Latest NewsArticleNews StoryNerkazhchakalWriters' Corner

കെ.കരുണാകരനും അബ്ദുൽ നാസർ മഅദനിക്കും സംഭവിച്ച ഗതി കെ.എം.മാണിക്കുമുണ്ടാകുമോ!

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും കെ എം മാണിയുടെ ഇടത് ചാഞ്ചാട്ടവുമാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ച. ഇടതിലോട്ടോ വലതിലോട്ടോ എന്ന് ഉറപ്പിക്കാതെ നില്‍ക്കുകയാണ് കേരള കോൺഗ്രസും മാണിയും. യുഡിഎഫ് വിടരുതെന്ന് പ്രത്യക്ഷമായും പരോക്ഷമായുമുള്ള ഉപദേശങ്ങള്‍ സഹയാത്രികരായ നേതാക്കന്മാര്‍ മണിയ്ക്ക് നല്‍കി കഴിഞ്ഞു. പക്ഷെ മാണിയുടെ പക്ഷം കൂടുതല്‍ ഇടതിലോട്ടു ചായുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. മാണിയുടെ ആഗ്രഹം പോലെ ഇടതിലേയ്ക്ക് കടക്കണമെങ്കില്‍ സിപിഐ ഒന്ന് കനിയണം. എന്നാല്‍ മാണിയുടെ ഇടത് പ്രവേശനത്തെ നഖ ശിഖാന്തം എതിര്‍ക്കുകയാണ് സിപിഐ. കേരളത്തിലെ ഇടതുമുന്നണിയില്‍ സിപിഎമ്മും സിപിഐയും രണ്ടു വിരുദ്ധ ധ്രുവങ്ങളിലാണ് നില്‍ക്കുന്നത്. കെ.എം.മാണിയുടെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്ന് സിപിഐ (വല്യേട്ടന്‍ പക്ഷം ) ഉറപ്പിക്കുകയാണ്. മലപ്പുറത്ത് അവരുടെ സംസ്ഥാന സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിലെ താഴെപ്പറയുന്ന ഭാഗം അതിനു തെളിവാണ്:

‘കേരള കോൺഗ്രസിനെ എൽഡിഎഫിന്റെ ഭാഗമാക്കാനുള്ള ചില നീക്കങ്ങൾ നടക്കുന്നുണ്ട്. മുൻകാലങ്ങളിലും ഇതുണ്ടായി. ഡിഐസിയെ എൽഡിഎഫിന്റെ ഭാഗമാക്കാൻ നടത്തിയ നീക്കം ഇത്തരത്തിലുള്ളതായിരുന്നു. നമ്മുടെ പൊന്നാനി സീറ്റ് പിഡിപിക്കു കൂടി സ്വീകാര്യനായ സ്ഥാനാർഥിക്കു നൽകി മഅദനിയുമായി ഐക്യമുണ്ടാക്കാനും നീക്കം നടത്തിയിരുന്നു.’’

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണിയെ ഒപ്പം കൊണ്ടുവരണമെന്ന സിപിഎമ്മിന്റെ നിർദേശം ചര്‍ച്ചയായപ്പോള്‍ ഉയര്‍ന്നത് ഇതാണ്; ‘‘മുന്നണി വിപുലീകരണത്തിന്റെ കാര്യത്തിൽ സിപിഎം തീരുമാനങ്ങളെടുക്കുന്നതു വേണ്ടവിധം ആലോചിച്ചും ഗൗരവത്തോടെയുമാണോ എന്നു ഞങ്ങൾക്കു സംശയമുണ്ട്.’’ ഇത് തന്നെയല്ലേ ഇപ്പോഴത്തെ റിപ്പോര്‍ട്ടിലുമുള്ളത്. എന്നാല്‍ എന്താണ് ഇതിലൂടെ സിപിഐ നൽകുന്ന മുന്നറിയിപ്പ്? കെ.കരുണാകരനും അബ്ദുൽ നാസർ മഅദനിക്കും സംഭവിച്ച ഗതി കെ.എം.മാണിക്കുമുണ്ടാകുമെന്നാണോ!

