KeralaLatest NewsNews

ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇടത്താവളങ്ങള്‍; തന്റെ പരാമർശങ്ങൾ ദേവസ്വം മന്ത്രി വളച്ചൊടിക്കുന്നതായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇടത്താവളങ്ങള്‍ പണിയുന്നതിനെക്കുറിച്ച് താൻ നടത്തിയ പരാമര്‍ശനങ്ങളെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വളച്ചൊടിക്കുന്നതായി കുമ്മനം രാജശേഖരൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇടത്താവളങ്ങള്‍ പണിയുന്നതിനെക്കുറിച്ച് ഞാന്‍ നടത്തിയ പരാമര്‍ശനങ്ങളെ ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് വഴി വളച്ചൊടിക്കുന്നത് ഖേദകരമാണ്. ഇടത്താവളങ്ങള്‍ പണിയുവാന്‍ പണം മുടക്കുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ബി.പി.സി.എല്ലും ഐ.ഒ.സിയുമാണെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. അതിനെ അധിക്ഷേപിക്കുന്ന മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ഒരിടത്ത് എന്റെ വാദഗതിയെ തുറന്ന് അനുകൂലിക്കുന്നുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇടത്താവളങ്ങള്‍ പണിയുന്നതിനെക്കുറിച്ച് ഞാന്‍ നടത്തിയ പരാമര്‍ശനങ്ങളെ ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് വഴി വളച്ചൊടിക്കുന്നത് ഖേദകരമാണ്. ഇടത്താവളങ്ങള്‍ പണിയുവാന്‍ പണം മുടക്കുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ബി.പി.സി.എല്ലും ഐ.ഒ.സിയുമാണെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. അതിനെ അധിക്ഷേപിക്കുന്ന മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ഒരിടത്ത് എന്റെ വാദഗതിയെ തുറന്ന് അനുകൂലിക്കുന്നുമുണ്ട്. മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ ‘ഞാന്‍ എഴുതിയ കുറിപ്പുകളില്‍ ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മ്മാണം ഏറ്റെടുക്കുന്നതിനെക്കുറിച്ചും ഇതിന് പകരമായി പെട്രോള്‍ – ഡീസല്‍ പമ്പുകള്‍ക്ക് ദേവസ്വം ബോര്‍ഡുകള്‍ ഭൂമി സൗജന്യമായി 30 വര്‍ഷത്തേക്ക് അനുവദിക്കുന്നതിനെക്കുറിച്ചും എടുത്ത് പറഞ്ഞിട്ടുണ്ട്.’
എണ്ണക്കമ്പനികള്‍ക്ക് പെട്രോള്‍ ബങ്കിന് ദേവസ്വം വക സ്ഥലവും ദേവസ്വം ബോര്‍ഡിന് എണ്ണക്കമ്പനി പണിയുന്ന ഇടത്താവളവും പകരത്തിന് പകരം ലഭിക്കുന്നുവെന്ന് ചുരുക്കം. ഇക്കാര്യത്തില്‍ ഭിന്നതയില്ല. എന്നാല്‍, ഞാന്‍ ഉന്നയിച്ച മര്‍മ്മ പ്രധാനമായ പ്രശ്‌നം മന്ത്രി സ്പര്‍ശിച്ചില്ല. പെട്രോള്‍ ബങ്കിന് ദേവസ്വം ബോര്‍ഡ് നല്‍കുന്ന സ്ഥലത്തിന് 30 വര്‍ഷത്തെ വാടകയായി നിശ്ചയിച്ചിട്ടുള്ളത് മതിപ്പ് വിലയുടെ 5 ശതമാനമാണ്. 3 വര്‍ഷം കഴിയുമ്പോള്‍ 10 ശതമാനം തുക കൂട്ടിക്കൊടുക്കണം. ഇതു പ്രകാരം ദേവസ്വം വക പത്ത് സ്ഥലത്ത് ബങ്കുകള്‍ സ്ഥാപിക്കാന്‍ 40 കോടി രൂപയേ ദേവസ്വം ബോര്‍ഡിന് എണ്ണക്കമ്പനികള്‍ വാടകയായി നല്‍കേണ്ടതുള്ളു. ആ തുക മാത്രമേ ഇടത്താവള നിര്‍മ്മാണത്തിന് ചെലവിടേണ്ടതുള്ളു. എന്നാല്‍ പകരം 96 കോടി രൂപ ചെലവഴിച്ച് കേന്ദ്രസര്‍ക്കാരിന്റെ എണ്ണക്കമ്പനികള്‍ പത്ത് ഇടത്താവളങ്ങള്‍ പണിയുന്നു. 106% തുക കൂടുതലാണ് കമ്പനി ചെലവഴിക്കുന്നത്. അയ്യപ്പന്‍മാര്‍ക്ക് പ്രയോജനപ്പെടുന്ന സേവന പ്രവര്‍ത്തനമെന്ന നിലയില്‍ കൂടുതലായി 49.5 കോടി രൂപ എണ്ണക്കമ്പനികള്‍ ഇടത്താവളത്തിന് വേണ്ടി ചെലവഴിക്കുന്നുവെന്നര്‍ത്ഥം.
