ദുബായ്•ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വിജയികളായത് രണ്ടുപേര്‍. ഒരു മലയാളി യുവാവും ഒരു ജോര്‍ദ്ദാനിയന്‍ പൗരനുമാണ് ഓരോ മില്യണ്‍ ഡോളര്‍ (ഏകദേശം 6.49 കോടി ഇന്ത്യന്‍ രൂപ) വീതം സമ്മാനമായി നേടിയത്.
266 ാം സീരീസിലെ 4255 എന്ന ടിക്കറ്റ് നമ്പരാണ് ധനീഷ് കോതരംബന്‍ എന്ന 25 കാരനെ 1 മില്യണ്‍ ഡോളര്‍ വിജയിയാക്കിയത്. ഒരാഴ്ച മുന്‍പ് അവധിയ്ക്ക് കേരളത്തിലേക്ക് പോകുംവഴിയാണ് ജീവിതത്തില്‍ ആദ്യമായി ധനീഷ് മില്യണ്‍ ഡോളര്‍ പ്രമോഷന്‍ ടിക്കറ്റ് വാങ്ങുന്നത്. ഒന്നര വര്‍ഷമായി ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയാണ് ധനീഷ്.
ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും വലിയ തുക താന്‍ വിജയിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ധനീഷ് പറഞ്ഞു. അത്ഭുതകരമായ സമ്മാനത്തിന് ദൈവത്തിനും ദുബായ് ഡ്യൂട്ടി ഫ്രീയ്ക്കും നന്ദി പറയുന്നതായും ധനീഷ് പറഞ്ഞു.
267 ാം സീരീസിലെ 1090 നമ്പര്‍ ടിക്കറ്റ് ആണ് ജോര്‍ദ്ദാന്‍ സ്വദേശി യസാന്‍ ഖര്‍യൌത്തിയെ കോടിപതിയാക്കിയത്. 34 കാരനായ ഇദ്ദേഹം ഷാര്‍ജയിലാണ് താമസം. ദുബായ് ഡ്യൂട്ടി ഫ്രീ മത്സരത്തില്‍ സ്ഥിരം പങ്കാളിയായ ഇദ്ദേഹം കഴിഞ്ഞ 6 വര്‍ഷത്തിനിടെ 70 ഓളം ടിക്കറ്റുകള്‍ വാങ്ങിയിട്ടുണ്ട്. “എന്റെ ജീവിതത്തിലെ രണ്ടാമത്തെ ഏറ്റവും സന്തോഷകരമായ നിമിഷമാണിത്. ആദ്യത്തേത് സുന്ദരിയായ എന്റെ ഭാര്യയെ ഞാന്‍ വിവാഹം ചെയ്തപ്പോഴായിരുന്നു”- യസാന്‍ പറഞ്ഞു.
മാര്‍ബിള്‍, ഗ്രാനൈറ്റ് നിര്‍മ്മാണ വിതരണ കമ്പനിയില്‍ ജനറല്‍ മാനേജരായി ജോലി നോക്കുകയാണ് ഇദ്ദേഹം.
Post Your Comments