ഹൈദരാബാദ്: ഹൈദരാബാദില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. തിരുപ്പതിയില്‍ നിന്നും ഹൈദരാബാദിലേക്ക് വന്ന ഇന്‍ഡിഗോ 6E 7117 എന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
വിമാനത്തില്‍ 73 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. 77 പേരെയും സുരക്ഷിതരായി താഴെ ഇറക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വൃത്തം അറിയിച്ചു. വിമാനത്തിന്റെ ടയര്‍പൊട്ടിയതോടെ റണ്‍വെ തടസ്സപ്പെട്ടു. തുടര്‍ന്ന് ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്യേണ്ട രണ്ട് വിമാനങ്ങളെ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
ഒരു മാസത്തിനിടെ ഇന്‍ഡിഗോ വിമാനത്തില്‍ ഇത്തരത്തില്‍ നിരവധി തകരാറുകളാണ് സംഭവിച്ചത്. ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്ന് മാര്‍ച്ച് 18 ന് ശ്രീനഗറില്‍ വിമാനം അടിയന്തിരമായി താഴെയിറക്കിയിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാര്‍ച്ച് പതിമൂന്നിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 47 വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദ് ചെയ്തിരുന്നു. എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദ് ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Post Your Comments