ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. 33 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കാണു മത്സരം. തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബിജെപിയുടെ അംഗബലം എഴുപതിലേറെയാകുമെന്നു കരുതുന്നു. നിലവില്‍ സഭയില്‍ 58 സീറ്റുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. 54 അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ കരുത്തു ചോരും. എന്നാല്‍, 245 അംഗ സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കണമെങ്കില്‍ സഖ്യകക്ഷികളും രാഷ്ട്രീയ സുഹൃത്തുക്കളും ഇനിയും ഒപ്പം നില്‍ക്കേണ്ടതു ബിജെപിക്ക് ആവശ്യമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയ യുപിയില്‍ 10 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. ഇതില്‍ എട്ടു സീറ്റെങ്കിലും അവര്‍ പ്രതീക്ഷിക്കുന്നു. യുപിയില്‍ അഖിലേഷ് യാദവിന്റെ എസ്പിക്കും മായാവതിയുടെ ബിഎസ്പിക്കും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 25 വര്‍ഷത്തെ വൈര്യം മറന്ന് എസ്പിയും ബിഎസ്പിയും സഖ്യത്തിലായതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ കണ്ടേക്കാം.കര്‍ണാടകയില്‍ നാലു രാജ്യസഭാ സീറ്റുകളിലേക്ക് അഞ്ചു സ്ഥാനാര്‍ഥികളാണു രംഗത്തുള്ളത്. ഏഴു കേന്ദ്രമന്ത്രിമാരും ബിജെപി കേരളഘടകം മുന്‍ അധ്യക്ഷന്‍ വി.മുരളീധരനും (മഹാരാഷ്ട്ര) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. ഫലം ഔദ്യോഗികമായി വൈകിട്ടു പ്രഖ്യാപിക്കും.
നിലവില്‍ യുപിയില്‍ നിന്ന് ഒരു രാജ്യസഭാംഗമേ ബിജെപിക്കുള്ളൂ. ഭരണകക്ഷിയുടെ വിജയം ഉറപ്പായ എട്ടു സീറ്റു കഴിഞ്ഞ് ബാക്കിയുള്ള രണ്ടു സീറ്റിലേക്ക് എസ്പി, ബിഎസ്പി, ബിജെപി പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പു നടക്കുന്ന മൂന്നു സീറ്റുകള്‍ ബിജെപിയുടെ കരുത്തു കൂട്ടും. ഇവിടെ നിന്നു നിലവില്‍ ഒരംഗമേയുള്ളൂ. ലോക്സഭയില്‍ വന്‍ ഭൂരിപക്ഷമുള്ളപ്പോഴും രാജ്യസഭയുടെ കടമ്ബയില്‍ തട്ടി പല നിയമനിര്‍മാണങ്ങളും തടസപ്പെടുന്നതു ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. എസ്പിയുടെ സീറ്റില്‍ വിജയം ഉറപ്പാണ്.
മായാവതിയുടെ ബിഎസ്പി സ്ഥാനാര്‍ഥിയെ ജയിക്കാന്‍ എസ്പിയും മറ്റുള്ളവരും കനിയണം. വോട്ടു വിഭജിക്കുകയെന്ന ലക്ഷ്യത്തിനായാണു ബിജെപി അധികമായി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുള്ളത്. പ്രതിപക്ഷ വോട്ടു ഭിന്നിപ്പിച്ചു ഒന്‍പതാമനെക്കൂടി ജയിപ്പിക്കാനുള്ള കരുനീക്കത്തിലാണു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പൊതുതിരഞ്ഞെടുപ്പു ചൂടിലേക്കു കടക്കും മുന്‍പു രാജ്യസഭയില്‍ ഭൂരിപക്ഷം സംഘടിപ്പിക്കുന്നതിനാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, ശിവസേനയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവര്‍ ഇടഞ്ഞുനില്‍ക്കുന്നതു ബിജെപിക്ക് ക്ഷീണമാണ്. അണ്ണാ ഡിഎംകെയും ബിജെഡിയും പൂര്‍ണമായി പിന്തുണയ്ക്കുമെന്നും ഉറപ്പില്ല.
Post Your Comments