ന്യൂഡല്‍ഹി: അണ്ണ ഡിഎംകെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെയും പരിഗണിക്കാനാവാതെ ലോക് സഭ പിരിഞ്ഞു. കാവേരി ബോര്‍ഡ് രൂപീകരിക്കണം എന്നാവശ്യപ്പെട്ടാണ് അണ്ണ ഡിഎംകെ പ്രവര്‍ത്തകര്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ തുടര്‍ച്ചയായി പതിനാറാം ദിവസമാണു പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിക്കുന്നത്.
സഭകൂടി രാവിലെ 11ന് ലോക്സഭ ചേര്‍ന്നയുടന്‍ അണ്ണാ ഡിഎംകെ. അംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ, തങ്ങളുടെ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, ടി.ഡി.പി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, മുസ്ലിംലീഗ് അംഗങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. എന്നാല്‍, അണ്ണാ ഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭ നിര്‍ത്തിവച്ച് 12 മണിവരെ പിരിഞ്ഞു. തുടര്‍ന്നു സമ്മേളിച്ച ശേഷവും ബഹളം തുടര്‍ന്നതോടെ ഇന്നലെയും പിരിയുകയായിരുന്നു.
പ്രതിപക്ഷം സഹകരിക്കാത്തതിനാലാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാത്തതെന്നു പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ വ്യക്തമാക്കി. ബഹളത്തിനിടെ അംഗങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയില്ലെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കറും അറിയിച്ചു. തോട്ട നരസിംഹം (ടി.ഡി.പി), മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), മുഹമ്മദ് സലിം (സി.പി.എം), ജയ്ദേവ് ഗല്ല (വൈ.എസ്.ആര്‍. കോണ്‍ഗ്രസ്) എന്നിവരും മറ്റു ചില അംഗങ്ങളും അവിശ്വാസപ്രമേയനോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു.
Post Your Comments