CinemaLatest NewsIndiaNews

ശ്രീവിദ്യയുടെ ഫ്‌ളാറ്റ് വാങ്ങാന്‍ ആളില്ല: വിലകുറച്ച് നൽകാൻ ആദായ നികുതി വകുപ്പ്

ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്‌ളാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്‌ളാറ്റ് ലേലത്തിനു വച്ചത്. 1.14 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാങ്ങാന്‍ ആരും വരാത്തതോടെ ലേലം മുടങ്ങി.കുടിശിക ഈടാക്കിയ ശേഷം ബാക്കി തുക ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശമുള്ള കെ.ബി. ഗണേശ്‌കുമാര്‍ എംഎല്‍എയ്ക്കു കൈമാറാനാണു ആദായ നികുതി വകുപ്പിന്റെ തീരുമാനം.

അടുത്ത ലേലത്തില്‍ അടിസ്ഥാന വില കുറയ്ക്കണോയെന്നു പിന്നീട് തീരുമാനിക്കും. ശ്രീവിദ്യയുടെ മരണശേഷം 2006ലാണു ഫ്‌ളാറ്റ് ആദായനികുതി വകുപ്പ് ഏറ്റെടുത്തത്. അന്നു മുതല്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. ശ്രീവിദ്യയുടെ പേരിലുള്ള 45 ലക്ഷം രൂപ ആദായ നികുതി കുടിശിക ഈടാക്കുന്നതിനാണ് ഫ്ളാറ്റ് ലേലം ചെയ്യുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേശിന്റെ അനുമതിയോടെയാണ് ഫ്ളാറ്റ് ലേലത്തിന് വച്ചിരിക്കുന്നത്. അഭിഭാഷകനായ ഉമാശങ്കര്‍ എന്നയാളാണ് ഈ ഫ്ളാറ്റില്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നത്. ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ഇവിടെ വാടകക്കാരനാണ്.

ആദായ നികുതി സംബന്ധിച്ച കേസുകള്‍ ഗണേശ് കുമാറിന് അറിയാമെന്ന് ഉമാശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ മാസവാടകയായ 13,000 രൂപ ആദായ നികുതി വകുപ്പിനാണ് നല്‍കുന്നത്.1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. അതാണ് കുടിശിക കൂടി 45 ലക്ഷം രൂപ ആയത്. മാസവാടകയായ 13,000 രൂപ കൊണ്ട് മാത്രം ആദായ നികുതി കുടിശിക തീരില്ല. ഈ സാഹചര്യത്തിലാണ് ഫ്ളാറ്റ് വില്‍ക്കാന്‍ തീരുമാനിച്ചത്. ശ്രീവിദ്യ വിശ്വസിച്ചേല്‍പ്പിച്ച ഗണേശ് കുമാറിന്റെ കൈകള്‍ക്കിടയിലൂടെയാണ് നടിയുടെ ഒരു സ്വത്ത് ലേലത്തിലേക്ക് പോകുന്നത്.

ശ്രീവിദ്യ തന്റെ സ്വത്തുക്കളുടെ സംരക്ഷകനായി ഗണേശ് കുമാറിനെ നിയമിച്ചിട്ടും ശ്രീവിദ്യയുടെ സ്വത്തുക്കളും സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കപ്പെടാതെ പോവുന്ന അവസ്ഥ ആരാധകര്‍ക്കും വേദനാജനകമായി മാറുകയാണ്. നേരത്തെ ശ്രീവിദ്യയുടെ ചെന്നൈയിലെ മഹാബലി പുരത്തെ വീടും ഗണേശ് കുമാര്‍ വിറ്റതായി ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ ആരോപിച്ചിരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കള്‍ ഗണേശ് കുമാര്‍ കയ്യടക്കി വെയ്ക്കുകയാണെന്നും ഇയാള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ശ്രീവിദ്യ ഗണേശ് കമാറിന് എഴുുതിയ ഓസ്യത്തില്‍ പാവപ്പെട്ട കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്താന്‍ സംഗീത നൃത്ത അക്കാഡമി ഉണ്ടാക്കണമെന്നും സ്കോളര്‍ഷിപ്പ് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഗണേശ് യാതൊരു നടപടികളും എടുത്തില്ല. നടിയുടെ ആഗ്രഹം സഫലമാക്കാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഗണേശ് ഉപയോഗിച്ചു എന്ന ആരോപണം അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ തന്നെ ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ ഉന്നയിച്ചിരുന്നു. രണ്ടു മാസത്തിനു ശേഷം വീണ്ടും വില കുറച്ചു ലേലം നടത്തുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button