അൽഹസ്സ•പതിനെട്ടു വർഷക്കാലം സ്വന്തം കുടുംബത്തിന് വേണ്ടി പ്രവാസിയായി ജോലി ചെയ്തു കഷ്ടപ്പെട്ടപ്പോൾ ഇന്ദര ദണ്ഡപാണി കരുതിയില്ല, തന്റെ മൃതദേഹം പോലും ഏറ്റുവാങ്ങാൻ തയ്യാറാകാതെ, തന്നെ തള്ളിപ്പറയുന്ന ഒരു കാലം വരുമെന്ന്. മൃതദേഹം സൗദിയിൽ അടക്കം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകാൻ പോലും പണം ആവശ്യപ്പെട്ട അവരുടെ ഭർത്താവിന്റെ ക്രൂരതയ്ക്ക് മുന്നിൽ പകച്ചു പോയെങ്കിലും, നാലു മാസം നീണ്ടു നിന്ന നിരന്തരമായ പരിശ്രമത്തിന് ഒടുവിൽ നവയുഗം സംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകർ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മറവ് ചെയ്തു
അൽഹസ്സയിലെ കെളേബിയ എന്ന സ്ഥലത്ത്, ജോലി ചെയ്തിരുന്ന വീട്ടിൽ ആത്മഹത്യ ചെയ്ത ഇന്ദര ദണ്ഡപാണി എന്ന തമിഴ്നാട്ടുകാരിയുടെ കഥ ആരുടേയും കരളലിയിപ്പിയ്ക്കുന്നതാണ്.
ഭർത്താവും, രണ്ടു പെൺമക്കളും, ഒരു മകനും ഉൾപ്പെട്ട സ്വന്തം കുടുംബത്തിന്റെ ദാരിദ്ര്യത്തെ ഇല്ലാതാക്കാനാണ് തമിഴ്നാട് മോട്ടൂർ സ്വദേശിനിയായ ഇന്ദര ദണ്ഡപാണി, പതിനെട്ടു വർഷം മുൻപ് പ്രവാസജീവിതം തുടങ്ങിയത്. പത്തു വർഷം കുവൈറ്റിൽ ജോലി ചെയ്ത ശേഷം, കഴിഞ്ഞ എട്ടു വർഷമായി സൗദിയിലെ അൽഹസ്സയിൽ ഒരു സൗദി ഭവനത്തിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു.
പത്തുമാസങ്ങൾക്ക് മുൻപാണ്, ജോലി ചെയ്തിരുന്ന വീട്ടിൽ, സ്വന്തം മുറിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ ഇന്ദരയെ കണ്ടെത്തിയത്. മദ്യപാനിയും കുടുംബത്തെ നോക്കാത്തവനുമായ ഭർത്താവ് മൂലം ഉണ്ടായ കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കത്തെഴുതി വെച്ചിരുന്നു. തുടർന്ന് സ്പോൺസർ ഇന്ദരയുടെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാൻ ആവശ്യമായ രേഖകളും സമ്മതപത്രവും അയച്ചു തരാൻ ആവശ്യപ്പെട്ടു. പല ഒഴിവുകഴിവുകളും പറഞ്ഞൊഴിഞ്ഞ അയാൾ, വിവിധ കാരണങ്ങൾ പറഞ്ഞു, രേഖകൾ അയയ്ക്കണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. സ്പോൺസർ കുറച്ചു പണം അയച്ചു കൊടുത്തെങ്കിലും അയാൾ ആവശ്യമായ രേഖകൾ അയച്ചു കൊടുത്തില്ല. അങ്ങനെ ബന്ധുക്കൾ ഏറ്റുവാങ്ങാൻ ഇല്ലാതെ, ഇന്ദരയുടെ മൃതദേഹം അൽഹസ്സ സർക്കാർ ആശുപത്രി മോർച്ചറിയിൽ, പത്തു മാസങ്ങളോളം കിടന്നു.
നാലു മാസങ്ങൾക്ക് മുൻപ്, മറ്റു ചിലർ നൽകിയ വിവരം അനുസരിച്ച് ഇന്ദരയുടെ സ്പോൺസർ നവയുഗം ജീവകാരുണ്യപ്രവർത്തകനായ ഹുസ്സൈൻ കുന്നിക്കോടിനെ ബന്ധപ്പെട്ട്, ഈ കേസിൽ സഹായം അഭ്യർത്ഥിച്ചു. ഹുസ്സൈൻ കുന്നിക്കോട്, നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളിയുടെയും, സാമൂഹ്യപ്രവർത്തകൻ മണി മാർത്താണ്ഡത്തിന്റെയും സഹായത്തോടെ ഈ കേസിൽ നിരന്തരമായി ഇടപെടലുകൾ നടത്തി. ഇന്ദരയുടെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ട് നവയുഗം ജീവകാരുണ്യപ്രവർത്തകർ സംസാരിച്ചപ്പോൾ, മൃതദേഹം നാട്ടിൽ അയക്കേണ്ട എന്നും, സൗദിയിൽ തന്നെ അടക്കിയിട്ട് , നാട്ടിലേയ്ക്ക് അയയ്ക്കാൻ ചിലവ് വരുമായിരുന്ന തുക തനിയ്ക്ക് അയച്ചു തരാനുമാണ് അയാൾ പറഞ്ഞത്. അതോടെ, തീരെ മനുഷ്യത്വമില്ലാത്ത അയാളെ ഒഴിവാക്കി, ഇന്ദരയുടെ മക്കളുടെ അനുമതിപത്രം വാങ്ങി, മൃതദേഹം സൗദിയിൽ തന്നെ അടക്കാനുള്ള നിയമനടപടികൾ നവയുഗം ജീവകാരുണ്യപ്രവർത്തകർ തുടങ്ങി.
നാട്ടിൽ ചില സുഹൃത്തുക്കൾ വഴി അന്വേഷിച്ചപ്പോൾ, ഇന്ദരയുടെ മൂന്നു മക്കളും ബന്ധുക്കൾക്കൊപ്പം വേറെ വേറെ സ്ഥലങ്ങളിൽ ആണ് താമസിയ്ക്കുന്നത് എന്ന് മനസ്സിലായി. ഏറെ പ്രയാസങ്ങൾക്കൊടുവിൽ മൂന്നു മക്കളെയും കണ്ടെത്തി, അവരിൽ നിന്നും അനുമതിപത്രം വാങ്ങി സൗദിയിലെത്തിച്ചു. അങ്ങനെ എംബസ്സിയുടെ സമ്മതവും, മറ്റു നിയമനടപടികളും നവയുഗം ജീവകാരുണ്യപ്രവർത്തകർ പെട്ടെന്ന് പൂർത്തിയാക്കി, മൃതദേഹം സൗദിയിൽ തന്നെ മറവ് ചെയ്യാനുള്ള അനുമതി നേടിയെടുത്തു.
അങ്ങനെ പത്തു മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം , മൃതദേഹം അൽഹസ്സയിൽ പൊതുശ്മശാനത്തിൽ അടക്കം ചെയ്തു.
Post Your Comments