടിലേക്ക്
എന്നാല്‍ അതിനുശേഷമുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനായി എത്തിച്ചപ്പോള്‍ മുന്‍പത്തെ ഒരു കേസിന്റെ പേരില്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയായിരുന്നു. സൗദിയില്‍ വച്ചുണ്ടായ വാഹനാപകട കേസില്‍ നഷ്ടപരിഹാരമായി 29000 റിയാല്‍ നല്‍കാത്തതിനെ തുടര്‍ന്ന് മത്ലൂബ് ആയി ഇപ്പോഴും കംപ്യുട്ടര്‍ സിസ്റ്റത്തില്‍ രേഖപ്പെട്ടു കിടക്കുന്നതായിരുന്നു മൃതശരീരം തിരിച്ചയക്കാന്‍ കാരണം.
സൗദിനിയമ പ്രകാരം വ്യക്തികള്‍ തമ്മിലുള്ള കേസുകള്‍ക്ക് വ്യക്തി മാപ്പ് നല്കിയാല് മാത്രമേ കേസ് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ തന്നെ രാജന്റെ കേസ് സ്പോണ്സറുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ പൊലിസ് സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹരിച്ച ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. രാജന്റെ കേസ് നടപടികള്‍ സ്പോണ്സര് ഏറ്റെടുക്കുകയും കേസ് പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാകുകയുമായിരുന്നു. സാമൂഹ്യ പ്രവര്ത്തകന് നാസ വക്കമാണ് രാജന്റെ കുടുമ്പത്തിനു വേണ്ടി കാര്യങ്ങള്‍ നീക്കിയത്.
Post Your Comments