Latest NewsKeralaNews

ചെയിന്‍ വലിച്ച്‌ തീവണ്ടി നിര്‍ത്തി: അന്വേഷിക്കാനിറങ്ങിയ ഗാര്‍ഡിനെക്കൂട്ടാതെ വണ്ടിവിട്ടു, സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ

തൃക്കരിപ്പൂര്‍: പൊടിശല്യം രൂക്ഷമായതു കാരണം ശ്വാസംമുട്ടിയ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി. ഇതന്വേഷിക്കാന്‍ പുറത്തിറങ്ങിയ ഗാര്‍ഡ് തിരികെ കയറുംമുമ്പ് തീവണ്ടി വിട്ടു. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലാണ് സംഭവം. ഗാര്‍ഡില്ലാതെ ഓടിയ തീവണ്ടി ചെറുവത്തൂരില്‍ നിര്‍ത്തിയിടുകയും പിന്നാലെ വന്ന തീവണ്ടി തൃക്കരിപ്പൂര്‍ വെള്ളാപ്പ് ഗേറ്റില്‍ നിര്‍ത്തി ഗാര്‍ഡിനെ കയറ്റി ചെറുവത്തൂരിലെത്തിക്കുകയായിരുന്നു.

മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്പ്രസ് പയ്യന്നൂര്‍ വിട്ടയുടനെയാണ് ശക്തമായ പൊടിശല്യമുണ്ടായതെന്ന് യാത്രക്കാര്‍ പറഞ്ഞു. കാരോളത്തെത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളംവെച്ച്‌ കരയാന്‍ തുടങ്ങി. ശക്തമായ ശ്വാസംമുട്ടലനുഭവപ്പെട്ടു. തുടര്‍ന്നാണ് അപായച്ചങ്ങല വലിച്ചത്. തൃക്കരിപ്പൂര്‍ മുതല്‍ ഒളവറ വരെ തിങ്കളാഴ്ച ഉച്ചയ്ക്ക് ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ നിറച്ചിരുന്നു. ഇതിനുശേഷം ആദ്യം കടന്നുപോയ വണ്ടി ഏറനാടായിരുന്നു. ഇതായിരിക്കും പൊടിശല്യത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

വഴിയിലായ ഗാര്‍ഡ് തൊട്ടടുത്ത പയ്യന്നൂര്‍, ചെറുവത്തൂര്‍ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു. ഓട്ടോറിക്ഷയില്‍ ചെറുവത്തൂരിലെത്താന്‍ ആലോചന നടത്തിയെങ്കിലും സമയം നഷ്ടപ്പെടുമെന്നതിനാല്‍ വേണ്ടെന്നുവെച്ചു. പിന്നാലെ വന്ന യശ്വന്ത്പുര്‍ എക്‌സ്​പ്രസ് തൃക്കരിപ്പൂര്‍ വെള്ളാപ്പ് ഗേറ്റില്‍ നിര്‍ത്തിയാണ് ഗാര്‍ഡിനെ ചെറുവത്തൂരിലെത്തിച്ചത്. തുടര്‍ന്ന് ഗാര്‍ഡ് കയറിയ ശേഷമാണ് ഏറനാട് യാത്ര തുടര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button