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു നേട്ടങ്ങളുണ്ടാക്കണം. അതിനു യുഡിഎഫിനെ ഛിന്നഭിന്നമാക്കിയേ മതിയാകൂ. രാജ്യത്ത് ഇടതുപക്ഷത്തിനു കൂടുതൽ ലോക്സഭാ സീറ്റ് കിട്ടാൻ സാധ്യതയുള്ള ഏക സംസ്ഥാനം കേരളമാണ്. കിട്ടിവരുന്ന ശരാശരി 43% വോട്ടും വച്ച് എല്ലാക്കാലവും മുന്നിലെത്താമെന്നു കരുതാനാകില്ല. അതുകൊണ്ടു ശോഭനാ ജോർജെങ്കിൽ അവർ, മാണിയെങ്കിൽ മാണി. അങ്ങനെ മാത്രമാണ് സിപിഎം ചിന്തിക്കുന്നത്. എന്നാല്‍ സിപിഐ ഇത് അംഗീകരിക്കുന്നതേയില്ല. ചെങ്ങന്നൂരിൽ മാണിയെ കൊണ്ടുവന്നാൽ നാളെ സിപിഐക്കുണ്ടാകുന്ന നേട്ടം മാവേലിക്കര ലോക്സഭാ സീറ്റ് തിരിച്ചുപിടിക്കാൻ മാണിബന്ധം തുണയാകുമെന്നതാണ്. എന്നാല്‍ ഇതിനു മാണിയുടെ കൂട്ട് ആവശ്യമില്ല എന്നും കേരള കോൺഗ്രസും കോൺഗ്രസും ഇടഞ്ഞതോടെ കോട്ടയം പാർലമെന്റ് സീറ്റിൽത്തന്നെ ഇടതുമുന്നണിക്കു സാധ്യതയുണ്ടെന്നാണ് സിപിഐയുടെ അഭിപ്രായം. ചെങ്ങന്നൂരിൽ മാണിക്കു കിട്ടാന്‍ സാധ്യത ഏറിയാൽ മൂവായിരം വോട്ട് എന്നാണ് സിപിഎം കണക്കു കൂടല്‍. മാണി എല്‍ഡിഎഫിലാണെങ്കില്‍ ആ വോട്ടുകളുടെ പകുതി എങ്കിലും സജിയ്ക്ക് ലഭിക്കും. അല്ല യുഡിഎഫിനാണു മാണിയുടെ പിന്തുണയെങ്കിൽ ആ വോട്ട് മുഴുവൻ ഡി.വിജയകുമാറിനു കിട്ടും. ഇങ്ങനെ നില്‍ക്കുന്ന സാഹചര്യത്തിലാണ് മണിയുടെ നിലപാടിന് പ്രസക്തി ഏറുന്നത്. അതുകൊണ്ട് തന്നെ ഒരു വിലപേശല്‍ തന്ത്രത്തിലാണ് മണിയും കൂട്ടരും ഒരുങ്ങുന്നതെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് പഴയകാര്യങ്ങള്‍ പൊടിതട്ടി ഓര്‍മ്മിപ്പിച്ചുകൊണ്ട് സിപിഐ രംഗത്ത് നില്‍ക്കുന്നത്.

മഅദനിയുടെ ഇടതു പ്രവേശനത്തിലും എതിർപ്പുയർത്തിയതു സിപിഐയാണ്. കൂടാതെ വി.എസ്.അച്യുതാനന്ദന്റെ പിന്തുണകൂടി ഇക്കാര്യത്തില്‍ അവര്‍ക്ക് ലഭിച്ചു. എന്നാല്‍ 2005ലെ ഡിസിസി സഖ്യം മറ്റൊരു തരത്തില്‍ ആയിരുന്നു. അഴിമതി വിരുദ്ധ നയത്തിന്റെ പേരില്‍ പുറത്തക്കപ്പെട്ടപ്പോള്‍ കരുണാകരനും മകനും എൻസിപി തുണയായി. അന്ന് തിരുവമ്പാടി എന്ന അഗ്നി പരീക്ഷയെ മുന്‍നിര്‍ത്തി എൻസിപി സംസ്ഥാന പ്രസിഡന്റ് മുരളി എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചു. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ 246 വോട്ടിന് ഇടതുസ്ഥാനാർഥി ജോർജ് എം.തോമസ് കടന്നുകൂടി. എൻസിപിയുടെ പിന്തുണയും അതിലൊരു പങ്കുവഹിച്ചുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പരസ്യമായി പറഞ്ഞതോടെ കരുണാകരനും മുരളിക്കും പ്രതീക്ഷ കൂടി. പക്ഷേ, അവിടെയും പരാജയപ്പെട്ടു. എൻസിപിയായി എൽഡിഎഫിലെത്താനുള്ള ഉപായം നടക്കില്ലെന്നു സിപിഎം കേന്ദ്രനേതൃത്വം തീർത്തു പറഞ്ഞതോടെ അതുവരെ എൽഡിഎഫിലുണ്ടായിരുന്ന എൻസിപി, മുരളി പ്രസിഡന്റായതിന്റെ പേരിൽ മുന്നണിക്കു പുറത്തായി! ഇപ്പോള്‍ മാണിയും മകന്‍ ജോസ് കെ മണിയ്ക്കും മേലാണ് നോട്ടം. ആര് അകത്ത് ആര് പുറത്ത്. കൈവിടാന്‍ മനസ്സില്ലാതെ ചാണ്ടിയും കൂട്ടരും അനുനയവുമായി അടുത്തു കൂടുമ്പോള്‍ വരും നാളുകളില്‍ മാണിയുടെ പന്ത് ഏത് കോര്‍ട്ടിലേയ്ക്ക് പറക്കുമെന്ന് കാത്തിരുന്നു കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button