KeralaLatest NewsNews

കെഎസ്ആര്‍ടിസി തനിനിറം പുറത്തു കാട്ടിയപ്പോള്‍ ഭക്തജനങ്ങള്‍ വലഞ്ഞു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തനിനിറം പുറത്തു കാട്ടിയതോടെ വലഞ്ഞത് ഭക്തജനങ്ങളും. കരിക്കകം ഭക്തര്‍ക്കായുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പോലീസിന്റെ മുന്‍കൂട്ടിയുള്ള നിര്‍ദേശത്തിന് വിരുദ്ധമായി സ്റ്റാന്‍ഡ് മാറ്റിനിര്‍ത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പൊങ്കാലയ്ക്കെത്തിയവര്‍ ബസിനായി ഒരു മണിക്കൂറോളം ആനയറ ബസ്സ്റ്റാന്‍ഡില്‍ വെയിലത്തുനിന്നു. പകരം ബസ് എത്തുന്നതുവരെ ഇവര്‍ മൂന്നിടത്ത് റോഡ് ഉപരോധിക്കുകയും ചെയ്തു.

കെ.എസ്.ആര്‍.ടി.സി. സോണല്‍ തലത്തിലെ ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള തീരുമാനമാണ് ക്രമീകരണം തെറ്റാന്‍ ഇടയാക്കിയതെന്നാണ് ആരോപണം. ആറ്റിങ്ങല്‍, കൊല്ലം ഭാഗത്തേക്കും എം.സി. റോഡിലേക്കും പോകേണ്ട ഭക്തരാണ് പൊരിവെയിലത്ത് വലഞ്ഞത്. ഇവര്‍ക്കുള്ള ബസുകള്‍ ആനയറ കെ.എസ്.ആര്‍.ടി.സി. ഗാരേജ് മുതല്‍ ടോള്‍ ഗേറ്റ് വരെയും വെണ്‍പാലവട്ടം-കഴക്കൂട്ടം റോഡിന്റെ പടിഞ്ഞാറുവശത്തും നേരത്തേ നിര്‍ത്തിയിടണമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. കിഴക്കേക്കോട്ട, തമ്പാനൂര്‍, കോവളം ഭാഗത്തേക്കുള്ള ബസുകള്‍ ലോഡ്സ് ജങ്ഷനു സമീപം നിര്‍ത്തണമെന്നും നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, ആനയറ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന ബസുകള്‍ പൊങ്കാല കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെ ലോഡ്സ് ജങ്ഷനിലേക്ക് മാറ്റുകയാണുണ്ടായത്. പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തര്‍ മടങ്ങാനെത്തിയപ്പോള്‍ സ്റ്റാന്‍ഡില്‍ ഒരു ബസുപോലും ഉണ്ടായിരുന്നില്ല. ആനയറയില്‍നിന്ന് ബസ്സിനായി മറ്റൊരിടത്തേക്ക് പോകാനുള്ള നിര്‍ദേശവും ഭക്തര്‍ക്ക് നല്‍കിയിരുന്നില്ല.

ഒരു മണിക്കൂറിനുള്ളില്‍ കഴക്കൂട്ടം ഭാഗത്തേക്കുപോകേണ്ട ഭക്തരുടെ വന്‍തിരക്കാണ് സ്റ്റാന്‍ഡിലുണ്ടായത്. കനത്ത വെയിലും ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കി. ബസില്ലാത്ത സ്ഥിതി വന്നപ്പോള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഭക്തര്‍ മൂന്നിടത്ത് റോഡ് ഉപരോധിക്കുകയായിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് ആനയറയിലേക്ക് ബസുകള്‍ എത്തിത്തുടങ്ങിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button