Latest NewsNewsIndiaInternational

പ്രധാനമന്ത്രി മോദിയെ ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി വെബ്‌സൈറ്റ് പ്രചാരണം

ലണ്ടന്‍: ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നരേന്ദ്രമോദിയും. ഊരും പേരുമില്ലാതെ ചില വെബ് സൈറ്റുകളാണ് ഇത്തരത്തിൽ നുണക്കഥ പ്രചരിപ്പിക്കുന്നത്. മോഡി വിരുദ്ധർ ഇത് ഏറ്റെടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന തരത്തിൽ ഇത്തരം ഫേക്ക് വെബ് സൈറ്റുകളിലും ഫേക്ക് ഐഡികളിലും ഉറവിടമറിയാത്ത വാര്‍ത്തകളും ഊരുംപേരുമില്ലാത്ത വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. ഫെയ്ക്ക് ന്യൂസിന്റെ പ്രചാരം യഥാര്‍ഥ വസ്തുതകള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമായിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം.

പബ്ലിക്ക് വോയ്സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അഴിമതിക്കാരുടെ പട്ടിക പ്രചരിക്കുന്നത്. 2017-ലെ ലോകത്തെ ഏറ്റവും അഴിമതിക്കാരായ പ്രധാനമന്ത്രിമാരെന്നാണ് ലിസ്റ്റിന്റെ തലവാചകം. ഒറ്റനോട്ടത്തില്‍ത്തന്നെ ഈ ലിസ്റ്റ് വ്യാജമാണെന്ന് മനസ്സിലാകും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫാണ് ഒന്നാം സ്ഥാനത്ത്. വ്ളാദിമിര്‍ പുട്ടിന്‍ (റഷ്യ), ഷിന്‍സോ അബെ (ജപ്പാന്‍), ദിമിത്രി മെദ്വദേവ് (റഷ്യ), ഡേവിഡ് കാമറോണ്‍ (യു.കെ), തിയോഡോറോ ഒബിയാങ് എന്‍ഗുവേമ എംബസോഗോ (ഇക്വറ്റോറിയല്‍ ഗിനി) സിഗ്മുണ്ടര്‍ ഡേവിഡ് ഗുണ്ണലോഗ്സണ്‍ (ഐസ്ലന്‍ഡ്), കിം ജോങ് ഉന്‍ (ഉത്തരകൊറിയ) എന്നിങ്ങനെ പോകുന്നു പട്ടിക. വ്ളാദിമിര്‍ പുട്ടിന്‍ റഷ്യന്‍ പ്രസിഡന്റാണ്.

ഡേവിഡ് കാമറോണ്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി പദവി ഒഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നും പ്രധാനമന്ത്രിയല്ല. ഫോക്സ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടതെന്നാണ് ഇവരുടെ അവകാശവാദം. മോദിയുടെ സമ്പാദ്യം രണ്ടരലക്ഷം ഡോളറാണെന്നും ഇവര്‍ അവകാശപ്പെടുന്നു. ഫോക്സ് ന്യൂസ് പോയന്റ് ഡോട്ട് കോമാണ് ഈ വ്യാജ പട്ടികയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ വെബ്സൈറ്റിന് അമേരിക്കന്‍ ന്യസ് ചാനലായ ഫോക്സ് ന്യൂസുമായി യാതൊരു ബന്ധവുമില്ല. 2017-ലെ ഏറ്റവും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയും ഈ വെബ്സൈറ്റ് നേരത്തേ പുറത്തുവിട്ടിരുന്നു. അതനുസരിച്ച്‌ നരേന്ദ്ര മോദി ഏഴാം സ്ഥാനത്താണ്.

ലോകത്തെ അഴിമതിക്കാരായ കുടുംബങ്ങളുടെ പട്ടികയിലും മോദിക്ക് രണ്ടാം സ്ഥാനം കൊടുത്തുകൊണ്ട് മറ്റൊരു ലിസ്റ്റും ഇവര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ നരേന്ദ്ര മോദിയെ നരീന്ദര്‍ മോദിയെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ബിജെപിയെ ലോകത്തെ ഏറ്റവും വലിയ അഴിമതിപാര്‍ട്ടിയായി ബിബിസി കണ്ടെത്തിയെന്നൊരു വാര്‍ത്തയും ഇവർ പ്രചരിപ്പിച്ചിരുന്നു. വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ ആധികാരികമെന്ന് തോന്നിപ്പിക്കും വിധം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. മോദി വിരുദ്ധർ ഇതിനകം ഇതേറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button