Latest NewsArticleNews Story

കെ എം മാണിയും കേരളാ കോണ്‍ഗ്രസും ഇടത്തോട്ടോ വലത്തോട്ടോ?

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വന്നതുമുതല്‍ ചര്‍ച്ചയായ വിഷയമാണ് കെ എം മാണിയുടെ നിലപാട്. വലതില്‍ നില്‍ക്കണോ അതോ ഇടത്തോട്ടു ചായാണോ എന്ന് ഉറപ്പിക്കാതെ നില്‍ക്കുകയാണ് കെ എം മാണിയും കേരളാ കോണ്‍ഗ്രസും. എന്തായാലും എങ്ങോട്ട് ചായണം എന്ന തീരുമാനം ഉടന്‍ മാണി എടുക്കും. ബാര്‍ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കെ.എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. മാണിക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നു വിജിലന്‍സിനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. രാജേഷ് ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്. തനിക്കെതിരെ മുന്‍പ് രണ്ടുതവണ തുടരന്വേഷണം നടത്തിയിട്ടും തെളിവൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ വീണ്ടും തുടരന്വേഷണം നടത്തുന്നതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ.എം. മാണി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടു പരിശോധിച്ചശേഷം കോടതി കേസ് തീര്‍പ്പാക്കിയതായി ഉത്തരവിടുകയായിരുന്നു. ഇതോടെ നിയമകുരുക്കുകളെല്ലാം തീരുകയും ബാര്‍ കോഴയിലെ ആശങ്കയെല്ലാം മാറുകയും ചെയ്തു. അതിനാല്‍ സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ മാണിക്കാകും. കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ബിജെപിയും മറ്റു പാര്‍ട്ടികളോടൊപ്പം രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ പ്രസക്തി കൈവന്നുവെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

ഇടത് ചായ്‌വ് മാണിയ്ക്കുണ്ടെന്നു കണ്ട പിജെ ജോസഫും മോന്‍സ് ജോസഫും യുഡിഎഫിന് അനുകൂല തീരുമാനം എടുക്കണമെന്ന സൂചന കെ എം മാണിക്ക് നല്‍കി കഴിഞ്ഞു. എന്നാല്‍ ഇടതിലേയ്ക്ക് എത്താന്‍ മാണി അല്പം സൂക്ഷിക്കണം. കാരണം കടന്നാക്രമണവുമായി സിപിഐ മാണിയ്ക്ക് പ്രതിസന്ധി തീര്‍ക്കുന്നുണ്ട്. എന്ത് വന്നാലും ഇടതുപക്ഷത്ത് മാണിയെ എടുക്കില്ലെന്നാണ് സിപിഐ പറയുന്നത്. ഇത്തരം ഒരു വിഷയം നില്‍ക്കുന്നതിനാല്‍ യുഡിഎഫിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് പിജെ ജോസഫിനുള്ളത്. എന്നാല്‍ സിപിഎമ്മുമായി ചില ധാരണകള്‍ മാണി ഇതിനിടയില്‍ ഉണ്ടാക്കിയിരുന്നു. ചെങ്ങന്നൂരില്‍ അടക്കം കേരളാ കോണ്‍ഗ്രസ് പിന്തുണ സിപിഎം സ്ഥാനാര്‍ത്ഥിക്ക് നല്‍കുമെന്ന പരോക്ഷ ഉറപ്പും നല്‍കി.അതുകൊണ്ട് തന്നെ ഇടതുപക്ഷത്ത് ഐക്യം തന്റെ കാര്യത്തില്‍ ഉണ്ടാകണമെന്നാണ് മാണിയുടെ പക്ഷം.

അതിനിടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ പിന്തുണ തേടുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുകയുമാണ്. ചെങ്ങന്നൂരില്‍ ഓരോ വോട്ടും സിപിഎമ്മിനു നിര്‍ണായകമെന്നു വ്യക്തം. അതുകൊണ്ട് തന്നെ ഏകദേശം 3000 വോട്ടുള്ള കെ.എം. മാണിയെ ഇടതുപാളയത്തിലെത്തിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ ചെങ്ങന്നൂരിന്റെ പേരില്‍ മാണിയെ സിപിഎം മുന്നണിയിലെക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനു സിപിഐ എതിരാണ്. മാണിയുമായി ബന്ധം വേണ്ടെന്ന സിപിഐ. കേരള ഘടകത്തിന്റെ നിലപാടിനെ ദേശീയ നേതൃത്വവും പിന്തുണച്ചു. എന്നാല്‍ മാണി വിഷയത്തില്‍ എല്‍.ഡി.എഫ്. തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് സിപിഎം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനു കാരണം തന്നെ നേരില്‍കണ്ട് സിപിഎം. സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പിന്തുണ ആവശ്യപ്പെട്ടെന്ന് മാണി തുറന്നുപറഞ്ഞതോടെയാണ് വീണ്ടും മാണിയുടെ ഇടത് ചായ്‌വ് ചര്‍ച്ചയായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്നും ചെങ്ങന്നൂര്‍ പിടിച്ചെടുത്തെങ്കിലും നേടിയ വോട്ടിന്റെ എണ്ണത്തില്‍ നിസാര വര്‍ധനയേ ഉണ്ടായിരുന്നുള്ളൂ. മാണിയുടെ പിന്തുണയുണ്ടെങ്കില്‍ സജി ചെറിയാന്‍ ജയിക്കുമെന്ന് സിപിഎം കരുതുന്നു. മാണിക്കും സിപിഎമ്മിനെ പിന്തുണയ്ക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സിപിഐയുടെ വിമര്‍ശനങ്ങള്‍ കല്ലുകടിയുമാണ്.

അതെ സമയം മാണിയുടെ വോട്ടു തേടുന്നതില്‍ തെറ്റില്ലെന്ന ധാരണ ബിജെപിയ്ക്കും ഉണ്ട്. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ ബിജെപി മുന്നണി അപ്രസക്തമാണെന്ന നിലപാടിലാണ് മാണി. അതുകൊണ്ട് തന്നെ ബിജെപിയിലേക്ക് മാണി പോകുമോ എന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ ഇടതുപക്ഷം എതിര്‍പ്പ് തുടര്‍ന്നാല്‍ യുഡിഎഫിലേക്ക് തന്നെ മാണി മടങ്ങുമെന്നാണ് സൂചന. വരുന്ന ഇടതുമുന്നണി യോഗത്തിലെ തീരുമാനമാകും ഈ തര്‍ക്കത്തില്‍ നിര്‍ണായകമാകുക. അടുത്ത യോഗം മാണിക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ഇത് മനസ്സിലാക്കിയ ശേഷമാകും മാണി നിലപാട് പ്രഖ്യാപിക്കുക. ഇടതുപക്ഷം തള്ളിയാല്‍ യുഡിഎഫിലേക്ക് മാണി പോകുമെന്നാണ് സൂചന. ബാര്‍ കോഴയില്‍ കുറ്റവിമുക്തനായതോടെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ മുന്നണിയില്‍ തീരുമാനം എടുക്കും. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മാണിയെ അനുനയിപ്പിച്ച്‌ യുഡിഎഫിലെത്തിക്കാന്‍ സജീവ ഇടപെടലുകള്‍ നടത്തുന്നുമുണ്ട്. ഇത് ഫലം കാണുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും. കോട്ടയത്ത് യുഡിഎഫ് സാധ്യത ഉയര്‍ത്താന്‍ മാണിയിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ മാണിയെ കോണ്‍ഗ്രസിലേക്ക് ഇതിനോടകം സ്വാഗതം ചെയ്തിട്ടുണ്ട്. എന്തായാലും മാണിയുടെ ചുവട് എങ്ങോട്ടെന്നു കണ്ടറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button