ചെങ്ങന്നൂര്‍ ക്ഷേത്രപരിസരത്ത് പണിയുന്ന ഇടത്താവളത്തിന്റെ കാര്യമെടുക്കാം. നിര്‍ദ്ദിഷ്ട പദ്ധതി അനുസരിച്ച് എണ്ണക്കമ്പനി 4,12,50,000 രൂപ ഇടത്താവളത്തിന് ചെലവഴിച്ചാല്‍ മതി. എന്നാല്‍ 9.62 കോടി രൂപയാണ് ഇടത്താവള നിര്‍മ്മാണത്തിന് കമ്പനി ചെലവിടുന്നത്. അഞ്ചരക്കോടി രൂപ (140%) കൂടുതല്‍ നല്‍കുന്നത് ഒരു സഹായമല്ലേ? അത് കേന്ദ്രസര്‍ക്കാരിന്റെ സഹായമാണെന്ന് പറയുന്നതില്‍ ദേവസ്വം മന്ത്രിക്ക് എന്താണിത്ര മാനക്കേട്? ആ പദ്ധതിയുടെ തറക്കല്ലിടുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് അധികൃതരെ മാത്രം പങ്കെടുപ്പിച്ചതില്‍ അപാകതയില്ലേ? ഈ സഹായത്തിന് കേന്ദ്രപെട്രോളിയം വകുപ്പിനെ അഭിനന്ദിച്ചതില്‍ എന്താണ് തെറ്റ്? ഇത് മൂലമുണ്ടാകുന്ന ജാള്യത മറച്ച് വെക്കാന്‍ എന്നെ വിമര്‍ശിച്ചിട്ടെന്ത് കാര്യം? ഇതോടൊപ്പമുള്ള സ്റ്റേറ്റ്‌മെന്റ് എല്ലാ വസ്തുതകളും വ്യക്തമാക്കുന്നുണ്ട്. 30 വര്‍ഷം കഴിയുമ്പോള്‍ ദേവസ്വം വക സ്ഥലം എണ്ണക്കമ്പനികള്‍ ബോര്‍ഡിന് തിരിച്ചു നല്‍കണം. അതേ സമയം എണ്ണക്കമ്പനികള്‍ പണിയുന്ന ഇടത്താവളം തിരിച്ചു നല്‍കേണ്ടതില്ല. ശബരിമല സീസണ്‍ കഴിഞ്ഞാലും ഉപയോഗിക്കാം. വരുമാനമുണ്ടാകും. ഇടത്താവളം പണിയുകയെന്ന കേരളസര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. ആര് നല്ല കാര്യം ചെയ്താലും അഭിനന്ദിക്കേണ്ടത് ജനനന്‍മ ആഗ്രഹിക്കുന്നവരുടെയെല്ലാം കടമയാണ്. സര്‍ക്കാര്‍ കേന്ദ്രമാണോ സംസ്ഥാനമാണോ എന്ന് നോക്കിയല്ല, ജനങ്ങള്‍ക്ക് ഗുണമുണ്ടെങ്കില്‍ തുറന്ന് പറയുവാനുള്ള ആര്‍ജവം ഉണ്ടാകണം. കേന്ദ്രടൂറിസം വകുപ്പ് ശബരിമലയ്ക്കും തീര്‍ത്ഥാടകര്‍ക്കും വേണ്ടി 100 കോടി രൂപയും ആറന്‍മുള, പത്മനാഭ സ്വാമിക്ഷേത്രം, എരുമേലി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ വികസനത്തിനായി 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അതില്‍ ആദ്യ ഗഡു നല്‍കി കഴിഞ്ഞു. ഇതിന്റെ എല്ലാം പ്രവര്‍ത്തനോദ്ഘാടന ചടങ്ങുകള്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമൊക്കെ നടത്തുമ്പോള്‍ പ്രസംഗങ്ങളിലൊരിടത്തെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ സഹായമാണെന്ന് പറയാനുള്ള സന്‍മനസ്സ് കാട്ടണമെന്ന് മാത്രമേ പറയുന്നുള്ളു. വേദിയുടെ ഒരു മൂലയ്‌ക്കെങ്കിലും കേന്ദ്രമന്ത്രിമാരെ ആരെയെങ്കിലും ഇരുത്താന്‍ ദയവുണ്ടാകണേ! ഒരു ബി.ജെ.പി പഞ്ചായത്ത് മെമ്പറെ എങ്കിലും വേദിയില്‍ വേണ്ട, സദസിലെങ്കിലും ഇരുത്താന്‍ തയ്യാറാകേണ്ടതല്ലേ?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button