ലണ്ടന്‍ : ലണ്ടനില്‍ നൈജീരിയന്‍ എംപിയുടെ മകന് കൊല്ലപ്പെട്ടു. നൈജീരിയന്‍ അസംബ്ലിയിലെ അംഗമായ ഡോലാപോ ബദ്രുവിന്റെ മകന് അബ്രഹാം ബദ്രു എന്ന 26കാരനാണ് കൊല്ലപ്പെട്ടത്. സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ അബ്രഹാം കൊല്ലപ്പെട്ടത് കാറിന് പുറത്തിറങ്ങുമ്പോഴാണ്. കാറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തന്റെ അമ്മ നോക്കിനില്‍ക്കുമ്പോഴായിരുന്നു അബ്രഹാം വെടിയേറ്റ് വീണതെന്നാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. ഇത് കണ്ട് അമ്മ ബോധരഹിതയായി നിലം പതിക്കുകയായിരുന്നു. ഗ്ലൗസെസ്റ്റര്‍ഷെയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സ്പോര്‍ട്സ് കോച്ചിംഗില്‍ മാസ്റ്റേര്‍സ് ഡിഗ്രി നേടിയിട്ടുണ്ട് ഈ ചെറുപ്പക്കാരന്. ഇതിന് പുറമെ ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സിലില്‍ സ്പോര്‍ട്ട് ഡെവലപ്മെന്റ് ഓഫീസറായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
എബ്രഹാമിന്റെ കൊലയോടെ ലണ്ടനില്‍ കഴിഞ്ഞ 12 ദിവസങ്ങള്‍ക്കുള്ളില്‍ പത്ത് ചെറുപ്പക്കാരുടെ ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ഇതോടെ ലണ്ടന്‍ ആര്‍ക്കും വഴി നടക്കാന്‍ വയ്യാത്ത നഗരമായി മാറുമോ എന്ന ആശങ്ക ശക്തമാകുന്നുണ്ട്. മാര്‍ച്ച് 14നായിരുന്നു രണ്ട് യുവാക്കളെ കുരുതികൊടുത്തുകൊണ്ട് ഈ കൊലപാതക പരമ്പരയ്ക്ക് തുടക്കം കുറിച്ചത്. ഈസ്റ്റ് ലണ്ടനിലെ ചാഡ് വെല്‍ ഹീത്തില്‍ വച്ച് കുത്തേറ്റ് മരിച്ച ലിന്‍ഡന്‍ ഡേവിസ് എന്ന 18കാരനായിരുന്നു ആദ്യ ഇര. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വാല്‍ത്താംസ്റ്റോയിലെ എസെക്സ് ക്ലോസില്‍ സ്റ്റേഷനറി കാറില്‍ ഇരിക്കവെ അന്ന് ജോസഫ് വില്യംസ്-ടോറെസ് എന്ന 20 കാരനും വെടിയേറ്റ് മരിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 17ന് റസ്സല്‍ ജോണ്‍സ് എന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി വെടിയേറ്റും കുത്തേറ്റും മരിച്ചിരുന്നു.
ഞായറാഴ്ച രാവിലെ 10.50ന് ഹെര്‍സി ഹെര്‍സി എന്ന പേരും നവോമി എന്ന വിളിപ്പേരുമുള്ള ട്രാന്‍സ് വുമണ്‍ ഹൗന്‍സ്ലോയിലെ ഹാസ്ലെമെരെ അവന്യൂവിലെ ഹീത്രോ പാലസില്‍ വച്ച് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് അതേ ദിവസം സെന്റ്പാട്രിക്ക് ഡേ പാര്‍ട്ടി കഴിഞ്ഞ് വരുന്നതിനിടെ 42 കാരനായ ടൈറോന് സില്‍കോട്ടും കത്തിക്കുത്തേറ്റാണ് മരിച്ചത്. മാര്‍ച്ച് 19ന് ജെര്‍മെയ്നെ ജോണ്സന് (41), എന്നയാള്‍ വാര്‍ത്താംസ്റ്റോയില്‍ വച്ച് കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. അന്നേ ദിവസം ഉച്ചക്ക് ശേഷം 48കാരനായ ബാല്‍ബിര്‍ ജോഹല്‍ സൗത്താളില്‍ വച്ച് കുത്തേറ്റതിനെ തുടര്‍ന്ന് മരിച്ചിരുന്നു. എബ്രഹാമിന്റെ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ 020 8345 3985 എന്ന നമ്പറിലോ അല്ലെങ്കില്‍ പേര് വെളിപ്പെടുത്താതെ ക്രൈംസ്റ്റോപ്പേര്‍സ് നമ്പറായ 0800 555 111ലോ അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം.
Post Your Comments