തിരുവനന്തപുരം: പട്ടം ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്ഥിനികളെയും ഒടുവില്‍ കണ്ടെത്തി. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം നടക്കവേ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തിയത്. കുട്ടികൾ കറങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നു അന്വേഷണത്തിൽ സൂചന ലഭിച്ചിരുന്നു. തിരുവനന്തപുരം പൊലീസ് കുട്ടികള്‍ക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം പൊലീസ് നിര്‍ദ്ദേശം നല്‍കുകയുണ്ടായി.
തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചുറ്റിത്തിരിഞ്ഞ കുട്ടികളെ റെയില്‍വേ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികളെ കണ്ട വിവരം തിരുവനന്തപുരം പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ് അധികൃതര്‍ വിദ്യാര്‍ത്ഥിനികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ തൃശ്ശൂരിലേക്ക് തിരിച്ചു.കുട്ടികള്‍ ഉല്ലാസ യാത്രക്ക് പോയതാണെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങല്‍ പുറത്തു വന്നിട്ടില്ല. നന്ദന ആര്‍ രതീഷ്, ആര്‍. രഞ്ജു എന്നീ പെണ്‍കുട്ടികളേയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായത്.
ഇവര്‍ അന്നേദിവസം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് എത്തിയിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ വിരുന്നുണ്ടെന്ന് പറഞ്ഞ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങി. ഇവര്‍ പട്ടത്ത് കൂട്ടുകാര്‍ക്കൊപ്പം കൂടിയ ശേഷം സന്ധ്യയോടെ മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് ഓട്ടോയില്‍ കയറിയെന്നാണ് കൂട്ടുകാര്‍ നല്‍കുന്ന വിവരം. പിന്നീട് ഇവരെ പറ്റി വിവരം ലഭിച്ചിരുന്നില്ല. ഇരുവരേയും കൈവശം കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതിനാല്‍ ഇരുവരും ദൂരത്തേക്ക് പോയിക്കാണില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതേച്ചൊല്ലിയും മൊബൈല്‍ ഉപയോഗത്തെ ചൊല്ലിയുമെല്ലാം വീട്ടില്‍ ഇടയ്ക്കിടെ വഴക്കിട്ടിരുന്നു ഇരുവരും. പുറത്ത് കറങ്ങിനടന്ന് വൈകിയെത്തുന്നതും കലഹങ്ങള്‍ക്ക് കാരണമായിരുന്നു. കുട്ടികള്‍ എവിടെയാണ് ഇറങ്ങിയതെന്നും മറ്റും സ്ഥിരീകരിക്കാന്‍ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
Post Your Comments