പാലക്കാട്: പാലക്കാട് വിക്ടോറിയാ കോളേജിന് പിന്നാലെ കാസര്‍ഗോഡ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും വിരമിക്കുന്ന പ്രിന്‍സിപ്പലിന് നേരെ എസ്എഫ്‌ഐയുടെ വിചിത്ര പ്രതിഷേധം. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലായ പിവി പുഷ്പജക്കാണ് യാത്രയയപ്പു ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ബോര്‍ഡ് വെച്ചും പടക്കം പൊട്ടിച്ചും പ്രതീകാത്മക മരണം ആഘോഷിച്ചും യാത്രയയപ്പ് നൽകിയത്. വിരമിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന് യാത്രയയപ്പ് പരിപാടി ഒരുക്കിയിരുന്നു.
ഇതിനിടെയാണ് പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പണം പിരിച്ച് മിഠായിയും ലഡുവും വാങ്ങി വിതരണം ചെയ്തും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആഘോഷിച്ചതായി ആരോപണമുണ്ട്. കോളജിന്റെ അച്ചടക്കത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്ത നാമമാത്രമായ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജ മാധ്യമങ്ങളോട് പറഞ്ഞു.
പതിവായി ക്ലാസ്സില്‍ കയറാതിരുന്ന കുട്ടികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രിന്‍സിപ്പലായ പുഷ്പജയെ ഉപരോധിച്ച് കൊണ്ട് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു. എസ്എഫ്‌ഐയുടെ ഭീഷണിക്കെതിരെ പ്രിന്‍സിപ്പല്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്തതാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണമെന്നാണ് വിവരം.
Post Your Comments