Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കൈപിടിച്ച് നല്‍കേണ്ട മകളെ കുത്തിക്കൊന്നതിന് പിന്നില്‍ പകപോക്കാലോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ

മലപ്പുറം : മലപ്പുറത്തെ വിവാഹ വീട് അങ്ങനെ മരണവീടായതിന്റെ ദു:ഖത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ഒരച്ഛന്‍ എന്തിനിങ്ങനെ പൊന്നുമോളോട് ചെയ്തു എന്നതിന് കാരണമന്വേഷിക്കുമ്പോള്‍ പോലീസിന് നല്‍കാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കിഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം പൂവത്തിക്കണ്ടിയില്‍ പാലത്തിങ്ങല്‍ രാജന്റെ മകള്‍ ആതിര(22)യാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കുറ്റത്തിന് രാജനെ പൊലീസ് അറസ്റ്റ്‌ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നതിന്റെ പേരില്‍ നടന്ന ദുരഭിമാനക്കൊലയാണ് അരീക്കോട്ട് നടന്നതെന്ന് പോലീസ് പറയുന്നത്. മകളെ വിവാഹത്തിന്റെ തലേദിവസം അച്ഛന്‍ കുത്തിക്കൊന്നത് പ്രണയ വിവാഹത്തില്‍ നിന്ന് പിന്മാറാത്തതു കൊണ്ടാണെന്ന് വ്യക്തമായി. വെള്ളിയാഴ്ച രാവിലെ അരീക്കോട് പുത്തലം സാളിഗ്രാമക്ഷേത്രത്തില്‍ ആതിരയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചതായിരുന്നു. താഴ്ന്ന ജാതിക്കാരനായ യുവാവുമായി വിവാഹം നടത്തുന്ന കാര്യത്തില്‍ രാജന് കടുത്ത എതിര്‍പ്പായിരുന്നു.

കൊയിലാണ്ടി പന്തലായനി സ്വദേശിയായിരുന്നു വരന്‍. ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന ആതിര പഠനകാലത്താണ് യുവാവുമായി പ്രണയത്തിലായത്. വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടില്‍ അറിയിച്ചു. ഇരുവരും തങ്ങളുടെ വീട്ടുകാരോട് വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പ്രശ്‌നങ്ങളായി.ഇതോടെ വിഷയം അരീക്കോട് പൊലീസിന്റെ മുന്നിലെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച വിവാഹം നടത്താന്‍ തീരുമാനിച്ചത്. സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ രാജന്‍ സ്‌റ്റേഷനില്‍വെച്ച് വിവാഹത്തിനു സമ്മതിച്ചു. അപ്പോഴും വീട്ടില്‍ രാജന്‍ ബഹളം തുടര്‍ന്നു. ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ രാജന്‍ ആതിരയോട് പരുഷമായി പെരുമാറാന്‍ തുടങ്ങിയതോടെ ആതിരയും രാജന്റെ സഹോദരിയും തൊട്ടടുത്തുള്ള അയല്‍വാസിയുടെ വീട്ടില്‍ അഭയംതേടി.

രാജന്‍ കത്തിയെടുത്ത് ഇവിടെയെത്തി മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ആതിരയെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഈസമയം അയല്‍വീട്ടില്‍ വീട്ടമ്മയും രണ്ടു മക്കളും മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ബഹളംകേട്ട് ഓടിയെത്തിയവര്‍ ആതിരയെ മുക്കം കെ.എം.സി.ടി. മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണം. വിവരമറിഞ്ഞെത്തിയ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ രാജന്‍ പൊലീസ് എത്തിയപ്പോള്‍ കീഴടങ്ങി.മഞ്ചേരി മെഡിക്കല്‍ കേളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യ ആയി ജോലി ചെയ്യുന്ന ആതിര എസ്.സി വിഭാഗത്തില്‍പ്പെട്ട കൊയിലാണ്ടി സ്വദേശിയും സൈനികനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ആതിര തിയ്യ വിഭാഗത്തിലാണ്.

ഇരുവരും തമ്മിലുള്ള പ്രണയം അച്ഛന്‍ രാജന്‍ എതിര്‍ത്തതോടെ അടുത്തിടെ രജിസ്റ്റര്‍ മാരേജ് ചെയ്തിരുന്നു. തുടര്‍ന്ന് അരീക്കോട് പൊലീസ് സ്‌റ്റേഷനില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലാണ് വിവാഹം നടത്താന്‍ സമ്മതിച്ചത്.ഇന്ന് സൗത്ത് പുത്തലം സാളിഗ്രാമം അമ്പലത്തില്‍ വെച്ച് വിവാഹം ചെയ്തു നല്‍കാമെന്ന രാജന്റെ ഉറപ്പില്‍ ആതിര പൂവത്തികണ്ടിയിലുള്ള തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വിവാഹത്തിനായി ആഭരണങ്ങളും എടുത്തിരുന്നു. തന്നെ അച്ഛന്‍ ഉപദ്രവിക്കുമെന്ന് ആതിര ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും ഇതു കാര്യമാക്കിയിരുന്നില്ല. ആതിരയുടെ പ്രണയവിവാഹത്തിന് രാജന്‍ മാത്രമായിരുന്നു എതിര് നിന്നത്.ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതി രാജന്‍. പൂവത്തിക്കണ്ടിയിലെ സുനിതയാണ് ആതിരയുടെ അമ്മ. അശ്വിന്‍രാജ്, അതുല്‍രാജ് എന്നിവര്‍ സഹോദരങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button